‘ഞാൻ സ്ഥാനാർത്ഥിയായപ്പോൾ ഇതൊന്നുമായിരുന്നില്ല കോലാഹലം’; രാഹുലിന് ജനങ്ങളുടെ സ്വീകാര്യതയുണ്ടെന്ന് ഷാഫി പറമ്പിൽ
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർത്ഥിയല്ലെന്നും പാർട്ടിയുടെ സ്ഥാനാർത്ഥിയാണെന്നും ഷാഫി പറമ്പിൽ എംപി. പാലക്കാട് സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘രാഹുലിന്റെ സ്ഥാനാർത്ഥിത്വം പാലക്കാട്ടെ പാർട്ടിക്കാരും ജനങ്ങളും ആഗ്രഹിച്ച തീരുമാനമാണ്. അതുകൊണ്ടുതന്നെ പാർട്ടി ഒറ്റക്കെട്ടായി അദ്ദേഹത്തിന്റെ പുറകെയുണ്ടാവും. യുഡിഎഫിന്റെ വിജയത്തിനായി സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ആളുകൾക്ക് നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. ആ സ്ഥാനാർത്ഥിയുടെ വിജയത്തിനായി പാലക്കാട്ടെ ജനത ഒപ്പമുണ്ടാകുമെന്ന് വിശ്വസിക്കുന്നു.
സിരകളിൽ കോൺഗ്രസ് രക്തമോടുന്ന മുഴുവൻ പേരും യുഡിഎഫിന്റെ വിജയത്തിനായി പാർട്ടിക്കും സ്ഥാനാർത്ഥിക്കും ഒപ്പമുണ്ടായിരിക്കണമെന്നാണ് ആഗ്രഹം. എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിൽ ഒരു വ്യക്തിയുടെയും സ്ഥാനാർത്ഥിയല്ല, പാർട്ടിയുടെ സ്ഥാനാർത്ഥിയാണ്. ജനങ്ങളാഗ്രഹിച്ച സ്ഥാനാർത്ഥിയാണ്. ആ സ്വീകാര്യത രാഹുലിനുണ്ട്. പാർട്ടിയാണ് ഷാഫി പറമ്പിലിനെ പാലക്കാട്ടേയ്ക്കും വടകരയിലേയ്ക്കും അയച്ചത്. അതുപോലെ പാർട്ടിയാണ് രാഹുലിനെ പാലക്കാട്ടേയ്ക്ക് അയച്ചത്.
ഞാൻ ഒരുകാലത്തും പാർട്ടിയേക്കാൾ വലിയവനല്ല. പാർട്ടിക്ക് ദോഷം വരുത്തുന്നതൊന്നും ചെയ്തിട്ടുമില്ല. തിരഞ്ഞെടുപ്പ് ജയത്തെ ബാധിക്കുന്നതൊന്നും പാലക്കാട്ട് ഉണ്ടായിട്ടില്ല. കാരണം പാലക്കാടിന്റെ രാഷ്ട്രീയബോധം ഈ പ്രാധാന്യമില്ലാത്ത ചർച്ചകളേക്കാൾ വലുതാണ്. ഇവിടെ എല്ലാവരും ഒറ്റക്കെട്ടായി ശ്രമിച്ചാൽ പാലക്കാട് ഇതുവരെ ഒരു യുഡിഎഫ് സ്ഥാനാർത്ഥിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷം ലഭിക്കാനുള്ള സാഹചര്യമാണുള്ളത്. 2011ൽ സ്ഥാനാർത്ഥിയായി ഞാൻ വരുമ്പോൾ നിങ്ങളിപ്പോൾ കണ്ടതൊന്നുമല്ല കോലാഹലം. അന്ന് ഞാനനുഭവിച്ച സമ്മർദ്ദം ചെറുതല്ല. എന്നിട്ടും ചേർത്തുപിടിച്ച ജനതയാണത്’- ഷാഫി പറമ്പിൽ പറഞ്ഞു.
Source link