KERALAM

പൂരം കലക്കൽ ആരോപണം ; അന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു

തിരുവനന്തപുരം : തൃശൂർ പൂരം അട്ടിമറി ആരോപണം അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ കീഴിലാണ് പ്രത്യേക സംഘം. ലോക്കൽ പൊലീസിലെയും സൈബർ ഡിവിഷനിലെും വിജിലൻസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്.

തൃശൂർ റെയ്ഞ്ച് ഡി.ഐ.ജി തോംസൺ ജോസ്,​ കൊല്ലം റൂറൽ എസ്.പി സാബു മാത്യു,​ കൊച്ചി എ.സി.പി പി. രാജ്‌കുമാർ,​ വിജിലൻസ് ഡിവൈ.എസ്.പി ബിജു വി.നായർ,​ ഇൻസ്പെക്ടർമാരായ ചിത്തരഞ്ചൻ,​ ആർ. ജയകുമാർ,​ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. പൂരം കലക്കലിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിരുന്നു. ഡി.ജി.പിയുടെ ശുപാർശയിൽ ഈ മാസം മൂന്നിനാണ് ത്രിതല അന്വേഷണം സർക്കാർ പ്രഖ്യാപിച്ചിരുന്നത്. ഇക്കാര്യത്തിൽ എ.ഡി.ജി.പി എം.ആ‍ർ. അജിത് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അജിത് കുമാറിന്റെ അന്വേഷണത്തിൽ കണ്ടെത്തിയ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ അന്വേഷിക്കാനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചിരിക്കുന്നത്.

രഹസ്യ സ്വഭാവമുള്ളതിനാൽ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്ന് നേരത്തെ ആഭ്യന്തരവകുപ്പ് വ്യക്തമാക്കിയിരുന്നു. സി.പി.ഐ നേതാവ് വി.എസ്. സുനിൽകുമാറിന്റെ വിവരാവകാശ രേഖയ്ക്ക് മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ അടങ്ങുന്നതിനാൽ റിപ്പോർട്ട് നൽകാനാവില്ലെന്നും, മറുപടിയിൽ തൃപ്തനല്ലെങ്കിൽ അപ്പീൽ നൽകാമെന്നും മറുപടിയിൽ പറയുന്നു.


Source link

Related Articles

Back to top button