വിഷമഘട്ടത്തിൽ, ആരും ഒപ്പമുണ്ടാകാതെ വരുമ്പോൾ

അഴിമതിരഹിതമായ ഉദ്യോഗചരിത്രവും, ഭരണത്തിലിരിക്കുന്ന, അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ വല്ലാത്ത ഒറ്റപ്പെടലിലും നിസഹായതയിലും വീണുപോയോ?…പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സി.ജെ. ജോൺ നടത്തുന്ന വിശകലനം.
എ.ഡി.എം നവീൻബാബുവിന്റെ ദൗർഭാഗ്യകരമായ ആത്മഹത്യയെക്കുറിച്ച് ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ഒരു സൈക്കളോജിക്കൽ ഓട്ടോപ്‌സി നടത്താനുള്ള ശ്രമമാണിത്. ആത്മഹത്യകളെക്കുറിച്ചുള്ള പഠനങ്ങളിൽ പ്രയോഗിക്കുന്ന സങ്കേതമാണ് സൈക്കളോജിക്കൽ ഓട്ടോപ്‌സി. അതിൽ ഉറ്റവരെയും ഉടയവരെയും കാണണം. തൊട്ടുമുമ്പുണ്ടായ സംഭവങ്ങൾ വിശകലനം ചെയ്യണം. ഇത് മാദ്ധ്യമവാർത്തകളെ ആധാരമാക്കിയുള്ളതാണെന്ന ന്യൂനതയുണ്ട്. അതുകൊണ്ട് ഇതിൽ പറയുന്നതെല്ലാം സാദ്ധ്യതകൾ മാത്രമാണ്. പറയാവുന്നയാൾ ഇന്നില്ലല്ലോ!
ആത്മഹത്യയിലേക്ക് നയിക്കാനിടയുള്ള മനോരോഗം ഉണ്ടായിരുന്നതായി നവീൻബാബുവിനെ അറിയുന്ന ആരും പറയുന്നില്ല. മറ്റ് പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകളുമില്ല. നാട്ടിലേക്കുള്ള സ്ഥലംമാറ്റത്തിൽ സന്തോഷവാനായിരുന്നെന്നാണ് അറിയുന്നത്. പെരുമാറ്റവും അങ്ങനെ തന്നെയായിരുന്നു. അഴിമതി ആരോപണമുന്നയിച്ചുള്ള മുനവച്ച, മനസ് കലക്കുന്ന പരാമർശങ്ങളും രണ്ട് ദിവസത്തിനകം കാര്യങ്ങൾ വെളിച്ചത്താക്കുമെന്ന ഭീഷണിയും യാത്രഅയപ്പ് യോഗത്തിൽ ഉണ്ടാകുംവരെ അങ്ങനെയായിരുന്നു.
യോഗത്തിലെ മുഖഭാവത്തിൽ നിന്ന് അദ്ദേഹം ദുഃഖിതനായിരുന്നെന്ന് വ്യക്തം. ആ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചശേഷം എന്ത് സംഭവിച്ചുവെന്നറിയില്ല. കൈക്കൂലി വാങ്ങിയെന്ന ആരോപണം ശരിയല്ലെന്നാണ് ഇപ്പോൾ വാർത്തകൾ വരുന്നത്. അത് എന്തുതന്നെയായാലും ആത്മഹത്യ ചെയ്യേണ്ടതുണ്ടോയെന്ന ചോദ്യം ഉയർത്താം. ജീവിതമവസാനിപ്പിക്കാതെ, നേരിടുകയെന്നതായിരുന്നു മാതൃകാപരം.
മനസ് വിഹ്വലമാകുമ്പോൾ അത് സാധിക്കണമെന്നില്ല. ഒരു വ്യക്തിയുടെ മനസിൽ വലിയ ആഘാതമുണ്ടാക്കാനിടയുള്ള സംഭവം ഉണ്ടാകുമ്പോൾ ഒപ്പം നിൽക്കേണ്ട സാമൂഹിക പിന്തുണാസംവിധാനം ഈ സന്ദർഭത്തിൽ ജാഗ്രത പാലിച്ചോ ? ഇല്ലെന്നാണ് തോന്നുന്നത്. പ്രതികൂല സംഭവങ്ങളുണ്ടാകുമ്പോൾ ഒരാളെ ഏകാന്തയിലേക്കും വിഷാദത്തിലേക്കും തള്ളിവിടാതെ കൂടെനിൽക്കാനുള്ള നന്മ സമൂഹം മറന്നോ? ഈ നന്മയുള്ള ഒരാൾ ഒപ്പമുണ്ടായിരുന്നെങ്കിൽ ഈ ദുരന്തം ഉണ്ടാകുമായിരുന്നോ?.
ഒറ്റപ്പെട്ട് പോകുന്നവരെ തിരിച്ചറിഞ്ഞ് കൂടെനിൽക്കാൻ പറ്റിയില്ലെങ്കിൽ പ്രസ്ഥാനങ്ങളും സംഘടനകളും ഉണ്ടായിട്ടു എന്ത് കാര്യം?. ഇത്തരം പ്രതിസന്ധികൾ നേരിടുന്നവരുടെ കൂടെ നിൽക്കേണ്ടതുണ്ടെന്ന് ഇനിയെങ്കിലും സമൂഹം തിരിച്ചറിയണം.
ആത്മഹത്യാ നിരക്ക് കുത്തനെ വർദ്ധിക്കുന്ന കേരളത്തിൽ ആകുലതയിൽ പെടുന്നവരെ തിരിച്ചറിയുകയും അവരെ കേൾക്കുകയും ചെയ്യുന്ന മാനസികാരോഗ്യ പ്രഥമ ശുശ്രൂഷകൾ നൽകേണ്ട ഉത്തരവാദിത്വം എല്ലാവർക്കുമുണ്ട്.
പ്രതിസന്ധിയിൽ മനസിലെ വിഷമം ആരോടെങ്കിലും തുറന്നു പറയണം. അത് ദൗർബല്യത്തിന്റെ പ്രകടനമല്ല. മറിച്ച്, ചോർന്നുപോയ കരുത്ത് വീണ്ടെടുക്കാനുള്ള ഔഷധമാണ്. ആരെയെങ്കിലും ഇത്തരം വേളകളിൽ ഒപ്പം കൂട്ടുകയും വേണം. അത് കൊല്ലുന്ന ചിന്തകളെ തടയും.
അഴിമതിരഹിതമായ ഉദ്യോഗചരിത്രവും, ഭരണത്തിലിരിക്കുന്ന, അദ്ദേഹം വിശ്വസിച്ചിരുന്ന രാഷ്ട്രീയ പ്രസ്ഥാനവും ഒപ്പമുണ്ടാകുമെന്ന വിചാരത്തിന് ഓർക്കാപ്പുറത്തു കനത്ത പ്രഹരമേറ്റപ്പോൾ വല്ലാത്ത ഒറ്റപ്പെടലിലും നിസഹായതയിലും വീണുപോയോ?… അതുമൊരു സാദ്ധ്യതയാണ്. എന്തായാലും ആത്മഹത്യ ഇതിനൊക്കെയുള്ള പരിഹാരമാണെന്ന് ആരും ചിന്തിക്കാതിരിക്കുക.
( എറണാകുളം മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിലെ സീനിയർ സൈക്യാട്രിസ്റ്റാണ് ലേഖകൻ)
Source link