അപമാനം,​ തീരാനൊമ്പരം,​ എ.​ഡി.​എം​ ​ ജീ​വ​നൊ​ടു​ക്കി,നാ​ടാ​കെ​ ​ പ്ര​തി​ഷേ​ധം ജി​ല്ലാ​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് പി​.പി​.ദി​വ്യയുടെ​ ​പ​ര​സ്യ​ ​അ​വ​ഹേ​ള​നം

​​കണ്ണൂർ: ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ കുത്തുവാക്കുകളിൽ മനംനൊന്ത് കണ്ണൂർ എ.ഡി.എം കെ.നവീൻബാബു (56) ജീവനൊടുക്കിയ സംഭവം രാഷ്ട്രീയ കേരളത്തിന് അപമാനമായി. കുടുംബത്തിനും സഹപ്രവർത്തകർക്കും തീരാനൊമ്പരമായി. ക്ഷണിക്കാത്ത യാത്ര അയപ്പ് ചടങ്ങിലേക്ക് കടന്നുചെന്ന് അഡിഷണൽ ജില്ല മജിസ്‌ട്രേട്ടിനെ അപമാനിച്ച സി.പി.എം നേതാവായ പി.പി.ദിവ്യയ്ക്കെതിരെ പ്രതിഷേധം വ്യാപകം.

സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് പേരുകേട്ടയാളാണ് നവീൻബാബു. അഴിമതിയാരോപണം ഉന്നയിച്ചും അവഹേളിച്ചും ദിവ്യ നടത്തിയ പ്രസംഗം നിശബ്ദം കേട്ടിരുന്ന അദ്ദേഹം അതു താങ്ങാനാകാതെ മണിക്കൂറുകൾക്കകം ജീവിതം അവസാനിപ്പിച്ചു. പത്തനംതിട്ട മലയാലപ്പുഴ പത്തിശേരി സ്വദേശിയാണ് കെ.നവീൻ ബാബു. ദിവ്യയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകൾ ജില്ലാപഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ പ്രകടനങ്ങൾ സംഘർഷത്തിനിടയാക്കി. റവന്യു ജീവനക്കാർ ഇന്ന് കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാൻ തീരുമാനിച്ചു. ജീവനക്കാർ ഇന്നലെ മിക്കയിടത്തും അവധിക്ക് അപേക്ഷ നൽകി.

കണ്ണൂർ പള്ളിക്കുന്നിലുള്ള ക്വാർട്ടേഴ്സിൽ ഇന്നലെ രാവിലെ തൂങ്ങിമരിച്ച നിലയിലാണ് നവീനെ കണ്ടെത്തിയത്. വിരമിക്കാൻ ഏഴുമാസം ശേഷിക്കേ ജന്മനാടായ പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയതിന്റെ യാത്രയയപ്പ് ചടങ്ങ് തിങ്കളാഴ്ച ജില്ലാകളക്ടറുടെ സാന്നിദ്ധ്യത്തിലാണ് നടന്നത്. ശ്രീകണ്ഠാപുരം ചെങ്ങളായിയിൽ ടി.വി.പ്രശാന്തൻ എന്നയാൾ തുടങ്ങുന്ന പെട്രോൾ പമ്പിന് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ടായിരുന്നു ദിവ്യയുടെ കുത്തുവാക്കുകൾ. വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും രണ്ടു ദിവസത്തിനുള്ളിൽ കാര്യങ്ങൾ വ്യക്തമാകുമെന്നും പറഞ്ഞ ദിവ്യ എ.ഡി.എമ്മിന് ഉപഹാരം നൽകുമ്പോൾ നിൽക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞാണ് വേദിവിട്ടത്.

പത്തനംതിട്ട എ.ഡി.എമ്മായി ചുമതലയേൽക്കാൻ തിങ്കാളാഴ്ച രാത്രി 9മണിയുടെ ട്രെയിനിൽ നാട്ടിലേക്ക് പോകുമെന്ന് നവീൻ പറഞ്ഞിരുന്നു. ഇന്നലെ രാവിലെ കൂട്ടിക്കൊണ്ടുപോകാൻ ഭാര്യയും മക്കളും ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയെങ്കിലും കണ്ടില്ല. തുടർന്ന് കണ്ണൂരിലെ ഡ്രൈവറെയും കളക്ടറെയും വിവരമറിയിച്ചു. ഡ്രൈവറും ഗൺമാനും ക്വാർട്ടേഴ്സിൽ എത്തിയപ്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം രാത്രിയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി. ഇന്നലെ പുലർച്ചെ നാലു മണിയോടെയാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്.

റിട്ട.ഹെഡ്മാസ്റ്റർ പരേതനായ കിട്ടൻ നായരുടെയും റിട്ട.അദ്ധ്യാപികയും മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അംഗവുമായിരുന്ന പരേതയായ രത്നമ്മയുടെയും മകനാണ്. കോന്നി തഹസിൽദാർ മഞ്ജുഷയാണ് ഭാര്യ. മക്കൾ:എൻജിനിയറിംഗ് കഴിഞ്ഞ് കോന്നി സി.എഫ്.ആർ.ഡി കോളേജിൽ പി.ജിക്ക് പഠിക്കുന്ന നിരുപമ, പ്ലസ്ടു കഴിഞ്ഞ നിരഞ്ജന. സഹോദരങ്ങൾ: കെ.പ്രവീൺ ബാബു (ഹൈക്കോടതി അഭിഭാഷകൻ) റിട്ട.അദ്ധ്യാപിക ഷീല.

അതേ സമയം പി.പി ദിവ്യക്കെതിരെ കൊലകുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ ഇന്ന് രാവിലെ ആറു മുതൽ വൈകി ട്ട് ആറുവരെ ബി.ജെ.പി ഹർത്താൽ ആചരിക്കും.

സി.പി.എം കുടുംബം

നവീൻ ബാബുവിന്റേത് സി.പി.എം കുടുംബമാണ്. എൻ.ജി.ഒ യൂണിയനിലും തുടർന്ന് കെ.ജി.ഒ.എയിലും അംഗമായിരുന്നു. ഭാര്യയും സി.പി.എം അനുകൂല യൂണിയൻ അംഗമാണ്. അമ്മ മലയാലപ്പുഴ പഞ്ചായത്തിൽ സി.പി.എം അംഗമായിരുന്നു.

ചോദിച്ചുവാങ്ങിയ സ്ഥലംമാറ്റം

കാസർകോട് എ.ഡി.എമ്മായിരുന്ന നവീൻ ലോക്സഭ തിരഞ്ഞെടുപ്പ് സമയത്താണ് കണ്ണൂരിലെത്തിയത്. ഇവിടെ ഒരുവിഭാഗം സി പി.എം പ്രവർത്തകർക്ക് പ്രിയങ്കരനായിരുന്നു. വിരമിക്കാൻ കുറച്ച് കാലമേയുള്ളുവെന്ന് ചൂണ്ടിക്കാട്ടി നാട്ടിലേക്ക് സ്ഥലംമാറ്റം ആവശ്യപ്പെടുകയായിരുന്നു.

ദിവ്യയെ തള്ളാതെ സി.പി.എം

യാത്രയയപ്പ് യോഗത്തിൽ ദിവ്യ പറഞ്ഞ കാര്യങ്ങൾ അഴിമതിക്കെതിരെയുള്ള സദുദ്ദേശ്യപരമായ വിമർശനം മാത്രമാണെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ്

ചൂണ്ടിക്കാട്ടി. യോഗത്തിൽ ഇത്തരം പരാമർശങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്നും ദൗർഭാഗ്യകരവും അപ്രതീക്ഷിതവുമായ മരണമാണിതെന്നും പ്രസ്താവനയിൽ പറയുന്നു. സംഭവത്തിൽ ജില്ലാഘടകത്തോട് സംസ്ഥാന നേതൃത്വം വിവരങ്ങൾ തേടിയിട്ടുണ്ട്.


Source link
Exit mobile version