ശബരിമല: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്നലെ തുറന്നു. വൈകിട്ട് 5ന് തന്ത്രി കണ്ഠരര് രാജീവരുടെയും മകൻ ബ്രഹ്മദത്തന്റെയും സാന്നിദ്ധ്യത്തിൽ മേൽശാന്തി വി.എൻ.മഹേഷ് നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിച്ചു. തുടർന്ന് മേൽശാന്തി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്തെ ഹോമകുണ്ഡത്തിൽ അഗ്‌നിതെളിച്ചു. ഇന്നലെ പ്രത്യേക പൂജകൾ ഇല്ലായിരുന്നു. വൃശ്ചികം ഒന്നുമുതൽ അടുത്ത ഒരുവർഷത്തേക്കുള്ള സന്നിധാനം, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. ശബരിമല മേൽശാന്തി പട്ടികയിലെ 25 പേരിൽ ഒരാളെ യോഗ്യതയില്ലെന്ന പരാതിയെ തുടർന്ന് കോടതി ഇന്നലെ ഒഴിവാക്കി. തിരുവനന്തപുരം വട്ടിയൂർക്കാവ് സ്വദേശി യോഗേഷ് നമ്പൂതിരിയാണ് ഒഴിവാക്കപ്പെട്ടത്. മാളികപ്പുറം മേൽശാന്തി പട്ടികയിൽ 15 പേരുണ്ട്. നറുക്കെടുപ്പ് ഇന്ന് രാവിലെ 7.30ന് ഉഷഃപൂജയ്ക്കുശേഷം നടക്കും. പന്തളം കൊട്ടാരത്തിലെ കുട്ടികളായ ഋഷികേശ് വർമ്മയും വൈഷ്ണവിയുമാണ് നറുക്കെടുക്കുന്നത്. ഇരുവരും ഇന്നലെ കെട്ടുമുറുക്കി ബന്ധുക്കൾക്കൊപ്പം പന്തളത്തുനിന്ന് പുറപ്പെട്ടു.
ഹൈക്കോടതി നിരീക്ഷകൻ റിട്ട. ജസ്റ്റിസ് രാമചന്ദ്രന്റെ മേൽനോട്ടത്തിൽ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് അംഗങ്ങളായ അഡ്വ. എ.അജികുമാർ, ജി.സുന്ദരേശൻ, സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണൻ, ദേവസ്വം കമ്മിഷണർ സി.വി.പ്രകാശ്, സെക്രട്ടറി എസ്.ബിന്ദു, ശബരിമല എക്സിക്യുട്ടീവ് ഓഫീസർ മുരാരി ബാബു, ദേവസ്വം വിജിലൻസ് എസ്.പി വി.സുനിൽകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് നറുക്കെടുപ്പ്. തുലാമാസ പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. ചിത്തിര ആട്ട വിശേഷത്തിനായി 30ന് വൈകിട്ട് 5ന് നടതുറക്കും. 31നാണ് ആട്ട ചിത്തിര.
Source link