നഴ്സിംഗ് കൗൺ. തിരഞ്ഞെടുപ്പ് വരണാധികാരിയെ നിയമിച്ചു കരട് വോട്ടർപട്ടിക ഉടൻ

തിരുവനന്തപുരം: കേരള നഴ്സിംഗ് കൗൺസിലിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പിന് വരണാധികാരിയായി നിയമവകുപ്പിലെ അണ്ടർ സെക്രട്ടറി അരുൺകുമാർ എസ്.എസിനെ സർക്കാർ നിയമിച്ചു. നിലവിലുള്ള ഭരണസമിതിയുടെ അഞ്ചുവർഷ കാലാവധി കഴിഞ്ഞയാഴ്ച പൂർത്തിയായതിനെ തുടർന്നാണിത്.

കരട് വോട്ടർപട്ടികയ്ക്കുള്ള നടപടി ഉടൻ തുടങ്ങും. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷം 2023 ഡിസംബർ 31വരെ രജിസ്റ്റർ ചെയ്തവരെ ഉൾപ്പെടുത്തിയും രജിസ്ട്രേഷൻ പുതുക്കാത്തവരെ ഒഴിവാക്കിയുമാണ് കരട് തയ്യാറാക്കുക. ഇതിന്മേലുള്ള പരാതികൾ പരിഹരിച്ചശേഷം അന്തിമപട്ടിക പ്രസിദ്ധീകരിക്കും. ഇതിനൊപ്പം തിരഞ്ഞടുപ്പ് സമയക്രമങ്ങളും നിലവിൽവരും.

വോട്ടർമാരുടെ വിലാസത്തിൽ ബാലറ്റു പേപ്പർ താപാലിലൂടെ അയച്ചുനൽകും. വോട്ടുരേഖപ്പെടുത്തി കവറിലാക്കി തിരികെ കൗൺസിലിൽ ലഭ്യമാക്കണം. ഇതിനായി നിശ്ചിത ദിവസം നൽകും. തുടർന്നാകും വോട്ടെണ്ണൽ. തിരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ ആറുമാസത്തിലേറെ സമയം വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. അതുവരെ നിലവിലെ ഭരണസമിതി തുടരും.

നിലവിലെ ഭരണസമിതി അംഗങ്ങളും ആരോഗ്യവകുപ്പും തമ്മിൽ ഏറ്റുമുട്ടൽ പതിവായതിനാൽ എത്രയുംവേഗം തിരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന നിലപാടിലാണ് സർക്കാർ. ബി.എസ്.സി നഴ്സിംഗ് കോളേജുകളിൽ കൗൺസിലംഗങ്ങൾ പരിശോധനയ്ക്ക് പോകുന്നത് വിലക്കിയതിന് പിന്നാലെ ജി.എൻ.എം നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനത്തിനുള്ള ഇന്റർവ്യൂവിൽ അംഗങ്ങൾ പങ്കെടുക്കുന്നതും ചട്ടലംഘനമാണെന്ന് ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. തർക്കങ്ങൾ തുടരുകയാണ്. അതേസമയം, കോളേജ് മാനേജ്മെന്റുകളുടെ അഴിമതി പുറത്തുവരുമെന്ന് ഭയന്നാണ് തങ്ങളെ വിലക്കുന്നതെന്നാണ് കൗൺസിൽ അംഗങ്ങളുടെ വാദം.

തിരഞ്ഞെടുക്കുന്നത്

ഒൻപതു പേരെ

വിവിധ നഴ്സിംഗ് വിഭാഗങ്ങളിൽ നിന്ന് 9 പേരെയാണ് ഭരണസമിതിയിലേക്ക് തിര‌ഞ്ഞെടുക്കുന്നത്. ഇതുകൂടാതെ കേരള ഗവ.നഴ്സസ് അസോസിയേഷന്റെ ഒരു നോമിനിയും അംഗമാകും. ഇതിൽനിന്ന് സർക്കാരാണ് പ്രസിഡന്റിനെ നിശ്ചയിക്കുന്നത്

കഴിഞ്ഞവർഷം യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) വലിയ മുന്നേറ്റം നടത്തിയിരുന്നു.എന്നാൽ സംഘടനയുമായി ബന്ധപ്പെട്ട് ഉയർന്ന കേസുകളുടെ പേരിൽ യഥാസമയം ഹാജരാകാനാകാതെ മൂന്നുപേർക്ക് അംഗത്വം നഷ്ടമായി. ഈ തിരഞ്ഞെടുപ്പിലും യു.എൻ.എ ശക്തമായി രംഗത്തുണ്ടാകുമെന്നാണ് വിവരം

4 ലക്ഷം

ഇത്രയും വോട്ടർമാർ

ഉണ്ടാകുമെന്ന് പ്രതീക്ഷ

3.60 ലക്ഷം

2019ലെ വോട്ടർമാർ

കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നഴ്സുമാർക്കാണ് വോട്ടവകാശം


Source link
Exit mobile version