പാലക്കാട് കോൺഗ്രസിൽ പൊട്ടിത്തെറി; മാങ്കൂട്ടത്തിലിന് സീറ്റ് നൽകിയതിൽ വിയോജിപ്പ്, ഇടഞ്ഞ് പി സരിൻ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഇടഞ്ഞ് കോൺഗ്രസ് ഡിജിറ്റൽ മീഡിയ കൺവീനർ പി സരിൻ. പാലക്കാട് നിയമസഭ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചെങ്കിലും പ്രചാരണ പോസ്റ്റർ സരിൻ ഇതുവരെ പങ്കുവച്ചിട്ടില്ല. ഇതാണ് സരിന് സ്ഥാനാ‌ർത്ഥി നിർണയത്തിൽ എതിർപ്പുണ്ടെന്ന സംശയം ഉയരാൻ കാരണം. രാവിലെ 11.45ന് മാദ്ധ്യമങ്ങളെ കാണുമെന്ന് അറിയിച്ചിരിക്കുകയാണ് സരിൻ.

രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കണമെന്ന് മണ്ഡലത്തിലെ മുൻ എംഎൽഎയായ ഷാഫി പറമ്പിൽ ആവശ്യപ്പെട്ടിരുന്നു. എന്നാലിതിൽ പാലക്കാട് ഡിസിസിയിൽ അതൃപ്‌തി ഉടലെടുത്തു. പിന്നാലെ പ്രതിപക്ഷ നേതാവടക്കം രാഹുലിനെ പിന്തുണച്ചതോടെയാണ് പാലക്കാട് രാഹുലിന് വഴിയൊരുങ്ങിയത്. കെ മുരളീധരൻ,​ പി സരിൻ എന്നിവരുടെ പേരുകളാണ് സാദ്ധ്യതാപട്ടികയിൽ ഉണ്ടായിരുന്നത്.

കോൺഗ്രസ് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് സരിൻ പാലക്കാട് മത്സരിക്കാൻ സാദ്ധ്യതയുണ്ട്. ഇതുസംബന്ധിച്ച് ഇടതുപക്ഷവുമായി ചർച്ച നടത്തിയെന്നും സൂചനയുണ്ട്. സരിന്റെ അതൃപ്‌തി മുതലെടുക്കാൻ സിപിഎം ശ്രമിക്കുന്നുണ്ടെന്നും വിവരമുണ്ട്. സരിനുമായി ഇടതുനേതാക്കൾ കൂടിക്കാഴ്‌ച നടത്തിയെന്ന് അറിവുണ്ട്. സരിനെ അനുനയിപ്പിക്കാൻ കെപിസിസിയും ശ്രമങ്ങൾ നടത്തുകയാണ്. വാർത്താ സമ്മേളനം ഒഴിവാക്കാനും അനുനയനീക്കങ്ങൾ നടത്തുന്നുണ്ട്.

വയനാട് ലോക്‌സഭാ മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധിയെയും ചേലക്കരയിൽ മുൻ എം.പി രമ്യഹരിദാസിനേയും കോൺഗ്രസ് സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ചിട്ടണ്ട്. നവംബർ 13നാണ് വോട്ടെടുപ്പ്. നവംബർ 23നാണ് വോട്ടെണ്ണൽ.

TAGS:
P SARIN,
PALAKKAD BYELECTION,
KPCC DIGITAL MEDIA CONVENOR,
RAHUL MANKOOTTATHIL


Source link
Exit mobile version