KERALAMLATEST NEWS

പാലക്കാടന്‍ കോട്ട കാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കര തിരിച്ചുപിടിക്കാന്‍ രമ്യ ഹരിദാസ്; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മൂന്ന് മണ്ഡലങ്ങളിലേക്കും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഷാഫി പറമ്പില്‍ ലോക്‌സഭയിലേക്ക് വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവ് വരുന്ന രാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ മത്സരിക്കും. മന്ത്രി കെ രാധാകൃഷ്ണന്‍ ആലത്തൂരില്‍ വിജയിച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന ചേലക്കരയില്‍ മുന്‍ ആലത്തൂര്‍ എംപി രമ്യ ഹരിദാസ് എന്നിവര്‍ മത്സരിക്കും. വയനാട് മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

എല്‍ഡിഎഫിലേക്ക് വന്നാല്‍ ചേലക്കരയില്‍ മുന്‍ എംഎല്‍എ യു.ആര്‍ പ്രദീപിനാണ് സാദ്ധ്യത. മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസാംഗമായിരുന്ന അദ്ദേഹം 2021ല്‍ കെ രാധാകൃഷ്ണന് മത്സരിക്കുന്നതിന് വേണ്ടി മാറി നില്‍ക്കുകയായിരുന്നു. മുന്‍ എംഎല്‍എ എന്ന നിലയില്‍ മണ്ഡലത്തില്‍ സുപരിചിതനാണ് പ്രദീപ്. അതുകൊണ്ട് തന്നെ ഇവിടെ മറ്റൊരു പേരിലേക്കും പാര്‍ട്ടിയുടെ ചര്‍ച്ചകള്‍ കടന്നില്ല. അതേസമയം പാലക്കാട് മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബീനമോളുടെ പേരാണ് പാര്‍ട്ടിയുടെ പ്രഥമ പരിഗണനയിലുള്ളത്. എന്നാല്‍ മറ്റ് പേരുകളും മണ്ഡലത്തിലേക്ക് പരിഗണിക്കുന്നുണ്ട്.

2016ലും 2021ലും സിപിഎം പാലക്കാട് മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു. മെട്രോമാന്‍ ശ്രീധരനുമായി കടുത്ത മത്സരം നേരിട്ടാണ് ഷാഫി ജയിച്ച് കയറിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫിനെ മത്സരിപ്പിക്കുന്ന കാര്യവും സിപിഎം പരിഗണിക്കുന്നുണ്ട്. വയനാട് ലോക്സഭാ മണ്ഡലത്തില്‍ സിപിഐ അവരുടെ സ്ഥാനാര്‍ത്ഥിയെ വ്യാഴാഴ്ച പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. പീരുമേട് മുന്‍ എംഎല്‍എ ഇ.എസ് ബിജിമോളുടെ പേരിനാണ് മുന്‍തൂക്കം.

എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പുരോഗമിക്കുകയാണ്. ചേലക്കരയില്‍ ടിഎന്‍ സരസുവിനെ രംഗത്തിറക്കി കടുത്ത മത്സരത്തിനാണ് എന്‍ഡിഎ ഉദ്ദേശിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം നടത്തിയതാണ് സരസുവിന് തുണയാകുന്നത്. പാലക്കാട് മണ്ഡലത്തില്‍ സി കൃഷ്ണകുമാര്‍, ശോഭ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് പരിഗണിക്കുന്നത്. ജയസാദ്ധ്യത കൂടുതലുള്ള മണ്ഡലമെന്ന നിലയില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ മത്സരിക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. ചേലക്കരയില്‍ പ്രാദേശിക നേതാവ് കെ ബാലകൃഷ്ണന്റെ പേരും എന്‍ഡിഎ പരിഗണിക്കുന്നുണ്ട്.


Source link

Related Articles

Back to top button