റദ്ദാക്കിയ ദീർഘകാല വൈദ്യുതി കരാർ പുന:സ്ഥാപിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ റദ്ദാക്കിയതിനെ തുടർന്ന് കഴിഞ്ഞ വർഷം മേയ് മുതൽ കെ.എസ്.ഇ.ബിക്ക് നഷ്ടപ്പെട്ട 465 മെഗാവാട്ടിന്റെ ദീർഘകാല വൈദ്യുതി കരാർ പുന:സ്ഥാപിച്ചേക്കും. കെ.എസ്.ഇ.ബി നൽകിയ ഹർജിയിൽ സുപ്രീംകോടതി കേന്ദ്ര റെഗുലേറ്ററി കമ്മിഷനോട് പ്രശ്നത്തിൽ ഇടപെടാൻ നിർദ്ദേശിച്ചതോടെയാണിത്. കരാർ റദ്ദായതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടായി. ജനങ്ങൾക്ക് നിരക്ക് വർദ്ധനയുടെ അധികബാദ്ധ്യതയും വന്നു. ഇത് കണക്കിലെടുത്താണ് കോടതി നിർദ്ദേശം.
കരാർ റദ്ദാക്കിയതോടെ പകൽ 700 മെഗാവാട്ടിന്റേയും രാത്രി 1000 മെഗാവാട്ടിന്റേയും വൈദ്യുതി കമ്മിയാണ് നേരിടുന്നത്. രണ്ടുതവണ ലോഡ് ഷെഡിംഗും ഏർപ്പെടുത്തേണ്ടിവന്നു. പുറമെനിന്ന് അധിക നിരക്കിൽ വൈദ്യുതി വാങ്ങിയ വകയിൽ അന്നുമുതൽ യൂണിറ്റിന് 19 പൈസ വീതം സർചാർജും ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നു. ബദൽ കരാറുകൾക്ക് കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
കരാറുകൾ, റദ്ദാക്കപ്പെട്ട വഴി
ജാബുവ പവർ (115,100 മെഗാവാട്ട് വീതം 2 കരാറുകൾ), ജിൻഡൽ പവർ (150 മെഗാവാട്ട്), ജിൻഡൽ ഇന്ത്യ തെർമൽ പവർ (100 മെഗാവാട്ട്) കമ്പനികളിൽ നിന്ന് 2016 മുതൽ 25 വർഷത്തേക്ക് വൈദ്യുതി വാങ്ങാനായിരുന്നു കെ.എസ്.ഇ.ബിയുടെ കരാർ. 2023വരെ വാങ്ങി
പരാതി ലഭിച്ചതിനെ തുടർന്ന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നടത്തിയ അന്വേഷണത്തിൽ കരാറുകളുടെ നടപടിക്രമം കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ ടെൻഡർ മാനദണ്ഡങ്ങൾ ലംഘിച്ചുള്ളതാണെന്ന് കണ്ടെത്തി. തുടർന്ന് കരാറുകൾ റദ്ദാക്കി
മന്ത്രിസഭയുടെ ആവശ്യപ്രകാരം വിഷയം വീണ്ടും പരിഗണിച്ച കമ്മിഷൻ കഴിഞ്ഞ ഡിസംബറിൽ കരാർ പുനഃസ്ഥാപിച്ച് ഉത്തരവിറക്കി. എന്നാൽ, കമ്പനികൾ വഴങ്ങിയില്ല. അവർ
അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ച് ഉത്തരവ് റദ്ദാക്കിച്ചു
ഇതിനെതിരെ കെ.എസ്.ഇ.ബി സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് കേന്ദ്ര റെഗുലേറ്ററി കമ്മിഷനോട് പ്രശ്നത്തിൽ ഇടപെടാൻ നിർദ്ദേശിച്ചത്
Source link