തീപ്പൊള്ളലേറ്റയാൾക്ക് യഥാസമയം ചികിത്സ നൽകിയില്ല : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: തീപ്പൊള്ളലേറ്റ് ആംബുലൻസിൽ മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രോഗിയെ വരാന്തയിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റാൻ ട്രോളിയും ജീവനക്കാരും സമയത്തെത്തിയില്ലെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു.മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ പരാതി പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.
ശരീരമാകെ ഗുരുതരമായി പൊള്ളലേറ്റ് അരമണിക്കൂറോളം ആശുപത്രി വരാന്തയിൽ ഇരിക്കുകയും വേദന സഹിക്കാൻ കഴിയാതെ നിലവിളിക്കുകയും ചെയ്ത രോഗിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നതായി പരാതിയിൽ പറയുന്നു. കരകുളം സ്വദേശി ബൈജുവിനാണ് (48) യഥാസമയം ചികിത്സ നൽകാത്തതെന്നും പരാതിയിൽ പറയുന്നു.ചൊവ്വാഴ്ച രാത്രി 7 ന് പൂജപ്പുര മഹിളാമന്ദിരത്തിന് മുമ്പിലാണ് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിക്കാൻ ബൈജു ശ്രമിച്ചതെന്ന് പോലീസ് പറയുന്നു.പൊതുപ്രവർത്തകരായ ജി.എസ് ശ്രീകുമാറും, ജോസ് വൈ.ദാസും സമർപ്പിച്ച പരാതിയിലാണ് നടപടി.
ഇന്നലെ രാത്രി 7ഓടെയാണ് കരകുളം കാച്ചാണി ചരിവിളാകത്ത് വീട്ടിൽ ബൈജു പൂജപ്പുര മഹിളാ മന്ദിരത്തിന് മുന്നിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബൈജുവിന്റെ ഭാര്യ സൗമ്യ ആറുമാസമായി ഇയാളുമായി പിണങ്ങി മഹിളാമന്ദിരത്തിലാണ് താമസിക്കുന്നത്. സൗമ്യ സ്വകാര്യസ്ഥാപനത്തിൽ ജോലിക്കുപോയ സമയത്ത് ബൈജു മക്കളോടൊപ്പം എത്തിയപ്പോൾ ഇവരെ കാണാത്തതാണ് പ്രകോപനത്തിന് കാരണമായത്. തുടർന്ന് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളിപ്പടർന്ന് ഇയാൾ റോഡിലേക്കോടി. ചെങ്കൽച്ചൂള ഫയർഫോഴ്സെത്തിയ തീയണച്ചു.തുടർന്ന് പൂജപ്പുര പൊലീസ് ഇയാളെ സ്വകാര്യ ആംബുലൻസിൽ കയറ്റിവിടുകയായിരുന്നു.
Source link