സരിൻ പാലക്കാട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി ആകുമോ, മറുപടിയുമായി സി പി എം

പാലക്കാട് : പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യു.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി പി. സരിൻ രംഗത്തെത്തിയിരുന്നു. നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ച് വാർത്താസമ്മേളനം നടത്തിയ സരിനെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്ന സൂചനയും കോൺഗ്രസ് നേതാക്കൾ നൽകി. സരിൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന് റിപ്പോർട്ടുകളും പുറത്തുവന്നു. ഇക്കാര്യം സി,പി.എം നേതാക്കളും തള്ളിക്കളയുന്നില്ല. ഉപതിരഞ്ഞെടുപ്പിൽ ജയിക്കാൻ പറ്റുന്ന എല്ലാ സാദ്ധ്യതകളെയും എൽ.ഡി.എഫ് ഉപയോഗിക്കുമെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ വ്യക്തമാക്കി.
അതൃപ്തിയുള്ള കോൺഗ്രസുകാർക്ക് കൂടി താത്പര്യമുള്ളയാളാകുമോ സ്ഥാനാർത്ഥിയെന്ന ചോദ്യത്തിന് ജനങ്ങൾക്ക് മൊത്തത്തിൽ നല്ല സ്വീകാര്യതയുള്ള ആളായിരിക്കും സി.പി.എം സ്ഥാനാർത്ഥി. കോൺഗ്രസ് ഉള്ളറകളുടെ കാവൽക്കാരനാണ് സരിനെന്നും ബാലൻ പറഞ്ഞു.
സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും സരിന് അനുകൂലമായ പ്രതികരണമാണ് നടത്തിയത്. കോൺഗ്രസിൽ പൊട്ടിത്തെറി എന്ന വാർത്തകൾ കാണുന്നുണ്ട്. അതിനപ്പുറം പാർട്ടി എന്ന നിലയിൽ സി.പി.എമ്മിന് മുന്നിലില്ല. അക്കാര്യത്തിൽ കാത്തിരുന്ന് കാണാം. പി.സരിനുമായി സി.പി.എം ചർച്ച ചെയ്തിട്ടില്ല. എന്താണ് നിലപാട് എന്നതിൽ കാര്യം മനസിലാക്കിയ ശേഷം മാത്രമേ നിലപാട് സ്വീകരിക്കാനാകൂ എന്നും ഗോവിന്ദൻ വ്യക്തമാക്കി.
പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിൽ സരിന് അതൃപ്തിയുണ്ടായിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. രാഹുലിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചെങ്കിലും പ്രചാരണ പോസ്റ്റർ സരിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. ഇതായിരുന്നു സരിന് സ്ഥാനാർത്ഥി നിർണയത്തിൽ എതിർപ്പുണ്ടെന്ന സംശയം ഉയരാൻ കാരണം.ഒറ്റയാളുടെ താത്പര്യത്തിന് വഴങ്ങി പാർട്ടിയെ ബലികൊടുക്കരുതെന്ന് പി, സരിൻ ആവശ്യപ്പെട്ടിരുന്നു. സ്ഥാനാർത്ഥിത്വം പുനഃപരിശോധിക്കണം, തിരുത്താൻ തയ്യാറാകണം, അല്ലെങ്കിൽ പാലക്കാട്ട് തോൽക്കുന്നത് രാഹുൽ മാങ്കൂട്ടത്തിലല്ല, രാഹുൽ ഗാന്ധിയാണ്. സ്ഥാനാർത്ഥി ചർച്ച പ്രഹസനമായിരുന്നുവെന്നും സരിൻ പറഞ്ഞു.
Source link