നഴ്സിംഗ് കൗൺസിൽ പ്രസിഡന്റിന് വീണ്ടും ചുമതല നൽകിയതിന് സ്റ്റേ

ഇന്നത്തെ കൗൺസിൽ യോഗം മാറ്റി

തിരുവനന്തപുരം: കേരള നഴ്സിംഗ് കൗൺസിൽ പ്രസിഡന്റിന്റെ ചുമതല ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നൽകിയ ഉത്തരവ് സർക്കാർ പിൻവലിച്ചത് ഹൈക്കോടതി സ്റ്റേ ചെയ്തു. നിലവിലെ പ്രസിഡന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായ പി.ഉഷാദേവിയുടെ പദവി പുനഃസ്ഥാപിച്ചതാണ് വെള്ളിയാഴ്ച വരെ സ്റ്റേ ചെയ്തത്.

ആക്ട് അനുസരിച്ച് സർക്കാർ സ്വീകരിച്ച ആദ്യ നടപടി രാഷ്ട്രീയ സമ്മർദ്ദത്തിൽ പിൻവലിച്ചെന്ന് കാട്ടി യുണൈറ്റഡ‌് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) നൽകിയ ഹർജിയിലാണ് സ്റ്റേ ഉത്തരവ്. വെള്ളിയാഴ്ച സർക്കാരിന്റെ വാദം കേൾക്കുന്നത് വരെ നിലവിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും യോഗം വിളിക്കാനോ തീരുമാനങ്ങളെയുക്കാനോ പാടില്ലെന്നും ഉത്തരവിലുണ്ട്. ഇതോടെ ഇന്നത്തെ കൗൺസിൽ യോഗം മാറ്റിവച്ചു. കൗൺസിൽ ഭരണസമിതിയും ആരോഗ്യവകുപ്പും തമ്മിലുള്ള തർക്കമാണ് കോടതിയിലെത്തിയത്. തീരുമാനം പിൻവലിച്ച സാഹചര്യം സർക്കാർ കോടതിയെ ബോധിപ്പിക്കേണ്ടി വരും.

ഭരണസമിതിയുടെ കാലാവധി കഴിഞ്ഞ 24ന് പൂർത്തിയായിരുന്നു. തുടർന്ന് നിയമോപദേശ പ്രകാരമാണ് 1953ലെ നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ആക്ട് സെക്‌ഷൻ 7പ്രകാരം ആരോഗ്യവകുപ്പ് ഡയറക്ടറെ എക്‌സ് ഒഫിഷ്യോ പ്രസിഡന്റാക്കി സർക്കാർ ഉത്തരവിറക്കിയത്. ഇതിനെതിരെ ഭരണസമിതി അംഗങ്ങളടക്കം സി.പി.എം നേതൃത്വത്തിന് പരാതി നൽകി. പാർട്ടി സമ്മർദ്ദം മൂലമാണ് തീരുമാനം പിൻവലിച്ചത്.

സ്റ്റേ തുടർന്നാൽ കോളേജുകളിലെ പ്രവേശനം ഉൾപ്പടെ പ്രതിസന്ധിയിലാകുമെന്ന് അംഗങ്ങൾ പറയുന്നു. കൗൺസിൽ പ്രസിഡന്റ് രാജിവച്ച് ഭരണപ്രതിസന്ധി ഉണ്ടാകുമ്പോഴേ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് ചുമതല നൽകാവൂ എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.


Source link
Exit mobile version