KERALAM

തുടക്കത്തിൽ നിശബ്ദൻ, പിന്നാലെ പൊട്ടിത്തെറിച്ച് രാഹുൽ: ഹരിയാനയിലെ തോൽവിക്ക് കാരണം നേതാക്കൾ

ന്യൂഡൽഹി: ഹരിയാന തിരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചുള്ള അവലോകന യോഗത്തിൽ രോഷാകുലനായി രാഹുൽ ഗാന്ധി. ഹരിയാനയിലെ കോൺഗ്രസ് നേതാക്കൾ സ്വാർത്ഥരാണെന്നും അവർ പാർട്ടിക്ക് നഷ്‌ടമുണ്ടാക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയതായാണ് വിവരം. പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേ‌ർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ. അജയ് മാക്കൻ, അശോക് ഗെഹ്‌ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാൽ തുടങ്ങിയ നേതാക്കളും യോഗത്തിൽ പങ്കെടുത്തു.

യോഗത്തിൽ നിശബ്‌ദനായിരുന്ന രാഹുൽ സംസാരിക്കാനുള്ള തന്റെ ഊഴമെത്തിയപ്പോൾ രണ്ട് ശക്തമായ ആശയങ്ങൾ ഉന്നയിച്ചുവെന്നാണ് റിപ്പോർട്ട്. ഒന്ന് ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) ക്രമക്കേട് ഉണ്ടായെങ്കിൽ അത് അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകണം എന്നായിരുന്നു. രണ്ടാമത്തെ കാര്യം പറഞ്ഞത് യോഗത്തിൽ വലിയ നിശബ്‌ദത ഉണ്ടാക്കി. ‘ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഇത്. പാർട്ടിയെക്കാൾ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കൾക്ക് താൽപ്പര്യം’ എന്നതായിരുന്നു രണ്ടാമത്തെ കാര്യം എന്നാണ് വിവരം. പല നേതാക്കളും ഇതിന് മറുപടിയായി ഇവിഎമ്മുകളെ കുറ്റപ്പെടുത്തുകയാണ് ചെയ്‌തത്. തുടർന്ന്, നേതാക്കൾ പാർട്ടിയെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നുപറഞ്ഞ രാഹുൽ ഗാന്ധി യോഗത്തിൽ നിന്നും എഴുന്നേറ്റ് പോയി എന്നും റിപ്പോർട്ടിൽ പറയുന്നു.

ഹരിയാന തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം വിലയിരുത്താൻ പാർട്ടി കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ ആഭ്യന്തര കലഹം ഉണ്ടാകുന്നത് ഇതാദ്യമല്ല. മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവയും സമീപകാല ഉദാഹരണങ്ങളാണ്.

TAGS:
NEWS 360,
NATIONAL,
NATIONAL NEWS,
HARIYANA,
RAHUL GANDHI,
CONGRESS,
ELECTION


Source link

Related Articles

Back to top button