സഹകരണത്തിനു തടസം ഭീകരവാദം: എസ്. ജയശങ്കർ
ഇസ്ലാമാബാദ്: അതിർത്തിക്ക് അപ്പുറത്തുനിന്നുള്ള പ്രവർത്തനങ്ങൾ തീവ്രവാദം, വിഘടനവാദം തുടങ്ങിയ സ്വഭാവത്തിലുള്ളതാണെങ്കിൽ അവ രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരത്തെയും ഊർജ്ജവിതരണത്തെയും ഗതാഗതസംവിധാനങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നു വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. വ്യാപാര, ഗതാഗത സംരംഭങ്ങൾ രാജ്യങ്ങളുടെ അഖണ്ഡതയും സ്വയംഭരണവും അംഗീകരിച്ചുകൊണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനിലെ ഇസ്ലാമാബാദിൽ ഷാങ്ഹായി കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു വിദേശകാര്യമന്ത്രി. പരസ്പരവിശ്വാസമില്ലാത്ത അന്തരീക്ഷത്തിൽ സത്യസന്ധമായ രീതിയിൽ ആശയവിനിമയം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.
കിഴക്കൻ ലഡാക്കിൽ ചൈനീസ് സൈന്യവും ഇന്ത്യൻ സൈന്യവും തമ്മിലുള്ള സംഘർഷവും അതിർത്തിക്കപ്പുറത്ത് പാക്കിസ്ഥാൻ ഭീകരർക്കു പ്രോത്സാഹനം നൽകുന്നതും പരാമർശിച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അധ്യക്ഷതയില്‍ ജിന്ന കൺവൻഷന്റെ സെന്ററിൽ നടന്ന ഉച്ചകോടിയിൽ ചൈനീസ് പ്രധാനമന്ത്രി ലി കെച്യാംഗ് ഉൾപ്പെടെ എസ്സിഒ നേതാക്കൾ പങ്കെടുത്തു. വിദേശകാര്യമന്ത്രി എസ്. ജയശങ്കറെ വീണ്ടും ഹസ്തദാനം ചെയ്താണു പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്വീകരിച്ചത്. ചൊവ്വാഴ്ച രാത്രി നടന്ന അത്താഴവിരുന്നിലും ഇരുവരും ഹസ്തദാനം ചെയ്യുകയും സൗഹൃദം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
Source link