‘മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയും’ : പ്രയോഗത്തിൽ പരസ്യമായി മാപ്പുപറഞ്ഞ് പിവി അൻവർ എംഎൽഎ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ മോശം പരാമർശത്തിൽ മാപ്പുപറഞ്ഞ് പിവി അൻവർ എം എൽ എ. ഇന്നുരാവിലെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് മുഖ്യമന്ത്രിയുടെ അപ്പന്റെ അപ്പനായാലും മറുപടി പറയുമെന്ന വിവാദ പ്രസ്താവന അൻവർ നടത്തിയത്. പരാമർശം ബോധപൂർവമായിരുന്നില്ലെന്നും നാവുപിഴ ആയിരുന്നുവെന്നും അതിൽ മാപ്പുചോദിക്കുന്നുവെന്നും അൻവർ പറഞ്ഞു.

എന്നെ കള്ളനാക്കിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ സ്റ്റേറ്റ്‌മെന്റ്, അങ്ങനെയുള്ള സ്റ്റേറ്റ്‌മെന്റിന് മുഖ്യമന്ത്രിയല്ല, മുഖ്യമന്ത്രിയുടെ മേലുള്ള എത്രവലിയ ആളായാലും പ്രതികരിക്കും,മറുപടി പറയും എന്ന അർത്ഥത്തിലാണ് താൻ അങ്ങനെ പറഞ്ഞതെന്നും വിഷയത്തിൽ മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ കുടുംബത്തോടും മാപ്പുചോദിക്കുന്നു എന്നുമാണ് വീഡിയോ സന്ദേശത്തിൽ അൻവർ പറഞ്ഞത്.

രാവിലെ നിയമസഭയിലേക്ക് വരുമ്പോഴായിരുന്നു അൻവർ വിവാദ പ്രസ്താവന നടത്തിയത്. മുഖ്യമന്ത്രിയല്ല, മുഖ്യമന്ത്രിയുടെ അപ്പനായാലും പറയേണ്ടത് പറയും, പ്രതികരിക്കേണ്ടത് പ്രതികരിക്കും എന്നായിരുന്നു മാദ്ധ്യമപ്രർത്തകരോട് പറഞ്ഞത്. നിയമസഭയിൽ നിന്ന് ഓഫീസിലെത്തിയപ്പോൾ അവിടത്തെ ജീവനക്കാരാണ് പരമാർശം ശ്രദ്ധയിൽപ്പെടുത്തിയതെന്നും അപ്പോഴാണ് ഇത്രയും വലിയ നാക്കുപിഴ തനിക്ക് വന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ അതിൽ മാപ്പുപറയുകയായിരുന്നു എന്നുമാണ് അൻവർ വ്യക്തമാക്കുന്നത്.

എൽഡിഎഫിൽ നിന്നുള്ള പുറത്തുപോകലിനും വിവാദ ആരോപണങ്ങൾക്കും പിന്നാലെ ഇന്നുരാവിലെയാണ് കെെയിൽ ചുവന്ന തോർത്തും കഴുത്തിൽ ഡിഎംകെയുടെ ഷാളും അണിഞ്ഞാണ് അൻവർ സഭയിലെത്തിയത്. കെടി ജലീലിനൊപ്പം എത്തിയ അൻവർ ഒന്നാം നില വരെ ജലീലിനൊപ്പം തുടർന്നു.പിന്നീട് അകത്തേക്ക് പ്രവേശിച്ച് പുതിയതായി അനുവദിച്ച ഇരിപ്പിടത്തിലേക്ക് മാറി. പ്രതിപക്ഷത്തോട് ചേർന്ന് നാലാം നിരയിൽ ലീഗ് എംഎൽഎ എ കെ എം അഷ്റഫിനോട് ചേർന്നാണ് അൻവറിന്റെ ഇരിപ്പിടം. അൻവർ സഭയിലേക്ക് പ്രവേശിച്ചതിന് പിന്നാലെ മഞ്ഞളാംകുഴി അലി എഴുന്നേറ്റ് നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്തു. നജീബ് കാന്തപുരം, പി ഉബെെഗുള്ള എന്നിവരും അൻവറിന് കെെകൊടുത്തു.

അതേസമയം, പിവി അൻവർ എം എൽ എയുടെ ഫോൺ ചോർത്തൽ ആരോപണങ്ങളിൽ കോൾ ഇന്റർസെപ്ഷനിൽ ദുരുപയോഗം നടന്നിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഫോൺ കോളുകൾ എങ്ങനെ ഇന്റർസെപ്റ്റ് ചെയ്യണമെന്നോ അതിനായി ഉപയോഗിക്കുന്ന സംവിധാനങ്ങളെക്കുറിച്ചും രീതികളെക്കുറിച്ചും തനിക്ക് അറിവില്ലെന്ന് അൻവർ മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നുണ്ട്. .


Source link
Exit mobile version