ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിലപാട് ശരിവച്ചു
ന്യൂഡൽഹി : എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കണമെന്നും, ഭാരവാഹികൾക്ക് അയോഗ്യത കൽപിക്കണമെന്നുമുള്ള കേരള ഹൈക്കോടതിയിലെ ഹർജിയിലെ നടപടികൾ അവസാനിച്ചു. യോഗത്തിനും ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമെതിരായ ഹർജി നിലനിൽക്കില്ലെന്ന ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ നിലപാട് സുപ്രീംകോടതി ഇന്നലെ ശരിവച്ചതോടെയാണിത്.
വി.കെ. ചിത്തരഞ്ജൻ തുടങ്ങിയ ഹർജിക്കാർ സമർപ്പിച്ച ‘കമ്പനി പെറ്റീഷൻ” നിലനിൽക്കുമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധി പരമോന്നത കോടതി റദ്ദാക്കി. ജസ്റ്റിസുമാരായ അഭയ് എസ്.ഓക, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. വാദമുഖങ്ങൾ സുപ്രീംകോടതി അംഗീകരിച്ചത് എസ്.എൻ.ഡി.പി യോഗത്തിനും വെള്ളാപ്പള്ളി നടേശനും നിയമപോരാട്ടത്തിൽ ആശ്വാസവിജയമായി. അഭിഭാഷകരായ കെ. പരമേശ്വർ, റോയ് എബ്രഹാം എന്നിവരാണ് ഇവർക്കുവേണ്ടി ഹാജരായത്.
കോടതി നിരീക്ഷണങ്ങൾ
1. സിംഗിൾ ബെഞ്ച് ഉത്തരവിൽ ഡിവിഷൻ ബെഞ്ച് ഇടപെടേണ്ട സാഹചര്യമുണ്ടായിരുന്നില്ല
2. കമ്പനി ലാ ട്രൈബ്യൂണലിനെ സമീപിക്കുക തുടങ്ങിയ പരിഹാര മാർഗങ്ങളാണ് ഹർജിക്കാർ തേടേണ്ടിയിരുന്നത്
3. സിംഗിൾ ബെഞ്ചിന്റെ നിലപാടിൽ പിഴവില്ല
4. യോഗവും വെള്ളാപ്പള്ളി നടേശനും 2019ൽ സമർപ്പിച്ച ഹർജി തീർപ്പാക്കി
കേസ് ഇങ്ങനെ
വി.കെ. ചിത്തരഞ്ജൻ തുടങ്ങി ഒരു കൂട്ടം ഹർജിക്കാർ കമ്പനി പെറ്റീഷനുമായി കേരള ഹൈക്കോടതിയെ സമീപിച്ചതാണ് കേസിന്റെ തുടക്കം. എസ്.എൻ.ഡി.പി യോഗത്തിന്റെയും സ്ഥാപനങ്ങളുടെയും ഭരണത്തിന് അഞ്ചംഗ കമ്മിറ്റിയെ നിയോഗിക്കണം, മൈക്രോഫിനാൻസ് അടക്കം എല്ലാ കണക്കുകളും കോടതിയിൽ ഹാജരാക്കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചിരുന്നു. ഹർജി നിലനിൽക്കില്ലെന്ന് യോഗവും വെള്ളാപ്പള്ളി നടേശനും വാദിച്ചത് സിംഗിൾ ബെഞ്ച് അംഗീകരിച്ചു. ഇതിനെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച് അനുകൂല ഉത്തരവ് നേടി. ഹർജി നിലനിൽക്കുമെന്നും സിംഗിൾ ബെഞ്ച് മെറിറ്റിൽ വാദം കേട്ട് തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിരുന്നു. തുടർന്ന് യോഗവും വെള്ളാപ്പള്ളിയും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
Source link