നിജ്ജര്‍ വധം: സിഖ് സമൂഹം വിവരങ്ങൾ നൽകണമെന്ന് കാനഡ പോലീസ്, പുതിയ നീക്കം
ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ നടപടിയുമായി കാനഡ. കാനഡയിലുള്ള സിഖ് സമൂഹത്തോട് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ കനേഡിയന്‍ പോലീസ് അഭ്യര്‍ഥന നടത്തി. കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ കനേഡിയന്‍ മണ്ണിലെ അക്രമ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ സര്‍ക്കാരിനെ ബന്ധിപ്പിക്കുന്ന ആരോപണങ്ങളുമായി ബന്ധപ്പെടുത്താന്‍ സാധിക്കുന്ന വിവരങ്ങള്‍ നല്‍കാനാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി.) തലവന്‍ മൈക്ക് ദുഹോം നിര്‍ദേശിച്ചിരിക്കുന്നത്. ‘ജനങ്ങള്‍ മുന്നോട്ടുവന്നാല്‍ നിങ്ങളെ സഹായിക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കും. ആളുകള്‍ കാനഡയില്‍ വരുന്നത് സുരക്ഷിതമായിരിക്കാനാണ്. നിയമപാലകര്‍ എന്ന നിലയില്‍ ഞങ്ങളുടെ ജോലി സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക എന്നതാണ്.’- റേഡിയോ കാനഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്‍.സി.എം.പി. കമ്മീഷണ്‍ മൈക്ക് ദുഹോം വ്യക്തമാക്കി. നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കനേഡിയന്‍ പോലീസിന്റെ പുതിയ നീക്കം.
Source link