എല്ലാം സുഗമമായി നടന്നുവന്നിരുന്ന ശബരിമലയിൽ വലിയൊരു പാര പണിതത് അയാൾ

മണ്ഡലകാലം തുടങ്ങാൻ ആഴ്ചകൾ മാത്രം ശേഷിക്കെ ശബരിമലയുടെ കാര്യത്തിൽ ഒരിക്കൽ കൈപൊള്ളിയ സംസ്ഥാന സർക്കാർ പാഠം പഠിച്ചിട്ടില്ല എന്നതിന്റെ ഉദാഹരണമാണ് ദർശനത്തിനെത്തുന്ന ഭക്തർക്ക് ഇനി മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ലെന്ന സർക്കാർ പ്രഖ്യാപനം. ശബരിമലയിൽ ഭക്തർക്ക് സുഗമ ദർശനം ഒരുക്കുന്നതിന് യാഥാർത്ഥ്യ ബോധത്തോടെ ചിന്തിക്കുന്നവർ ദേവസ്വം ബോർഡിലും സർക്കാരിലും ഇല്ലെന്ന് അടിവരയിടുന്നതാണ് ഓൺലൈൻ മുഖേന ബുക്ക് ചെയ്ത് എത്തുന്നവർ മാത്രം ശബരിമലയിൽ ദർശനം നടത്തിയാൽ മതിയെന്ന തീരുമാനം. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും പങ്കെടുത്ത യോഗത്തിലെ തീരുമാനം ശബരിമല ഭക്തരെയെല്ലാം അത്ഭുതപ്പെടുത്തുന്നതാണ്. ശബരിമല തീർത്ഥാടനം അട്ടിമറിക്കുകയുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന ആരോപണവുമായി ഹിന്ദുസംഘടനകൾ രംഗത്തു വന്നു കഴിഞ്ഞു. സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും തീരുമാനത്തിൽ പന്തളം കൊട്ടാര നിർവാഹക സംഘവും കടുത്ത അതൃപ്തിയിലാണ്.
ഈ വർഷത്തെ തീർത്ഥാടനം തുടങ്ങാൻ ഒരു മാസം മാത്രം ബാക്കിയുള്ളപ്പോൾ സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയത് എന്തിനെന്ന ചോദ്യത്തിന് ദേവസ്വത്തിനും സർക്കാരിനും ഒറ്റ ഉത്തരമാണുള്ളത്, ശബരിമലയ്ക്കും തീർത്ഥാടകർക്കും സുരക്ഷ ഉറപ്പാക്കണം. അതിന് സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കിയതുകൊണ്ട് എന്തു ഗുണം എന്ന ചാേദ്യത്തിന് വ്യക്തമായ ഉത്തരമില്ല. ഓൺലൈനിൽ ബുക്ക് ചെയ്യുമ്പാേഴുള്ള അതേ വിവര ശേഖരണം തന്നെ സ്പോട്ട് ബുക്കിംഗിലും നടത്തുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ഭക്തരെ സംബന്ധിച്ച് സ്പോട്ട് ബുക്കിംഗ് ആണ് അഭികാമ്യമെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇവർ ഓൺലൈൻ ബുക്ക് ചെയ്തു സന്നിധാനത്തേക്ക് യാത്ര തിരിച്ചാൽ ബുക്ക് ചെയ്ത ദിവസം തന്നെ അവിടെയെത്തണമെന്നില്ല. ട്രെയിൻഗതാഗതം വൈകിയാൽ ഭക്തർ പമ്പയിൽ എത്താൻ ഒരു ദിവസം വരെ വൈകും. അതോടെ ബുക്കിംഗ് സ്ളോട്ട് നഷ്ടപ്പെടും. ഇവർ പമ്പയിലോ സന്നിധാനത്തോ സ്പോട്ട് ബുക്കിംഗ് നടത്തിയാണ് മല ചവിട്ടിക്കൊണ്ടിരുന്നത്. ശബരിമലയിലേക്ക് നടന്നും പരമ്പരാഗത പാതകളിലൂടെയും വരുന്ന ഭക്തർ ആയിരക്കണക്കിനുണ്ട്. പമ്പയിൽ ഏതു ദിവസം എത്തുമെന്ന് ഉറപ്പില്ല. ഇവർ ഓൺലൈൻ ബുക്കിംഗ് നടത്താതെയാണ് യാത്ര തിരിക്കുന്നത്. ഓൺലൈൻ ബുക്കിംഗ് സംവിധാനത്തേക്കുറിച്ച് വശമില്ലാത്തവരും ഇക്കൂട്ടത്തിലേറെയുണ്ട്. സ്പോട്ട് ബുക്കിംഗ് നടത്തിയാണ് ഇങ്ങനെയുളള തീർത്ഥാടകരും മല കയറുന്നത്.
ശബരിമലയിലേക്ക് തൊഴാൻ എത്തുന്ന ഒരു ഭക്തനും തിരികെപ്പോരേണ്ടി വരില്ലെന്നാണ് ദേവസ്വം മന്ത്രി വി.എൻ വാസവനും ബാേർഡ് ചെയർമാൻ പി.എസ് പ്രശാന്തും പറയുന്നത്. സ്പോട്ട് ബുക്കിംഗ് നിറുത്തലാക്കുമെന്ന് ഉറപ്പിച്ചു പറയുകയും ചെയ്യുന്നു. സ്പോട്ട് ബുക്കിംഗിന് പകരം സംവിധാനമെന്ത് എന്നു പറയാതെ തീർത്ഥാടകരെ ഇരുട്ടത്തു നിറുത്തുകയാണ് മന്ത്രിയും ബാേർഡും. ഭക്തരിൽ ആശങ്കയും അവ്യക്തതയും സൃഷ്ടിച്ച് തീർത്ഥാടനത്തിൽ നിന്ന് അകറ്റുകയാണോ എന്നു സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് ശബരിമലയിൽ സംഘർഷവും ആശങ്കയും സൃഷ്ടിക്കപ്പെടുന്നത്.
ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും പ്രവേശനമാകാം എന്ന 2018ലെ സുപ്രീംകോടതി വിധി പുറത്തുവന്ന് ഒരു മണിക്കൂർ തികയും മുൻപേ വിധി നടപ്പാക്കും എന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ച് വിശ്വാസികളിൽ പ്രകോപനം സൃഷ്ടിച്ചത് എവിടെച്ചെന്ന് അവസാനിച്ചുവെന്ന പാഠം സർക്കാരും മുന്നണിയും മറക്കുന്നു. വേണ്ടത്ര കൂടിയാലോചനകൾ ഇല്ലാതെ നടത്തിയ ആ എടുത്തുചാട്ടം രൂക്ഷമായ കലാപങ്ങൾക്ക് വഴിവച്ചു. തൊട്ടുപിന്നാലെ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലും ശബരിമല രാഷ്ട്രീയ പ്രചാരണ വിഷയം ആളിക്കത്തി. പ്രക്ഷോഭം നയിച്ച ഹൈന്ദവ സംഘടനാ നേതാക്കൾക്കെതിരെ വ്യാപകമായി പൊലീസ് കേസുകൾ ചുമത്തിയത് വിശ്വാസികളിൽ ഇന്നും തീനാളമായി ശേഷിക്കുന്നുണ്ട്. കൃത്യം ആറ് വർഷം പിന്നിടുമ്പോൾ വകതിരിവില്ലാതെ സർക്കാരും ദേവസ്വം ബോർഡും രംഗത്തുവന്നിരിക്കുകയാണ്.
തീർത്ഥാടനത്തിന് ഒരുങ്ങുമ്പോൾ
ശബരിമല തീർത്ഥാടനത്തിന് തുടക്കമാകുമ്പോൾ ഒട്ടേറെ പ്രശ്നങ്ങൾ സർക്കാരിനെ അലട്ടുന്നുണ്ട്. ഭക്തർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് നിലയ്ക്കലിലും പമ്പയിലും മറ്റ് ഇടത്താവളങ്ങളിലും ഒരു നടപടിയും എടുത്തിട്ടില്ല. പൊതുമരാമത്ത്, വാട്ടർ അതോറിറ്റി, ഗതാഗതം, വൈദ്യുതി വകുപ്പുകളാണ് മുന്നൊരുക്കങ്ങൾ നടത്തേണ്ടത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മുന്നൊരുക്കങ്ങൾക്ക് തടസമാകാൻ പാടില്ല. തീർത്ഥാടനത്തിൽ നിന്നു മാത്രമായി ഇരുനൂറ്റിയൻപത് കോടിയിലേറെ രൂപയുടെ വരുമാനമാണ് വർഷം തോറും കിട്ടിക്കൊണ്ടിരിക്കുന്നത്. ദിവസം ഒന്നേകാൽ ലക്ഷം ഭക്തർ എത്തിക്കൊണ്ടിരുന്ന ശബരിമലയിൽ വേണ്ടത്ര സൗകര്യങ്ങൾ ഇപ്പോഴില്ല. പ്രളയ ശേഷം പല കെട്ടിടങ്ങൾക്കും ബലക്ഷയം സംഭവിച്ച് തകരുകയോ പൊളിച്ചു മാറ്റുകയോ ചെയ്തിട്ടുണ്ട്. ഭക്തർക്ക് വിരിവച്ച് വിശ്രമിക്കാൻ നിലയ്ക്കലും പമ്പയിലും മതിയായ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ആവശ്യത്തിന് കുടിവെള്ളം ലഭിക്കാൻ സംവിധാനങ്ങൾ കുറവ്. ടോയ്ലറ്റുകളുടെ സ്ഥിതി ശോചനീയം. ഇങ്ങനെ നിരവധി പ്രശ്നങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ അവിടേക്ക് എത്തുന്ന ഭക്തരുടെ എണ്ണും കുറയ്ക്കുകയെന്നതാണ് സർക്കാരിന്റെയും ബോർഡിന്റെയും മുന്നിലുള്ള പോംവഴി.
പൊലീസിന്റെ പാര
പൊലീസ് നടത്തിക്കാെണ്ടിരുന്ന ഓൺലൈൻ ബുക്കിംഗ് സംവിധാനം ദേവസ്വം ബോർഡ് ഏറ്റെടുത്തത് മറ്റൊരു പ്രതിസന്ധിയായി. ഓൺലൈൻ ബുക്കിംഗ് പൊലീസ് കൈകാര്യം ചെയ്ത കാലത്ത് ദിവസം ഒന്നേകാൽ ലക്ഷം തീർത്ഥാടകർ വരെ സന്നിധാനത്ത് എത്തിയിട്ടുണ്ട്. ഓൺലൈൻ സൈറ്റിലേക്ക് പരസ്യം ശേഖരിച്ച് പൊലീസ് ലക്ഷങ്ങളുടെ വരുമാനം നേടിയത് ദേവസ്വം സർവീസ് സംഘടനകൾ ഹൈക്കോടതിയിൽ ചോദ്യം ചെയ്തിരുന്നു. തെളിവുകൾ ലഭിച്ചതോടെ ഓൺലൈൻ ബുക്കിംഗ് ഹൈക്കോടതി ദേവസ്വം ബോർഡിനെ ഏൽപ്പിച്ചു. രണ്ടു വർഷമായി ദേവസ്വം ബോർഡ് നടത്തുന്ന ഓൺലൈൻ ബുക്കിംഗിന് പാര വയ്ക്കാനുളള നീക്കം ശബരിമലയുടെ ഏകോപന ചുമതലയുണ്ടായിരുന്ന ഒരു ഡി.ജിപി നടത്തിയാതാണെന്ന് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു വഴിവച്ചതെന്നും ആരോപണമുണ്ട്. ഓൺലൈൻ ബുക്കിംഗ് മാത്രമാക്കി ഒരു ദിവസം എൺപതിനായിരം തീർത്ഥാടകർക്കായി ചുരുക്കിയില്ലെങ്കിൽ ക്രമസമാധാന പ്രശ്നമുണ്ടാകുമെന്ന് സർക്കാരിനെ ധരിപ്പിച്ചു. ഇതിനെ സാധൂകരിക്കാൻ കഴിഞ്ഞ വർഷം ഭക്തരെ വഴിയിൽ മണിക്കൂറുകളോളം തടഞ്ഞിട്ടു. ഈ സമയം പതിനെട്ടാം പടിയും ഫ്ളൈ ഓവറും ഒഴിഞ്ഞു കിടന്നു. ഭക്തരെ സന്നിധാനത്തേക്കു കയറ്റിവിടാതെ പ്രശ്നങ്ങൾ സൃഷ്ടിച്ചത് പൊലീസാണെന്ന് ആക്ഷേപം ഉയർന്നിരുന്നു. പലരും ദർശനം നടത്താനാവാതെ മടങ്ങി. പൂരം കലക്കിയ പൊലീസ് ശബരിമല തീർത്ഥാടനവും കലക്കിയേക്കും എന്ന ആശങ്ക ദേവസ്വം ബോർഡിനുണ്ട്. അതുകൊണ്ടാണ് സ്പോട്ട് ബുക്കിംഗ് നിറത്തലാക്കിയതിനെ ബോർഡ് പ്രസിഡന്റ് ന്യായീകരിക്കുന്നതെന്ന് സംസാരമുണ്ട്.
Source link