‘ഷാഫിയെ വടകരയിൽ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാൻ, കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം വിഡി സതീശൻ’

പാലക്കാട്: കോൺഗ്രസിന്റെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശനെന്ന് കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോ. പി സരിൻ. സതീശൻ പാർട്ടിയെ ഹൈജാക്ക് ചെയ്യുകയാണെന്നും പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.സതീശൻ പ്രതിപക്ഷ നേതാവായ കഥ അന്വേഷിക്കണം. സതീശന് ധിക്കാരവും ധാർഷ്ഠ്യവുമാണ്. പ്രവർത്തകരോട് ബഹുമാനമില്ലെന്നും സംഘടനാ സംവിധാനം തകരുകയാണെന്നും സരിൻ ആരോപിച്ചു.


പാർട്ടിയിൽ പരാതി പറയാൻ പോലും ഫോറമില്ല. താനാണ് എല്ലാമെന്നാണ് സതീശന്റെ വിചാരം. ബിജെപിയോട് ചായ്‌വുണ്ട്. ഷാഫിയെ വടകരയിൽ മത്സരിപ്പിച്ചത് ബിജെപിയെ സഹായിക്കാനാണെന്നും പാലക്കാട് ഉപതിരഞ്ഞെടുപ്പിന് വരുത്തിവച്ചത് സതീശന്റെ നീക്കമാണെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ വടകര പോയപ്പോൾ തന്നെ രാഹുൽ എംഎൽഎ ഓഫീസ് തുറന്നു. പതിമൂന്നിന് വോട്ടെടുപ്പ് നടന്നാൽ ചിലർക്ക് നേട്ടമുണ്ടാകും. ഉൾപ്പാർട്ടി ജനാധിപത്യത്തെ തകർക്കുകയാണെന്നും സരിൻ കൂട്ടിച്ചേർത്തു.


“സംഘത്തലവനെപ്പറ്റി പറഞ്ഞു. സംഘാംഗങ്ങളെക്കുറിച്ച് പറയാം. രാഹുൽ എന്റെ സുഹൃത്താണ്, ഒരു അനിയനെപ്പോലെയാണ് ഇപ്പോഴും കാണുന്നത്. ഒരാഴ്ച മുന്നെ എന്നെ വിളിച്ചിരുന്നു. താക്കീതെന്ന രീതിയിലാണ് സംസാരിച്ചത്. പ്രതിപക്ഷ നേതാവിനെ റോൾമോഡലാക്കിയ അദ്ദേഹം അങ്ങനെയേ സംസാരിക്കൂ. വളർന്നുവരുന്ന കുട്ടി വിഡി സതീശനാണ് അദ്ദേഹം. എല്ലാവരെയും എല്ലാ കാലത്തും കബളിപ്പിക്കാനാകില്ല.”- സരിൻ പറഞ്ഞു. കോൺഗ്രസിനുള്ളിൽ നിന്ന് തന്നെയാണ് വിമർശിക്കുന്നതെന്നും പുറത്തുപോയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link
Exit mobile version