എഡിഎമ്മിന്റെ യാത്രയയപ്പിൽ ദിവ്യ എത്തുന്നതിനുമുൻപ് ഒരു വീഡിയോഗ്രാഫറെത്തി, രാത്രിയോടെ വീഡിയോ ചാനലുകളിൽ
കണ്ണൂർ: കണ്ണൂർ എഡിഎം കെ. നവീൻ ബാബുവിന്റെ മരണത്തിനിടയാക്കിയ യാത്രയയപ്പ് ചടങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്ത്. നവീൻ ബാബുവിനെതിരെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. പത്തനംതിട്ട എഡിഎം ആയി സ്ഥലം മാറ്റം ലഭിച്ചതിനെ തുടർന്ന് ജില്ലാ കളക്‌ടറുടെ നേതൃത്വത്തിൽ നവീൻ ബാബുവിന് കഴിഞ്ഞദിവസം യാത്രയയപ്പ് നൽകിയിരുന്നു. ഈ ചടങ്ങിലേയ്ക്കാണ് ക്ഷണിക്കപ്പെടാതെ പി.പി ദിവ്യ എത്തി അഴിമതി ആരോപണം ഉന്നയിച്ചത്.
യാത്രയയപ്പ് ചടങ്ങിൽ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. മാദ്ധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ചടങ്ങിലുണ്ടായിരുന്നില്ല. എന്നാൽ ദിവ്യ ചടങ്ങിൽ എത്തുന്നതിന് മുൻപുതന്നെ ഒരു വീഡിയോഗ്രാഫർ സ്ഥലത്തെത്തിയിരുന്നു. ദിവ്യയുടെ ആറ് മിനിട്ട് നീണ്ട പ്രസംഗവും ഇറങ്ങിപ്പോക്കും മുഴുവനായി ചിത്രീകരിക്കുകയും ചെയ്തു. രാത്രിയോടെ ഈ വീഡിയോ മാദ്ധ്യമപ്രവർത്തകർക്കും ചാനലുകൾക്കും ലഭിക്കുകയായിരുന്നു. എഡിഎമ്മിനെ പരമാവധി അപമാനിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇക്കാര്യങ്ങൾ നടന്നതെന്നാണ് ആരോപണം ഉയരുന്നത്.
കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിലാണ് നവീനെ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തിങ്കളാഴ്ച ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ടി.വി.പ്രശാന്തൻ എന്നയാൾ തുടങ്ങുന്ന പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകൾ. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എ.ഡി.എമ്മിന് ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്.
Source link