‘ഇന്നലെ വരെ കോൺഗ്രസിനൊപ്പമായിരുന്നു’; പാർട്ടി വിട്ടേക്കുമെന്ന സൂചന നൽകി സരിൻ
പാലക്കാട്: കോൺഗ്രസ് വിട്ടേക്കുമെന്ന സൂചന നൽകി കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ. ഇന്നലെ വരെ കോൺഗ്രസിലാണ് പ്രവർത്തിച്ചതെന്നായിരുന്നു സരിൻ മാദ്ധ്യമങ്ങളോട് പറഞ്ഞത്. ഇന്ന് 11.45ന് വാർത്താ സമ്മേളനം നടത്തും. പറയേണ്ട കാര്യങ്ങൾ അവിടെ പറയും. ഇന്നലത്തെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ തുടർച്ചയും വ്യക്തതയും ഉണ്ടാകുമെന്നും സരിൻ പറഞ്ഞു.
പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സരിൻ പരസ്യമായി രംഗത്തെത്തിയിരുന്നു. സീറ്റ് നിഷേധിച്ചതിൽ കടുത്ത അതൃപ്തിയിലാണ് സരിൻ. താൻ പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താനുള്ള ശ്രമം തുടരുമെന്നും ഇന്നലെവരെ കോൺഗ്രസിന് ഒപ്പമായിരുന്നുവെന്നും സരിൻ വിശദീകരിച്ചു. ഇടത് സ്വതന്ത്രനാകുമോയെന്ന ചോദ്യത്തോട് സരിൻ പ്രതികരിച്ചില്ല. കോൺഗ്രസിനൊപ്പം നിൽക്കുമോ എന്ന ചോദ്യത്തിന്, ഇന്നലെ ഉറച്ച് നിൽക്കുകയായിരുന്നു, ആ ഉറപ്പിന് ഒരു മാറ്റവും വന്നിട്ടില്ലെന്നായിരുന്നു മറുപടി. കോൺഗ്രസ് വിട്ടുവന്നാൽ സരിനെ സ്വീകരിക്കാമെന്ന നിലപാടിലാണ് സിപിഎം നേതൃത്വം.
Source link