ബോംബ് ഭീഷണി: എയര്‍ ഇന്ത്യ വിമാനത്തിന് സിംഗപ്പൂര്‍ പോര്‍വിമാനങ്ങളുടെ സുരക്ഷാ അകമ്പടി


സിംഗപ്പൂര്‍ : മധുരയില്‍ നിന്ന് സിംഗപ്പൂരിലേക്ക് യാത്രതിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വിമാനം സിംഗപ്പൂരിലേക്ക് പുറപ്പെട്ടതിന് പിന്നാലെയാണ് ഇ-മെയിലില്‍ ഭീഷണിയെത്തുന്നത്. സംഭവമറിഞ്ഞതോടെ സിംഗപ്പൂര്‍ വ്യോമസേനയുടെ രണ്ട് യുദ്ധവിമാനങ്ങള്‍ രംഗത്തെത്തി. എഫ്-15 പോര്‍വിമാനങ്ങള്‍ എയര്‍ ഇന്ത്യ വിമാനത്തിന് അകമ്പടി സേവിച്ചു. വാസമേഖലകളില്‍ നിന്ന് യാത്രാവിമാനത്തിന്റെ ഗതി മാറ്റി സുരക്ഷിതമായ റൂട്ടിലെത്തിക്കാനും സഹായിച്ചു.ചൊവ്വാഴ്ച രാത്രി 10.04ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം സുരക്ഷിതമായി സിംഗപ്പൂരിലെ ചംഗി വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സ്‌ഫോടകവസ്തു വിദഗ്ധര്‍, അഗ്‌നിശമന സേന, രക്ഷാപ്രവര്‍ത്തകര്‍, ആംബുലന്‍സുകള്‍ തുടങ്ങി അടിയന്തര സാഹചര്യം നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും അവിടെ സജ്ജമായിരുന്നു. വ്യോമസേനയും മറ്റ് സൈനികവിഭാഗങ്ങളും നല്‍കിയ സഹായത്തിന് സിംഗപ്പൂര്‍ പ്രതിരോധമന്ത്രി എന്‍.ജെ. ഹെന്‍ എക്‌സ് പോസ്റ്റിലൂടെ നന്ദി അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.


Source link

Exit mobile version