ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം ശക്തമായ പോരാട്ടം കണ്ട ഹരിയാന, ജമ്മുകാശ്മീര്‍ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ കഴിഞ്ഞതോടെ എല്ലാ കണ്ണുകളും മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലേക്ക്. 288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് നവംബര്‍ 26നാണ്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ ഡിസംബര്‍ 27ന് മുന്‍പും തിരഞ്ഞെടുപ്പ് നടക്കേണ്ടതുണ്ട്. ഇരു സംസ്ഥാനങ്ങളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതിനാല്‍ നവരാത്രിക്ക് ശേഷം ഏതു സമയത്തും തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചേക്കാം.
ഹരിയാന അളവുകോല്‍
മഹാരാഷ്ട്രയില്‍ മഹായുതി-മഹാവികാസ് അഘാഡി മുന്നണികള്‍ തമ്മിലും ജാര്‍ഖണ്ഡില്‍ ‘ഇന്ത്യ’ സഖ്യവും ബി.ജെ.പിയും തമ്മിലാണ് പോരാട്ടം. ഭരണവിരുദ്ധ വികാരം അതിജീവിച്ച് ബി.ജെ.പി ഹരിയാനയില്‍ ഹാട്രിക് ഭരണനേട്ടം കൈവരിച്ചത് മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് തിരഞ്ഞെടുപ്പ് പോരാട്ടത്തിലും പ്രതിഫലിച്ചേക്കും.
ഹരിയാന വിജയം ശിവസേന (ഏകനാഥ് ഷിന്‍ഡെ), എന്‍.സി.പി (അജിത് പവാര്‍) എന്നീ കക്ഷികളടങ്ങുന്ന മഹായുതി മുന്നണിയില്‍ ബി.ജെ.പിക്ക് മേല്‍ക്കൈ നല്‍കും. ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച ഫലം ലഭിക്കാതിരുന്ന മഹാരാഷ്ട്രയില്‍ കരുത്താര്‍ജ്ജിക്കാനാകും ബി.ജെ.പി ശ്രമിക്കുക. ശിവസേന, എന്‍.സി.പി പാര്‍ട്ടികളെ പിളര്‍ത്തി മഹാവികാസ് അഗാഡി സര്‍ക്കാരിനെ വീഴ്ത്തിയാണ് ബി.ജെ.പി നേതൃത്വത്തില്‍ മഹായുതി അധികാരത്തിലേറിയത്.
ജാര്‍ഖണ്ഡില്‍ ജെ.എം.എം-കോണ്‍ഗ്രസ്-ആര്‍.ജെ.ഡി മുന്നണിയാണ് അധികാരത്തിലുള്ളത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ നിയസഭാ തിരഞ്ഞെടുപ്പ് വിജയം ബി.ജെ.പിക്ക് വഴിയൊരുക്കുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ അഴിമതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും ജെ.എം.എം നേതാവുമായ ഹേമന്ത് സോറന്റെ അറസ്റ്റും അഴിമതി വിഷയങ്ങളുമാണ് ബി.ജെ.പിക്ക് ആയുധം.
ഹരിയാനയിലെ പരാജയം, കോണ്‍ഗ്രസിന് മഹാരാഷ് ട്രയില്‍ വിലപേശല്‍ ശക്തി കുറയ്ക്കും. ശിവസേനയുമായുള്ള സീറ്റ് പങ്കിടലുകളില്‍ വിട്ടുവീഴ്ചയ്ക്ക് വഴങ്ങേണ്ടി വന്നേക്കാം. ഹരിയാനയില്‍ വിജയിച്ചിരുന്നെങ്കില്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റ് വിഹിതം ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് കഴിയുമായിരുന്നു.
Source link