കപ്പിനും ചുണ്ടിനും ഇടയിൽ സരിന് പാലക്കാട്ടെ സ്ഥാനാർത്ഥിത്വം നഷ്ടമായതെങ്ങനെ? കാരണമായത് മൂന്നുകാര്യങ്ങൾ, കോൺഗ്രസ് പഴയ കോൺഗ്രസല്ല
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ദിസവങ്ങൾ കഴിഞ്ഞാലും കോൺഗ്രസ് സാധാരണ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാറില്ല. ഗ്രൂപ്പുപോരും തമ്മിലടിയുമൊക്കെയായിരിക്കും കാരണം. എന്നാൽ ഇത്തവണ അതുണ്ടായില്ല. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അല്പസമയം കഴിഞ്ഞപ്പോൾ തന്നെ വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും, പാലക്കാട്. ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവും വന്നു. വിജയിച്ചുകയറാൻ എല്ലാം നേരത്തേ തീരുമാനിച്ചുറപ്പിച്ചിരുന്നു എന്നുവ്യക്തം.
പക്ഷേ, ഈ മുന്നേറ്റത്തിന് അപ്രതീക്ഷിത തിരിച്ചടിയായി കോൺഗ്രസ് നേതാവ് പി സരിന്റെ രംഗപ്രവേശം. അവസാന നിമിഷം വരെ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന സരിൻ, മറ്റൊരു ജില്ലക്കാരനായ രാഹുൽ മാങ്കൂട്ടത്തിൽ സ്ഥാനാർത്ഥിയായതോടെയാണ് പരസ്യമായി രംഗത്തെത്തിയത്. യൂത്ത് കോൺഗ്രസ് നേതാവ്, അതിലുപരി പാലക്കാട് ജില്ലക്കാരൻ എന്നതും തനിക്ക് ബോണസ് മാർക്കാവുമെന്ന് സരിൻ കരുതിയിരിക്കണം. എന്നാൽ പാർട്ടി നേതൃത്വം ഇതൊന്നും പരിഗണിച്ചില്ല. അവർ പരിഗണിച്ചത് ജയസാദ്ധ്യതമാത്രം.
പഴയ കോൺഗ്രസല്ല
ഒരാളെ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി കൊണ്ടുവരുമ്പോൾ ജയസാദ്ധ്യത തന്നെയാണ് ഓരോ പാർട്ടിയും പരിഗണിക്കുന്നത്. കോൺഗ്രസും അതുമാത്രമാണ് നോക്കിയതെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. എഐസിസിയുടെ നേതൃത്വത്തിൽ പാലക്കാട് മണ്ഡലത്തിലെ ജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥിയെ കണ്ടെത്താൻ സർവേ നടത്തിയിരുന്നു. ഇതിൽ രാഹുലിനായിരുന്നു മുൻതൂക്കം.
യുവജനങ്ങൾക്കിടയിൽ രാഹുലിനുള്ള സ്വാധീനമായിരുന്നു ഇതിന് കാരണം. യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷനായി രാഹുൽ എത്തിയതുമുതൽ സംഘടനയ്ക്ക് പുത്തൻ ഉണർവുണ്ടായെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. സർക്കാരിനെതിരെ നിരവധി സമര പരിപാടികൾക്കാണ് യൂത്ത്കോൺഗ്രസ് നേതൃത്വം നൽകിയത്. അതിൽ ഒട്ടുമുക്കാലും വൻ വിജയമാവുകയും ചെയ്തു. സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിന്റെ ഭാഗമായി രാഹുലിനെ രാത്രി വീടുവളഞ്ഞ് അറസ്റ്റുചെയ്ത നടപടിക്കെതിരെ കടുത്ത വിമർശനമാണ് കേരളത്തിൽ നിന്നുയർന്നത്. പൊലീസ് രാഹുലിനെ കരുത്തുറ്റ നേതാവാക്കി എന്ന് സിപിഎം അണികൾ പോലും കുറ്റപ്പെടുത്തി.
സമരപോരാട്ടങ്ങൾക്കൊപ്പം ചാനൽ ചർച്ചകളിലും സോഷ്യൽ മീഡിയയിലും കോൺഗ്രസിന്റെ മുഖമാകാനും രാഹുലിന് കഴിഞ്ഞു. ചർച്ചകളിൽ കൃത്യമായ മറുപടികൾ നൽകിയാണ് എതിരാളികളുടെ വായടപ്പിച്ചത്.
ഈ അനുകൂല ഘടകങ്ങൾക്കൊപ്പം പാലക്കാട്ടെ എംഎൽഎയായിരുന്ന ഷാഫി പറമ്പിലിന്റെയും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെയും ഉറച്ച പിന്തുണയും രാഹുലിന് കരുത്തേകുന്നുണ്ട്. ഭരണവിരുദ്ധവികാരം, ശബരിമലയിലെ സ്പോട്ട് ബുക്കിംഗ് പ്രശ്നം തുടങ്ങി അനുകൂലമായ നിരവധി ഘടകങ്ങൾ ഉളളപ്പോൾ ഒരു സിറ്റിംഗ് സീറ്റ് കൈവിടുക എന്നത് യുഡിഎഫിനെ സംബന്ധിച്ചിടത്താേളം ആലോചിക്കാൻ പോലുമാകാത്തതതാണ്. സിപിഎമ്മും ബിജെപിയും ശക്തമായ വെല്ലുവിളിൽ ഉയർത്തുന്ന മണ്ഡലമാണ് പാലക്കാട്.
Source link