ദിവ്യയെ കൈവിട്ട് എം വി ഗോവിന്ദൻ; പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു, പരിശോധിച്ച ശേഷം നടപടി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ദിവ്യയുടെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നു. അന്വേഷിച്ച് നടപടിയെടുക്കുമെന്നും ഗോവിന്ദൻ പറഞ്ഞു. ജില്ലാ കമ്മിറ്റി പരിശോധിച്ച ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് പത്തനംതിട്ട പാർട്ടി കമ്മിറ്റിയുടെ ആവശ്യം. കണ്ണൂരിലെയും പത്തനംതിട്ടയിലെയും കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം സംസ്ഥാന നേതൃത്വം ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പരസ്യമായ വിമർശനത്തിൽ മനംനൊന്ത് നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് പിപി ദിവ്യയുടെ മൊഴി ഇന്നെടുക്കും. നവീനിന്റെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്താൻ കണ്ണൂർ പൊലീസ് ഇന്ന് പത്തനംതിട്ടയിലെത്തും. കഴിഞ്ഞ ദിവസമാണ് നവീനിന്റെ മൃതദേഹം ജന്മനാടായ പത്തനംതിട്ടയിലെത്തിച്ചത്. പൊതുദർശനത്തിന് ശേഷം മൂന്ന് മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം.
ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ കണ്ണൂർ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൃതദേഹവുമായി പുറപ്പെട്ട ആംബുലൻസ് ഉച്ചയ്ക്ക് 12നാണ് പത്തനംതിട്ട ക്രിസ്ത്യൻ മെഡിക്കൽ സെന്ററിലെത്തിയത്. ജില്ല കളക്ടർ എസ് പ്രേംകൃഷ്ണന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങി. കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയൻ, സിപിഎം കണ്ണൂർ ജില്ല സെക്രട്ടറി എംവി ജയരാജൻ എന്നിവർ മൃതദേഹത്തെ അനുഗമിച്ചിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അന്ത്യാഞ്ജലി അർപ്പിച്ചു.
Source link