ഷെംഗ്ജിൻ: കടലിൽനിന്നു പിടികൂടിയ 16 അഭയാർഥികളുമായി ഇറ്റാലിയൻ കപ്പൽ അൽബേനിയൻ തുറമുഖമായ ഷെംഗ്ജിനിലെത്തി. ലാംപെദുസ തുറമുഖത്തുനിന്ന് തിങ്കളാഴ്ചയാണ് പത്തു ബംഗ്ലാദേശുകാരും ആറ് ഈജിപ്റ്റുകാരുമായി കപ്പൽ പുറപ്പെട്ടത്. ലിബിയയിൽനിന്ന് ഇറ്റലിയിലേക്കു കടക്കാൻ ശ്രമിച്ചവരെയാണ് പിടികൂടിയത്. അഭയാർഥികളെ പാർപ്പിക്കാനായി കഴിഞ്ഞയാഴ്ച അൽബേനിയയിൽ രണ്ടു കേന്ദ്രങ്ങൾ ഇറ്റലി തുറന്നിരുന്നു. യുവാക്കളെ മാത്രമാണ് ഈ കേന്ദ്രങ്ങളിൽ പാർപ്പിക്കുക. സ്ത്രീകൾ, കുട്ടികൾ, വയോധികർ, രോഗബാധിതർ, ഇരകളാക്കപ്പെട്ടവർ എന്നിവരെ ഇറ്റലിയിൽത്തന്നെ പാർപ്പിക്കും.
ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയും അൽബേനിയൻ പ്രധാനമന്ത്രി ഇദി റമയും കഴിഞ്ഞ നവംബറിലാണ് അഞ്ചു വർഷ കരാറിൽ ഒപ്പുവച്ചത്. അഭയാർഥികളെ താമസിപ്പിക്കാനുള്ള കേന്ദ്രങ്ങളുടെ നടത്തിപ്പ് ഇറ്റലിക്കാണ്. അൽബേനിയ സുരക്ഷയൊരുക്കും. ഈ വർഷം ഒക്ടോബർ 15 വരെ കടൽമാർഗം 54,129 പേരാണ് ഇറ്റലിയിലെത്തിയത്. കഴിഞ്ഞവർഷം ഇതേ കാലയളവിൽ 1,38, 947 പേർ എത്തിയിരുന്നു.
Source link