നഴ്സിംഗ് കൗൺസിൽ: പ്രസിഡന്റിന്റെ ചുമതല ആരോഗ്യ ഡയറക്ടർക്ക് സർക്കാരിന്റെ അപ്രതീക്ഷിത നടപടി
തിരുവനന്തപുരം: കേരള നഴ്സിംഗ് കൗൺസിൽ പ്രസിഡന്റിന്റെ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകി സർക്കാർ ഉത്തരവ്. കൗൺസിൽ ഭരണസമിതിയും ആരോഗ്യവകുപ്പും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് സർക്കാരിന്റെ അപ്രതീക്ഷിത നടപടി.
കൗൺസിൽ ഭരണസമിതിയുടെ കാലാവധി പൂർത്തിയായതിനെ തുടർന്ന് തിരഞ്ഞെടുപ്പ് നടത്താനായി കഴിഞ്ഞ ദിവസം വരണാധികാരിയെ നിയമിച്ചിരുന്നു. തിരഞ്ഞെടുപ്പ് പൂർത്തിയാകും വരെ നിലവിലുള്ള ഭരണസമിതിക്ക് തുടരാമെന്നിരിക്കെയാണ് സർക്കാർ നടപടി. 1953ലെ നഴസസ് ആൻഡ് മിഡ്‌വൈഫ്സ് ആക്ട് സെക്ഷൻ 7 പ്രകാരമാണ് ആരോഗ്യ വകുപ്പ് ഡയറക്ടറെ എക്‌സ് ഒഫിഷ്യോ പ്രസിഡന്റായി നിയമിച്ചത്. സമീപകാലത്ത് ആദ്യമായാണ് ഇത്തരമൊരു നടപടി.
നിലവിലെ പ്രസിഡന്റ് ഇന്നലെ ഭരണസമിതി യോഗം വിളിച്ചുചേർത്തിരുന്നു. അതിന് മണിക്കൂറുകൾക്ക് മുമ്പാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ചുമതല നൽകി ഉത്തരവിറക്കിയത്.
അഞ്ചുവർഷത്തെ കാലാവധി പൂർത്തിയായതോടെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും കൗൺസിൽ യോഗം വിളിച്ചു ചേർക്കാൻ അധികാരമില്ലെന്ന നിയമോപദേശം ലഭിച്ചതോടെയാണിത്.
കൗൺസിൽ പ്രസിഡന്റും മറ്റു ഭാരവാഹികളും സി.പി.എമ്മിന്റെ വിവിധ പോഷക സംഘടനകളുടെ സംസ്ഥാന നേതൃത്വത്തിലുള്ളവരാണ്. ഇവർ പാർട്ടി കേന്ദ്രങ്ങളെ സമീപിച്ചെങ്കിലും അനുകൂല സമീപനം ഉണ്ടായില്ലെന്നാണ് വിവരം.
പരിശോധനയെ
ചൊല്ലി ഭിന്നത
ആരോഗ്യവകുപ്പും കൗൺസിൽ അംഗങ്ങളും കഴിഞ്ഞ കുറച്ചു നാളുകളായി കടുത്ത ഭിന്നതയിലാണ്. ബി.എസ്.സി നഴ്സിംഗ് കോളേജുകളിൽ കൗൺസിൽ അംഗങ്ങൾ പരിശോധനയ്ക്ക് പോകുന്നത് വിലക്കിയതിന് പിന്നാലെ ജി.എൻ.എം നഴ്സിംഗ് സ്കൂളുകളിൽ പ്രവേശനത്തിനുള്ള ഇന്റർവ്യൂവിൽ അംഗങ്ങൾ പങ്കെടുക്കുന്നതും ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തെ ആരോഗ്യവകുപ്പ് വിലക്കിയിരുന്നു. ഇതുസംബന്ധിച്ച തർക്കങ്ങൾ തുടരുന്നതിനിടെയാണ് സർക്കാർ നടപടി.
Source link