മലയാളത്തിലെ ഏറ്റവും ചെലവേറിയ ദൃശ്യ വിസ്മയം; ‘കത്തനാർ’ ഇനി സ്ക്രീനിലേക്ക്

മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണത്തോടെ എത്തുന്ന ജയസൂര്യ ചിത്രം ‘കത്തനാർ’ പായ്ക്ക് അപ്പ്. ഒന്നര വർഷത്തെ നീണ്ട ചിത്രീകരണത്തിനാണ് ഇതോടെ സമാപനമായത്. ‘കത്തനാർ’ അതിന്റെ പരമാവധി മികവിൽ പ്രേക്ഷകര്‍ക്കു എത്തിക്കാൻ തങ്ങൾ ശ്രമിച്ചിട്ടുണ്ടെന്ന് പായ്ക്ക് അപ്പ് ചിത്രം പങ്കുവച്ച് ജയസൂര്യ പറഞ്ഞു.
‘‘അത്യധ്വാനത്തിന്റെ കഠിനനാളുകൾക്കൊടുവിൽ ‘കത്തനാർ’ പായ്ക്ക് അപ്പ്. മൂന്ന് വർഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമർപ്പണം ചെയ്ത ഒരു കൂട്ടം പ്രതിഭാധനൻമാരായ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ദിനരാത്രങ്ങൾ പിന്നിട്ട ഒരുപാട് അസുലഭ മുഹൂർത്തങ്ങൾ. അങ്ങനെ കത്തനാർ ഒരു യാഥാർഥ്യമാവാൻ പോകുകയാണ്. ഈ അവസരത്തിൽ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സിൽ തെളിയുന്ന ഒരുപാട് മുഖങ്ങൾ.
കത്തനാർ അതിന്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാകരുത് എന്ന് വാശി പിടിച്ച നിർമാതാവ് ആദരണീയനായ ഗോകുലം ഗോപാലേട്ടൻ, അത് യഥാർഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രിയ സഹോദരൻ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിന്റെ അഭിമാനം റോജിൻ തോമസ്. കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്കുവയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ്, ദൃശ്യ വിസ്മയം തീർത്ത നീൽ ഡി കുഞ്ഞ. ഇനിയും ഒട്ടേറെ മുഖങ്ങൾ…വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ എല്ലാവർക്കുംനന്ദി.
ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമകളിൽ ഒന്ന് നിർമിക്കാൻ തയാറായ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാൻ സാധിക്കുക. അത് കടപ്പാടായി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇനി കത്തനാറിന്റെ റിലീസിങ്ങിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരിൽ ഒരാളായി ഞാനും.’’–ജയസൂര്യയുടെ വാക്കുകൾ.
അതേസമയം അനുഷ്ക ഷെട്ടി, പ്രഭുദേവ, സാൻഡി മാസ്റ്റർ, കുൽപ്രീത് യാദവ്, ഹരീഷ് ഉത്തമൻ തുടങ്ങിയ വമ്പൻ താരങ്ങളാണ് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാരിൽ അണിനിരക്കുന്നത്. മലയാളത്തിൽ നിന്നും സനൂപ് സന്തോഷ്, കോട്ടയം രമേശ്, ദേവിക സഞ്ജയ്, കിരണ്‍ അരവിന്ദാക്ഷൻ എന്നിവരും എത്തുന്നു.
അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് നിർമിക്കുന്നത്. ബൈജു ഗോപാലൻ, വി.സി. പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തി.
വെർച്വൽ പ്രൊഡക്‌ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ചിത്രത്തിന്റെ രണ്ട് മിനിറ്റ് ദൈർഘ്യം വരുന്ന ഗ്ലീംപ്സ് ജയസൂര്യയുടെ പിറന്നാൾ ദിനത്തിലാണ് പുറത്തുവിട്ടത്. വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ഗ്ലിംപ്സ് വിഡിയോയ്ക്ക് ലഭിച്ചത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ചിത്രീകരണ ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിക്കുന്നത്. മുപ്പത്തിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം എത്തുക. ആദ്യ ഭാഗം 2025ൽ റിലീസ് ചെയ്യും.
രചന: ആർ. രാമാനന്ദ്, ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്‌ഷൻ കൺട്രോളർ: സിദ്ധു പനക്കൽ.
Source link