KERALAM

നവീൻ ബാബുവിന്റെ മരണം; ദിവ്യയുടെ വീടിന് ചുറ്റും സംരക്ഷണമൊരുക്കി സിപിഎം വനിതാ പ്രവർത്തകർ

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയയായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ വീടിന് സംരക്ഷണമൊരുക്കി സിപിഎം. ബിജെപിയും യൂത്ത് കോൺഗ്രസും പിപി ദിവ്യയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ചുകൾ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഇന്ന് രാവിലെ തന്നെ സിപിഎം പ്രവർത്തകർ ദിവ്യയുടെ വീടിന് മുന്നിലെത്തിയിരുന്നു. പാർട്ടിയുടെ വനിതാ പ്രവർത്തകരാണ് ഭൂരിഭാഗവും. ലോക്കൽ കമ്മിറ്റി ഭാരവാഹികളും സ്ഥലത്തുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ ദിവ്യ ഇതുവരെ തയ്യാറായിട്ടില്ല. ചൊവ്വാഴ്‌ച പങ്കെടുക്കാൻ നിശ്ചയിച്ച പൊതു പരിപാടികളിലും അവർ എത്തിയിരുന്നില്ല. കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് കെ നവീൻ ബാബു (56) ജിവനൊടുക്കിയതുമായി ബന്ധപ്പെട്ട് പിപി ദിവ്യയ്‌ക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സിപിഎമ്മിന്റെ സംരക്ഷണം.

തിങ്കളാഴ്‌ച കണ്ണൂർ കളക്‌ട്രേറ്റിൽ ചേർന്ന യോഗത്തിൽ ക്ഷണമില്ലാതിരുന്നിട്ടും പങ്കെടുക്കാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ, നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പെട്രോൾ പമ്പിന് എൻഒസി നൽകുന്നതുമായി ബന്ധപ്പെട്ട് നവീൻ ബാബു വഴിവിട്ട നീക്കം നടത്തിയെന്നായിരുന്നു ആരോപണം. വിവരങ്ങളെല്ലാം കൈവശമുണ്ടെന്നും രണ്ട് ദിവസത്തിനകം എല്ലാവരും എല്ലാം അറിയും എന്നും പറഞ്ഞുകൊണ്ടാണ് ദിവ്യ അവിടെ നിന്നും പോയത്.


Source link

Related Articles

Back to top button