ദുബായ്: ഐസിസി 2024 വനിതാ ട്വന്റി-20 ക്രിക്കറ്റ് കിരീടത്തിനുള്ള ഫൈനൽ പോരാട്ടത്തിനെത്തുന്ന ആദ്യ ടീമിനെ ഇന്നറിയാം. ഇന്നു നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാന്പ്യന്മാരായ ഓസ്ട്രേലിയ ദക്ഷിണാഫ്രിക്കയെ നേരിടും. ഇന്ത്യൻ സമയം രാത്രി 7.30നാണ് മത്സരം. 2023 ലോകകപ്പ് ഫൈനലിന്റെ തനിയാവർത്തനമാണ് ഇന്നത്തേത്. കഴിഞ്ഞ ഫൈനലിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയായിരുന്നു ഓസ്ട്രേലിയൻ വനിതകൾ ചാന്പ്യൻപട്ടം കരസ്ഥമാക്കിയത്. 2023 ഫൈനലിലെ തോൽവിക്കു പ്രതികാരം ചെയ്യാനാണ് ദക്ഷിണാഫ്രിക്കൻ ശ്രമം. ഏഴാം ലോകകപ്പ് നേട്ടമാണ് ഓസീസിന്റെ ലക്ഷ്യം. ഗ്രൂപ്പ് എ ചാന്പ്യന്മാരായാണ് ഓസ്ട്രേലിയ സെമിയിൽ എത്തിയിരിക്കുന്നത്. ഗ്രൂപ്പ് ബി രണ്ടാം സ്ഥാനക്കാരാണ് ദക്ഷിണാഫ്രിക്ക.
ഗ്രൂപ്പ് എ രണ്ടാം സ്ഥാനക്കാരായ ന്യൂസിലൻഡും ഗ്രൂപ്പ് ബി ഒന്നാം സ്ഥാനക്കാരായ വെസ്റ്റ് ഇൻഡീസും തമ്മിലാണ് രണ്ടാം സെമി ഫൈനൽ പോരാട്ടം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തിൽ ഇംഗ്ലണ്ടിനെ ആറു വിക്കറ്റിനു കീഴടക്കിയാണ് വെസ്റ്റ് ഇൻഡീസ് സെമിയിലേക്കു മുന്നേറിയത്. ഇംഗ്ലണ്ട് അതോടെ സെമി ഫൈനൽ കാണാതെ പുറത്തായി. ഗ്രൂപ്പ് ബിയിൽ വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് ടീമുകൾക്ക് ആറു പോയിന്റ് വീതമാണ്. നെറ്റ് റൺ റേറ്റ് അടിസ്ഥാനത്തിൽ വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും ആദ്യരണ്ടു സ്ഥാനത്തു ഫിനിഷ് ചെയ്ത് സെമി ടിക്കറ്റ് കരസ്ഥമാക്കി.
Source link