നേരത്തേ വോട്ടെടുപ്പിന് മികച്ച പ്രതികരണം
വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് പി.ടി. ചാക്കോ നവംബര്‍ അഞ്ചാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ദിനമെങ്കിലും മിക്ക സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് ആരംഭിച്ചു. നേരത്തേ വോട്ടു ചെയ്യാനുള്ള അവകാശം അമേരിക്കന്‍ തെരഞ്ഞെടുപ്പിലെ സവിശേഷതയാണ്. 50 സംസ്ഥാനങ്ങളില്‍ മിക്കയിടത്തും ഇതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി ആളുകളെക്കൊണ്ട് വോട്ട് ചെയ്യിക്കുക, നവംബർ അഞ്ചിലെ തിരക്ക് ഒഴിവാക്കുക എന്നിവയാണ് ലക്ഷ്യം. ആളുകള്‍ക്ക് നേരിട്ടോ ഇ-മെയിലിലോ വോട്ടു ചെയ്യാം. ബാലറ്റ് പേപ്പര്‍ വോട്ടുപെട്ടിയില്‍ നിക്ഷേപിക്കാനും സൗകര്യമുണ്ട്. മുന്‍കൂര്‍ വോട്ടിന് നല്ല പ്രതികരണമാണ്. ചാഞ്ചാടുന്ന സംസ്ഥാനം എന്നറിയപ്പെടുന്ന ജോര്‍ജിയയില്‍ മൂന്നേകാല്‍ ലക്ഷം പേര് ഇതിനോടകം വോട്ടു ചെയ്തു. 2020ലേതിനേക്കാള്‍ ഇരട്ടി. 1992നുശേഷം ആദ്യമായി ഡെമോക്രാറ്റുകള്‍ ഈ സംസ്ഥാനം അന്നു പിടിച്ചെടുത്തു. അത് ഇത്തവണ ആവര്‍ത്തിക്കുമോയെന്ന് ഉറപ്പില്ല. വിവിധ സര്‍വേകളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപും ജോര്‍ജിയയില്‍ ഒപ്പത്തിനൊപ്പമാണ്. ചാഞ്ചാടുന്ന മറ്റു സംസ്ഥാനങ്ങളിലും ഇതാണ് സ്ഥിതി. പ്രോജക്ട് 538 എന്ന പ്രമുഖ സര്‍വേ ഏജന്‍സി നാലിടത്ത് കമലയും രണ്ടിടത്ത് ട്രംപും നേരിയ വോട്ടിന് ലീഡ് ചെയ്യുന്നതായി കണ്ടെത്തി. അവരുടെ സൈറ്റിലുള്ള 10 സര്‍വേകളില്‍ ആറെണ്ണത്തില്‍ ട്രംപിനാണ് ദേശീയതലത്തില്‍ മുന്‍തൂക്കം. കമലയ്ക്ക് രണ്ടെണ്ണത്തില്‍ ലീഡ്. രണ്ടെണ്ണം തുല്യം.
കമലയ്ക്ക് നേരത്തേയുണ്ടായിരുന്ന ലീഡ് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കുറഞ്ഞുവരുന്നതായാണ് സൂചനകള്‍. 13.5 ശതമാനം വരുന്ന കറുത്ത വംശജരുടെയും 19 ശതമാനം വരുന്ന മെക്സിക്കക്കാര് ഉള്‍പ്പെടുന്ന ഹിസ്പാനിക്കരുടെയും ഏതാണ്ട് പൂര്‍ണ പിന്തുണയാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നട്ടെല്ല്. ഇത്തവണ അതില്‍ നേരിയ വിള്ളല്‍ വീഴുന്നുണ്ടെന്ന് സംശയിക്കുന്നു. ഏറ്റവും ജനസ്വാധീനമുള്ള മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ തന്നെ നേരിട്ടിറങ്ങി കറുത്ത വര്‍ഗക്കാരോട് കമലയെ പിന്തുണയ്ക്കാന്‍ ആഹ്വാനം ചെയ്തു. കോവിഡ് പിടിച്ച് കറുത്തവര്‍ഗക്കാര്‍ മരിച്ചുകൊണ്ടിരുന്നപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പുടിന് കോവിഡ് പരിശോധനാ കിറ്റ് ട്രംപ് അയച്ചുകൊടുത്തു എന്നുവരെ കമല ആരോപണം ഉയര്‍ത്തിയിരിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രചാരണ ആയുധമായ ഫോക്സ് ന്യൂസിനു അഭിമുഖം നല്കാന് കമല തയാറാകുകയും ചെയ്തു. യുഎസ് ഹൗസിലേക്കുള്ള 435 അംഗങ്ങള്‍, സെനറ്റിലേക്കുള്ള 100 അംഗങ്ങള്‍ എന്നിവരെയും നവംബര്‍ അഞ്ചിനാണ് തെരഞ്ഞെടുക്കുന്നത്. ഇവ രണ്ടിലും ഭൂരിപക്ഷം കിട്ടായാല്‍ മാത്രമേ പ്രസിഡന്റിനു ഭരണം സുഗമമാകുകയുള്ളു. അതോടൊപ്പം ചില സുപ്രധാന വിഷയങ്ങളില്‍ ഹിതപരിശോധനയുമുണ്ട്. 10 സംസ്ഥാനങ്ങളില്‍ ഗര്‍ഭച്ഛിദ്ര നിയമം സംബന്ധിച്ചു നടക്കുന്ന ഹിതപരിശോധന പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാം. അമേരിക്ക കണ്ട ഏറ്റവും കടുത്ത മത്സരമായി ഈ തെരഞ്ഞെടുപ്പ് മാറാനുള്ള സാധ്യതകളാണ് തെളിയുന്നത്.
Source link