‘സരിന്റേത് എംബി രാജേഷിന്റെ വാക്കുകൾ’; സിപിഎമ്മുമായി കൂടിയാലോചന നടത്തുന്നയാളെ എങ്ങനെ സ്ഥാനാർത്ഥിയാക്കുമെന്ന് സതീശൻ

തിരുവനന്തപുരം: പി സരിൻ തന്നെക്കുറിച്ച് പറഞ്ഞത് മന്ത്രി എംബി രാജേഷ് എഴുതിക്കൊടുത്ത വാചകങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് വി‌ഡി സതീശൻ. കോൺഗ്രസിൽ സ്ഥാനാർത്ഥിയാകാൻ കഴിയില്ലെന്ന് കണ്ടപ്പോഴാണ് സരിൻ സിപിഎമ്മിനെ സമീപിച്ചത്. അവർ അതിൽ അനുകൂല നിലപാടും എടുത്തു. സിപിഎം എംഎൽഎമാരും മന്ത്രിമാരും തന്നെക്കുറിച്ച് പറഞ്ഞ അതേ കാര്യങ്ങളാണ് സരിനും ആവർത്തിക്കുന്നതെന്ന് സതീശൻ ആരോപിച്ചു.

‘ഞാൻ അഹങ്കാരിയാണ്. ധാർഷ്‌ട്യക്കാരനാണ് തുടങ്ങിയ കാര്യങ്ങൾ സിപിഎം പറയുന്നതിൽ പരാതിയില്ല. കാരണം അങ്ങനെയൊക്കെ ‘ഒരാളെക്കുറിച്ച്’ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. കടക്ക് പുറത്ത് എന്ന് പറയുന്ന ഒരാളോട് ഇതൊക്കെ പറയാൻ അവർക്ക് ആഗ്രഹമുണ്ട്. സരിൻ പറഞ്ഞതെല്ലാം സിപിഎമ്മിന്റെ വാക്കുകളാണ്. അതിനപ്പുറത്തൊന്നും കാണുന്നില്ല. കോൺഗ്രസിലെ സംവിധാനം അനുസരിച്ച് തന്നെയാണ് സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. കെപിസിസി പ്രസിഡന്റും രമേശ് ചെന്നിത്തലയും ഞാനും കൂടിച്ചേർന്നാണ് തീരുമാനം എടുത്തത്. എല്ലാ മുതിർന്ന നേതാക്കളോടും കൂടിയാലോചിച്ചു. സ്ഥാനാർത്ഥിയാകാൻ സരിന് താൽപ്പര്യമുണ്ട്. സിപിഎമ്മുമായി കൂടിയാലോചന നടത്തുന്ന ഒരാളെ ഞങ്ങൾ എങ്ങനെ സ്ഥാനാർത്ഥിയാക്കും ‘, വിഡി സതീശൻ ചോദിച്ചു.


Source link
Exit mobile version