KERALAMLATEST NEWS

അഞ്ചു സിനിമകൾ, നസീറിന്റെ ആദ്യനായിക , സിനിമാകഥപോലെ കോമളത്തിന്റെ ജീവിതവും

തിരുവനന്തപുരം: നാലു വർഷത്തിനിടെ അഞ്ചു സിനിമകൾ,നിത്യഹരിത നായകൻ പ്രേംനസീറിന്റെ ആദ്യനായിക ഒരു സിനിമാകഥപോലെയാണ് വിടപറഞ്ഞ നടി നെയ്യാറ്റിൻകര കോമളമെന്ന കോമള മേനോന്റെ ജീവിതം. സിനിമയിലേക്ക് എത്തിയതുപോലെ അപ്രതീക്ഷിതമായി അഭ്രപാളിയിൽ നിന്ന് വിടപറയുകയും ചെയ്തു. അതും മനസില്ലാമനസോടെ. 1951ൽ തുടങ്ങി 1955അവസാനിച്ച ഹ്രസ്വമായ സിനിമാ ജീവിതമായിരുന്നു കോമളത്തിന്റേത്.

സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ അക്കാലത്തെ യാഥാസ്ഥിതിക സമൂഹത്തിൽ നിന്ന് ഉയർന്ന എതിർപ്പിക്കുകളെ തുടർന്നാണ് കോമളത്തിന്റെ അഭിനയജീവിതം പാതിയിൽ നിലച്ചത്. നീണ്ട ഇടവേളയ്ക്ക് ശേഷം മടങ്ങിവരവിന് ശ്രമിച്ചെങ്കിലും മാറിയ കാലത്ത് അർഹമായ പരിഗണനയും കിട്ടിയില്ല. നെയ്യാറ്റിൻകര സ്വദേശിയായ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ പങ്കജാക്ഷമേനോന്റെയും അദ്ധ്യാപികയായ കുഞ്ഞിയമ്മയുടെയും ഏഴുമക്കളിൽ അഞ്ചാമത്തെ കുട്ടിയായിരുന്നു കോമളം. അഞ്ചാംവയസിൽ അച്ഛൻ മരിച്ചു. പിന്നീട് അമ്മാവന്മാരുടെ സംരക്ഷണയിലായി.

നെയ്യാറ്റിൻകര സെന്റ് തെരേസാസ് ഇംഗ്ലീഷ് കോൺവെന്റ് സ്‌കൂളിൽ നിന്ന് പത്താംക്ലാസ് പൂർത്തിയാക്കി. സിനിമാതീയേറ്റർ മാനേജരായ സഹോദരീ ഭർത്താവ് കൈയ്യാലം കൃഷ്ണൻ നായർ വഴി ‘നല്ല തങ്ക” എന്ന സിനിമയിൽ നായികയാകാനുള്ള അവസരം തേടിയെത്തിയെങ്കിലും അഭിനയിക്കാൻ സാധിച്ചില്ല. തുടർന്ന് 1951ൽ മലയാളത്തിലെ ആദ്യത്തെ വനചിത്രമായ ‘വനമാല”യിലെ നായികയാകാനുള്ള ക്ഷണമെത്തി. എതിർപ്പുകളെല്ലാം മറികടന്ന് അഭിനയരംഗത്തേക്ക് കടന്നു.

1952ൽ ‘ആത്മശാന്തി”യിൽ നായികയുടെ അനുജത്തിയായി. മദ്രാസിൽ ആത്മശാന്തിയുടെചിത്രീകരണം പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങവെയാണ് മരുമകളിലേക്ക് അവസരം ലഭിക്കുന്നത്. തുടർന്ന് സേലത്തെ രത്ന സ്റ്റുഡിയോയിൽ എത്തിയപ്പോഴാണ് ചിത്രത്തിലെ നായകൻ അബ്ദുൾ ഖാദറിനെ കാണുന്നത്. ഒരാഴ്ചത്തെ ഷൂട്ടിംഗിന് ശേഷം കോമളം നാട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് അബ്ദുൾ ഖാദർ പ്രേം നസീറായി. മരുമകളിൽ അഭിനയിക്കുമ്പോൾ കോമളത്തിന് പ്രായം 16. നസീറിന് 22.

1954ൽ എഫ്.നാഗൂർ തമിഴിലും തെലുങ്കിലും മലയാളത്തിലുമായി ഒരുക്കിയ ‘സന്ദേഹി” എന്ന ചിത്രത്തിൽ എം.ജി.ആറിന്റെ സഹോദരൻ എം.ജി.ചക്രപാണിയുടെ നായികയായി. 1955ൽ പി.രാംദാസിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ന്യൂസ് പേപ്പർ ബോയ്” എന്ന ചിത്രത്തിലും തിളങ്ങി നിൽക്കുമ്പോഴാണ് കുടുംബത്തിലെയും സമൂഹത്തിലെയും എതിർപ്പുകൾ കാരണം 21-ാമത്തെ വയസിൽ കോമളം അഭിനയരംഗത്തോട് വിടപറഞ്ഞത്.

ഈ കഥ

ഇതുവരെ!

35-ാംവയസിലായിരുന്നു അച്ഛന്റെ അനന്തരവൻ എം.ചന്ദ്രശേഖരമേനോനുമായുള്ള വിവാഹം. പിൽകാലത്ത് സിനിമയിലേക്ക് മടങ്ങിവരാൻ ശ്രമിച്ചെങ്കിലും രണ്ടാം വരവിൽ കിട്ടിയവേഷങ്ങൾ എല്ലാം അപ്രധാനമായി. 1977ലെ ‘ആരാധന”,1985ൽ ‘ആ പെൺകുട്ടി നീ ആയിരുന്നെങ്കിൽ” തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ ഒതുങ്ങി. ഇതോടെ സിനിമാമോഹം അഭിനയിച്ചു പൂർത്തിയാകാത്ത വേഷം പോലെ പാതിയിൽ ഉപേക്ഷിച്ചു.


Source link

Related Articles

Back to top button