ചണ്ഡീഗഡിന്റെ ആറ് വിക്കറ്റുകൾ വീഴ്‌ത്തി, നേട്ടം കൊയ്‌ത് കിരൺ സാഗർ

തിരുവനന്തപുരം: അണ്ടർ 23 സി.കെ നായുഡു ട്രോഫിയിൽ ചണ്ഡീഗഡിനെതിരെ നടന്ന മത്സരത്തിൽ ആറു വിക്കറ്റ് നേട്ടവുമായി കേരള താരം കിരൺ സാഗർ. കേരളത്തിന്റെ ലെ‌ഗ്‌സ്‌പിന്നർ ബൗളറാണ് കിരൺ. ആദ്യ ഇന്നിംഗ്‌സിൽ ചണ്ഡീഗഡിനെ 412ൽ ഒതുക്കിയത് കിരണിന്റെ വിക്കറ്റ് വേട്ടയാണ്.

ചണ്ഡീഗഢ് ക്യാ‌പ്‌റ്റൻ പരസ്, ഓൾ റൗണ്ടർ നിഖിൽ എന്നിവരെ പുറത്താക്കിയത് കിരണായിരുന്നു. കേരളത്തിനായി യുവനിരയിൽ സമീപ വർഷങ്ങളിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളിൽ ഒരാളാണ് കിരൺ. അണ്ടർ 16, അണ്ടർ 19 വിഭാഗങ്ങളിൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ ക്യാമ്പുകളിലേക്ക് കിരൺ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

തൃശൂർ അത്താണി സ്വദേശിയായ വിദ്യാസാഗറിന്റെയും നിത്യയുടെയും മകനാണ് കിരൺ. സെബാസ്റ്റ്യൻ ആന്റണി,ഡേവിസ് ജെ മണവാളൻ, സന്തോഷ് എന്നീ പരിശീലകരാണ് കിരണിലെ ക്രിക്കറ്റ് താരത്തെ പരുവപ്പെടുത്തിയത്. സ്വാന്റൺ, ട്രൈഡന്റ് ക്ലബ്ബുകൾക്ക് വേണ്ടി കളത്തിലിറങ്ങിയാണ് യുവതാരം ക്രിക്കറ്റിൽ സജീവമാകുന്നത്. വിവിധ ഏജ് ഗ്രൂപ്പ് വിഭാഗങ്ങളിൽ കേരളത്തിനായി കളിച്ചിട്ടുള്ള കിരൺ കഴിഞ്ഞ സീസണിലും സി കെ നായിഡു ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. മത്സരത്തിൽ ചണ്ഡിഗഢ് ഏഴ് വിക്കറ്റിന് വിജയിച്ചു.


Source link
Exit mobile version