KERALAM

നവീൻ ബാബുവിന് നിറകണ്ണുകളോടെ അന്ത്യാഞ്ജലി; കർമ്മങ്ങൾ നിർവഹിച്ചത് പെൺമക്കൾ, മൃതദേഹം സംസ്‌കരിച്ചു

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്റെ മൃതദേഹം മലയാലപ്പുഴയിലെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു. മക്കളായ നിരുപമ, നിരഞ്ജന എന്നിവരുടെ ആവശ്യപ്രകാരം അവർ തന്നെയാണ് നവീനിന് അന്ത്യകർമങ്ങൾ ചെയ്‌തത്. സഹപ്രവർത്തകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം നിറകണ്ണുകളോടെയാണ് അന്ത്യാഞ്ജലി അർപ്പിച്ചത്.

വൻ ജനാവലിയാണ് നവീൻ ബാബുവിനെ അവസാനമായി ഒരു നോക്ക് കാണാൻ വീടിന് മുന്നിൽ കാത്തിരുന്നത്. ബന്ധുക്കൾക്കൊപ്പം സുഹൃത്തുക്കളും നാട്ടുകാരും നവീൻ ബാബുവിന്റെ വീട്ടിലേക്ക് ഒഴുകിയെത്തി. മന്ത്രി കെ രാജനും ബന്ധുക്കളും ചേർന്നാണ് മൃതദേഹം ചിതയിലേക്കെടുത്തത്.

പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്ന് രാവിലെയാണ് വിലാപയാത്രയായി കളക്ടറേറ്റിലെത്തിച്ചത്. വികാരനിർഭരമായ യാത്രയയപ്പാണ് കളക്ടറേറ്റിൽ സഹപ്രവർത്തകർ നവീൻ ബാബുവിന് അവസാനമായി നൽകിയത്.

ചൊവ്വാഴ്ച പത്തനംതിട്ട കളക്ടറേറ്റിൽ എഡിഎമ്മായി ജോലിയിൽ പ്രവേശിക്കേണ്ടിയിരുന്ന നവീൻ ബാബുവിന്റെ ഭൗതികശരീരം എത്തിച്ചതോടെ സഹപ്രവർത്തകരിൽ പലരും വിങ്ങിപ്പൊട്ടി. പത്തനംതിട്ട മുൻ ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ, മന്ത്രി വീണാ ജോർജ്, റവന്യൂ മന്ത്രി കെ രാജൻ എന്നിവരുൾപ്പെടെ നവീൻ ബാബുവിനെ അവസാനമായി കാണാനെത്തിയത് നിറകണ്ണുകളോടെയായിരുന്നു.


എൽഡി ക്ലാർക്കായി സർക്കാർ സർവീസിൽ പ്രവേശിച്ച നവീൻ ബാബു 2010ലാണ് ജൂനിയർ സൂപ്രണ്ടായത്. കാസർകോടായിരുന്നു പോസ്റ്റിംഗ്. 2022ൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടറായി. വിരമിക്കാൻ ഏഴുമാസം മാത്രം ബാക്കിയുള്ളപ്പോഴാണ് ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. സ്ഥലംമാറ്റത്തിന്റെ തലേന്ന് കണ്ണൂരിൽ നടന്ന യാത്രയയപ്പ് യോഗത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കുന്നതും ഇതിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കുന്നതും.


Source link

Related Articles

Back to top button