നഴ്സിംഗ് കൗൺസിൽ: നിലവിലെ പ്രസിഡന്റിന് വീണ്ടും ചുമതല, ആദ്യ ഉത്തരവ് പിൻവലിച്ചു, തീരുമാനം സി.പി.എം സമ്മർദ്ദത്തെ തുടർന്ന്

തിരുവനന്തപുരം: കേരള നഴ്സിംഗ് കൗൺസിൽ പ്രസിഡന്റിന്റെ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ ഉത്തരവ് സർക്കാർ പിൻവലിച്ചു. നിലവിലെ പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ഉഷാദേവിയുടെ പദവി പുന:സ്ഥാപിച്ചു. നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതോടെ കഴിഞ്ഞയാഴ്ചയാണ് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ചുമതല നൽകിയത്. സി.പി.എം സമ്മർദ്ദത്തെ തുടർന്നാണ് ഈ തീരുമാനം പിൻവലിച്ചതെന്നാണ് സൂചന.
നിലവിലെ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞമാസം 24ന് പൂർത്തിയായിരുന്നു. തുടർന്ന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് 1953ലെ നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ആക്ട് സെക്ഷൻ 7പ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറെ എക്‌സ് ഒഫിഷ്യോ പ്രസിഡന്റാക്കി സർക്കാർ ഉത്തരവിറക്കിയത്. കൗൺസിലിന്റെ അഞ്ചുവർഷത്തെ കാലാവധി കഴിഞ്ഞാൽ പുതിയ ഭരണസമിതി അധികാരമേൽക്കുന്നതുവരെ നിലവിലുള്ള അംഗങ്ങൾക്ക് തുടരാമെങ്കിലും പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും അധികാരമുണ്ടാകില്ലെന്നാണ് സർക്കാരിന് ലഭിച്ച നിയമോപദേശം.
എന്നാൽ, ഇതിനെതിരെ ഭരണസമിതി അംഗങ്ങളടക്കം സി.പി.എം നേതൃത്വത്തിന് പരാതി നൽകി. പാർട്ടിതല സമ്മർദ്ദം ശക്തമായതോടെയാണ് ആദ്യ തീരുമാനത്തിൽ നിന്ന് ആരോഗ്യവകുപ്പ് പിന്മാറിയത്.
പാർട്ടി നിർദ്ദേശിച്ചു,
തീരുമാനം പിൻവലിച്ചു
1.നിലവിലെ പ്രസിഡന്റിന്റെ ചുമതല മാറ്റിയ ആരോഗ്യവകുപ്പ് നടപടിക്കെതിരെ സി.പി.എം ഉന്നതർക്ക് പരാതിയെത്തി
2.തീരുമാനം പുന:പരിശോധിക്കണമെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസിന് പാർട്ടി നിർദ്ദേശം നൽകി. തുടർന്ന് ലാ സെക്രട്ടറിയോട് നിയമോപദേശം തേടി
3.പുതിയ ഭരണസമിതിയെ തിരഞ്ഞെടുക്കുന്നതുവരെ പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമടക്കം ചുമതല വഹിക്കുന്നതിൽ തെറ്റില്ലെന്ന് ലാ സെക്രട്ടറി അറിയിച്ചതോടെ പുതിയ ഉത്തരവിറക്കി
ഒരു വകുപ്പിൽ നിന്ന്
രണ്ട് നിയമോപദേശം
നിലവിലെ പ്രസിഡന്റിന്റെ ചുമതലമാറ്രി പകരം ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകാമെന്ന് ആദ്യം നിയമോപദേശം നൽകിയത് നിയമവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി. എന്നാൽ, ഇതിന് വിരുദ്ധമായ ഉപദേശമാണ് ലാ സെക്രട്ടറി രണ്ടാമത് നൽകിയത്. നിയമപ്രകാരം ആദ്യ നിർദ്ദേശം പിൻവലിക്കേണ്ടതില്ലെന്ന നിലപാട് ആരോഗ്യവകുപ്പ് അഡി. ചീഫ് സെക്രട്ടറി സ്വീകരിച്ചെങ്കിലും സമ്മർദ്ദം ശക്തമായതോടെ പുതിയ ഉത്തരവിറക്കിയെന്നാണ് വിവരം.
Source link