നിഖില വിമലിനെ ട്രോളുന്നവരോട്, നിങ്ങൾ ഈ സിനിമ കണ്ടിരുന്നോ?


കാണുന്നതിനപ്പുറം കാണാത്ത അർഥതലങ്ങളിലേക്കും അടരുകളിലേക്കും വ്യാഖ്യാന സാധ്യതകളിലേക്കും നമ്മെ നയിക്കുന്ന ലളിത സുന്ദരമായ ചലച്ചിത്രം. ‘വാഴൈ’ എന്ന തമിഴ് സിനിമയെ ഒറ്റവാക്കില്‍ അങ്ങനെ നിര്‍വചിക്കാം. പക്ഷേ അത് അപൂര്‍ണമാണെന്ന് പറയേണ്ടി വരും. കാരണം അവഗാഢമായ പഠനം ആവശ്യപ്പെടുന്ന എല്ലാ അർഥത്തിലും വേറിട്ട് നില്‍ക്കുന്ന സിനിമയാണിത്. വിശദീകരണങ്ങളുടെ പരിധി കടന്ന് വളരുന്ന, ചലച്ചിത്രം എന്ന കലയുടെ സമസ്ഥ സാധ്യതകളും ഫലപ്രദമായി വിനിയോഗിച്ചുകൊണ്ട് സാക്ഷാത്കാരം നിര്‍വഹിച്ചിട്ടുളള സിനിമ തന്നെയാണിത്. മാരി സെല്‍വരാജ് എന്ന ചലച്ചിത്രകാരന്‍ തന്റെ യുവത്വത്തിന്റെ ആദ്യപടിയില്‍ തന്നെ ഈ വിധത്തില്‍ സാര്‍വലൗകികമായ ഒരു ചലച്ചിത്രം എങ്ങനെ ഒരുക്കി എന്ന വിസ്മയത്തിനൊപ്പം അദ്ദേഹത്തിന്റെ അസാമാന്യ പ്രതിഭയോടുളള ആദരവോട് കൂടി മാത്രമേ ഈ സിനിമയെക്കുറിച്ച് പറഞ്ഞ് തുടങ്ങാന്‍ സാധിക്കു.

മാരി സെല്‍വരാജ് എന്ന വിസ്മയ പ്രതിഭ

സിനിമ എന്നാല്‍ എന്താണ്? അത് പലര്‍ക്കും പലതായിരിക്കും എന്നേ പറയാന്‍ സാധിക്കൂ. ഓരോ ചലച്ചിത്രകാരന്റെയും സെന്‍സിബിലിറ്റിയുടെ ഏറ്റക്കുറച്ചിലും പ്രകൃതവുമായി ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് അയാളുടെ സിനിമകള്‍. മലയാളത്തില്‍ മികച്ച ചലച്ചിത്രരചനയുടെ ഏറ്റവും ഉത്തമ മാതൃകകളില്‍ ഒന്നായി പരിഗണിക്കപ്പെടുന്ന ഒരു പേര് അടൂര്‍ ഗോപാലകൃഷ്ണന്റേതാണ്. കുറെക്കൂടി ജനകീയമായ കലാത്മക സ്വഭാവമുളള സിനിമകള്‍ ഒരുക്കിയവരില്‍ ഭരതനെ പോലുളളവരും ആദരിക്കപ്പെടുന്നുണ്ട്. എന്നാല്‍ കടുത്ത ചായക്കൂട്ടുകളും അതിഭാവുകത്വത്തിലേക്ക് വഴുതി വിഴുന്ന ആഖ്യാന സമീപനങ്ങളും പുറമെ കാണുന്ന ജീവിതസന്ധികള്‍ക്കപ്പുറം നില്‍ക്കുന്ന ധ്വനനശേഷിയുടെ അഭാവവും ഭരതനെ അടൂരിന്റെ തലത്തിലേക്ക് എത്തിക്കുന്നില്ല. പറയാതെ പറച്ചിലുകള്‍ എന്ന സിനിമാറ്റിക് സാധ്യതയെ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ എല്ലാവര്‍ക്കും സംവദിക്കാന്‍ പാകത്തില്‍ ആസ്വാദനക്ഷമമായ സിനിമകള്‍ ഒരുക്കിയ ചലച്ചിത്രകാരനാണ് കെ.ജി.ജോര്‍ജ്.

സ്വാഭാവികതയെ ഹനിക്കാതെ കടുത്ത വര്‍ണ്ണങ്ങളെ ആശ്രയിക്കാതെ ജോര്‍ജ് തന്റെ ദൗത്യം നിര്‍വഹിച്ചു. തനത് ശൈലിയില്‍ ആഖ്യാനം നിര്‍വഹിക്കുമ്പോള്‍ തന്നെ സമാനമായ പാത പിന്‍തുടരാന്‍ ശ്രമിക്കുന്നവരാണ് ദിലീഷ് പോത്തനും ലിജോ ജോസ് പല്ലിശേരിയും മറ്റും. മാരി സെല്‍വരാജ് ഇതില്‍ നിന്നെല്ലാം വിഭിന്നനാണ്. ജോര്‍ജിന്റെയും ഭരതന്റെയും അടൂരിന്റെയും അരവിന്ദന്റെയും സത്യജിത്ത്‌റായിയുടെയുമെല്ലാം ഗുണപരമായ അംശങ്ങള്‍ സ്വാംശീകരിച്ച്- അതേസമയം ആരെയും അനുകരിക്കാതെ തനത് വഴിയില്‍ സഞ്ചരിച്ചുകൊണ്ട് നവഭാവുകത്വം സൃഷ്ടിക്കാനാണ് അദ്ദേഹത്തിന്റെ ശ്രമം.

പ്രകൃതിയും ജീവജാലങ്ങളും കഥാപാത്രമാവുന്നു
പല ചലച്ചിത്രകാരന്‍മാരും ദൃശ്യഭംഗിക്കായി മാത്രം പ്രകൃതിദൃശ്യങ്ങളെ അടക്കം ഉപയോഗപ്പെടുത്തുന്നത് കണ്ടിട്ടുണ്ട്. മാരിസെല്‍വരാജ് ഇക്കാര്യത്തില്‍ പോലും ഔചിത്യം ദീക്ഷിക്കുന്നു. കഥനത്തിന്റെ ആത്മാവുമായി ഇഴചേര്‍ന്നു കിടക്കും വിധമാണ് അദ്ദേഹം പശ്ചാത്തലത്തെ ഉപയോഗിച്ചിട്ടുളളത്. അതേ സമയം മനോഹരമായ ഫ്രെയിമുകള്‍ നമുക്ക് ലഭിക്കുകയും ചെയ്യുന്നു. പ്രകൃതിയും തന്റെ സിനിമയിലെ ഒരു മിഴിവുറ്റ കഥാപാത്രമാക്കി മാറ്റിയിരിക്കുന്നു മാരി. വാഴക്കുല, പശു, പുഴു, ഓന്ത്…എന്നു വേണ്ട സകല സചേതന-അചേതന വസ്തുക്കളെയും കഥാകഥനത്തിന്റെ പുര്‍ണ്ണതയ്ക്കായി പ്രയോജനപ്പെടുത്തിയരിക്കുന്നു. 

ചില സന്ദര്‍ഭങ്ങളിലെ വൈകാരിക സംഘര്‍ഷങ്ങളില്‍ ഈ മിണ്ടാപ്രാണികളൂടെ പ്രതികരണം കൂടി ദൃശ്യവത്കരിച്ചിട്ടുണ്ട്. അതിസൂക്ഷ്മാംശങ്ങള്‍ കൊണ്ട് കെട്ടിപ്പടുത്ത ഒരു സിനിമയാണ് വാഴൈ. ഇതിന്റെ കഥ എന്ത് എന്ന് ചോദിച്ചാല്‍ നമുക്ക് ഉത്തരം മുട്ടും. വ്യവസ്ഥാപിതമായ അര്‍ഥത്തില്‍ ആദിമധ്യാന്തം കൃത്യമായി ദീക്ഷിക്കുകയും അനുക്രമമായ വികാസപരിണാമങ്ങളിലൂടെ സഞ്ചരിക്കുന്ന നിരവധി ഉള്‍പ്പിരിവുകളും വഴിത്തിരിവുകളും സ്‌തോഭജനകമായ കഥാസന്ദര്‍ഭങ്ങളും കുത്തിനിറച്ച സ്റ്റീരിയോ ടൈപ്പ് സിനിമകള്‍ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത തലത്തിലേക്കാണ് മാരി സെല്‍വന്റെ സഞ്ചാരം.
ഏത് കാലത്തും ഏത് ദേശത്തും പ്രസക്തവും സംഗതവുമായ മാനുഷിക വികാരങ്ങളും അവസ്ഥാന്തരങ്ങളും അതിന്റെ പ്രതിഫലനങ്ങളും അത് സഹജീവികളില്‍ സൃഷ്ടിക്കുന്ന പ്രതികരണങ്ങളും അനുഭൂതികളും എല്ലാം ഉള്‍ച്ചേര്‍ന്ന് പരിപക്വമായ ഒരു ഭാവനാ ലോകം സൃഷ്ടിക്കുകയാണ് സംവിധായകന്‍. സിനിമയുടെ കഥ എന്ന സങ്കല്‍പ്പത്തെ ഒരിക്കല്‍ മലയാളത്തിന്റെ എം.ടി ഇങ്ങനെ നിര്‍വചിക്കുകയുണ്ടായി. 
‘‘ചിലന്തിവലയെ നിറം പിടിപ്പിക്കുന്ന അന്തിക്കതിര് പോലെ അത്ര വിലോലവും 
സൂക്ഷ്മവുമാകാം. അതും കഥ എന്ന വകുപ്പില്‍ പെടുന്നു.’’

കഥയില്ലായ്മയെ കഥയുളള സിനിമയാക്കി പരിവര്‍ത്തിപ്പിക്കുന്ന മാന്ത്രികവിദ്യ മാരി സെല്‍വരാജ് നമുക്ക് കാണിച്ചു തരുന്നു. സാമ്പ്രദായികമായ അർഥത്തിലുളള കഥ എന്ന സങ്കല്‍പ്പം വിട്ട് ചില സുപ്രധാനമായ വിഷയങ്ങള്‍ മൂന്നോട്ട് വയ്ക്കുകയാണ് ചലച്ചിത്രകാരന്‍. അതില്‍ വിശപ്പ്, ജോലി, കൂലി, സ്‌നേഹം, ബന്ധങ്ങള്‍…എല്ലാം കടന്നു വരുന്നുണ്ട്. 
സിനിമയുടെ രാഷ്ട്രീയം
ചില സിനിമകളിലെ മൈതാനപ്രസംഗം പോലെ അലറുന്ന രാഷ്ട്രീയമോ ശ്രീനിവാസന്‍ സിനിമകളിലെ സ്പൂണ്‍ ഫീഡിങ് -സ്റ്റഡി ക്ലാസ് രാഷ്ട്രീയമോ അല്ല മാരി സെല്‍വരാജ് മുന്നോട്ട് വയ്ക്കുന്നത് . ധ്വനിസാന്ദ്രമായ ചില പ്രതീകങ്ങളിലുടെ ബിംബങ്ങളിലൂടെ സൂചകങ്ങളിലൂടെ സംഭാഷണ ശകലങ്ങളിലുടെ അദ്ദേഹം തന്റെ നിലപാടുകള്‍ മുന്നോട്ട് വയ്ക്കുന്നു. പ്രകടനപരതയും തുറന്നു പറച്ചിലുകളും പാടെ ഒഴിവാക്കി തന്റെ നിലപാടുകള്‍ സ്‌റ്റോറി ടെല്ലിങില്‍ ഇന്‍ബില്‍റ്റായി നിലനിര്‍ത്താണ് അദ്ദേഹത്തിന്റെ ശ്രമം.
ചേച്ചിയുടെ നിര്‍ദ്ദേശപ്രകാരം മൈലാഞ്ചിയുമായി അവരുടെ കാമുകനെ കാണാന്‍ പോകുന്ന ശിവനൈന്ദന്‍ മരിച്ചു പോയ തന്റെ അച്ഛന്റെ സമ്പാദ്യം എന്ന് പറഞ്ഞ് ഒരു കടലാസ് തുണ്ട് അയാള്‍ക്ക് കൈമാറുന്നു. അയാള്‍ നോക്കുമ്പോള്‍ ചുവന്ന നിറത്തിലുളള ഒരു അരിവാള്‍ ചുറ്റിക നക്ഷത്രചിഹ്‌നമാണ് അത്. ചേച്ചിയുടെ കാമുകന്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്കായി തന്റെ നിലനില്‍പ്പ് പോലും മറന്ന് ശക്തമായ ഇടപെടലുകള്‍ നടത്തുന്നയാളാണ്.

കമ്യുണിസ്റ്റ് പാര്‍ട്ടികള്‍ കോര്‍പറേറ്റ്‌വത്കരിക്കപ്പെട്ട ഒരു കാലഘട്ടത്തിലും ആത്മാര്‍ഥതയുളളവര്‍ അതിന്റെ സാധ്യതകള്‍ നിലനിര്‍ത്തുന്നു എന്ന ധ്വനിയും സിനിമ മുന്നോട്ട് വയ്ക്കുന്നു. മരിച്ചത് സിദ്ധാന്തമല്ല അത് നടപ്പാക്കിയവരുടെ മനസുകളാണെന്ന അധികവായന കൂടി ഈ സിനിമ നമുക്ക് നല്‍കുന്നു. അധസ്ഥിത- കീഴാള വിഭാഗത്തില്‍ പെട്ട ഒരു ജനതയുടെ അനുഭവമണ്ഡലമാണ് സിനിമയുടെ കഥാപരിസരം. വാഴക്കൃഷിക്കാരനായ ഒരു വ്യാപാരി, ഇടനിലക്കാരന്‍, ഒരു രൂപയ്ക്ക് പണിയെടുക്കുന്ന-ഒരു രൂപ മാത്രം കൂലിക്കൂടുതല്‍ മോഹിക്കുന്ന- അത്ര നിര്‍ദ്ധനരും നിരാവലംബരുമായ തൊഴിലാളികള്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമമാണ് കഥയുടെ ഡീപ്പ് ഫോക്കസ്. കഥ എന്നതിലുപരി മനുഷ്യാവസ്ഥയുടെ ചില പരിചേ്ഛദങ്ങളിലൂടെയാണ് സിനിമയുടെ യാത്ര. 

എന്നിരുന്നാലും ആത്യന്തികമായി സിനിമ പറയാന്‍ ശ്രമിക്കുന്നത് മുതലാളിത്തത്തിന്റെ സങ്കുചിതത്വവും അമിത ലാഭേച്ഛയും തൊഴിലാളികളുടെ ജീവിതം എത്രമേല്‍ ദുരന്താത്മകമാക്കുന്നു എന്ന് തന്നെയാണ്. അദ്ധ്വാനവര്‍ഗത്തെ മനുഷ്യരായി പോലും പരിഗണിക്കാന്‍ തയ്യാറാകാത്തവരുടെ മനസ് വെളിവാക്കുന്നു വാഴൈ. 
ഇഷ്ടത്തിന്റെ നാനാര്‍ഥങ്ങള്‍
ബന്ധങ്ങളിലെ സൂക്ഷ്മവ്യതിയാനങ്ങളെ കൃത്യമായി നിരീക്ഷിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നുണ്ട് വാഴൈ. ചില ഒളിമിന്നാട്ടങ്ങള്‍ നടത്തുകയാണ് തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍.പൂങ്കൊടി (നിഖില വിമല്‍) എന്ന അധ്യാപികയോട് ശിവന്‍ എന്ന സ്‌കൂള്‍ കുട്ടിക്ക് തോന്നുന്ന വികാത്തെ പോലും സംവിധായകന്‍ നമുക്ക് മുന്നില്‍ പൂര്‍ണമായി വെളിപ്പെടുത്തുന്നില്ല. ടീച്ചര്‍ സുന്ദരിയാണെന്ന് കൂടെക്കൂടെ പറയുന്ന അവന്‍ അവരുടെ തൂവാല മോഷ്ടിച്ച് രഹസ്യമായി അതിന്റെ മണം ഉളളിലേക്ക് വലിച്ചെടുക്കുന്നുണ്ട്. കൗമാരക്കാരനായ ഒരു കുട്ടിയുടെ ഉളളില്‍ പതിയെ പുഷ്പിക്കുന്ന പ്രണയമാണോ അതെന്ന് നാം സംശയിക്കുന്നു. ടീച്ചര്‍ക്കൊപ്പം ചേര്‍ന്നിരുന്ന് സൈക്കിളില്‍ യാത്ര ചെയ്യാനുളള അവന്റെ മോഹം പോലും അവന്‍ അവരുടെ സാമീപ്യം ആഗ്രഹിക്കുന്നു എന്ന തോന്നലുളവാക്കുന്നു. എന്നാല്‍ പിന്നീട് ഒരു രംഗത്തില്‍  അവന്‍ ടീച്ചറോട് പറയുന്നുണ്ട്.

ചില സമയത്ത് ടീച്ചറെ കാണാന്‍ എന്റെ അമ്മയെ പോലെ സുന്ദരിയാണ്. ചില സമയത്ത് എന്റെ ചേച്ചിയെ പോലെ സുന്ദരിയാണ്. അവന്റെ അമ്മയും ചേച്ചിയും ബാഹ്യമായി സുന്ദരികളല്ല. പക്ഷേ അവരുടെ ആന്തരികഭംഗി അവന്റെ ആത്മാവിനെ ആഴത്തില്‍ സ്പര്‍ശിച്ചിട്ടുണ്ട്. സമാനമായ അനുഭവം ടീച്ചറുമായുളള സഹവാസത്തിലും അവന് ലഭിക്കുന്നു. അതില്‍ സാഹോദര്യത്തിനും മാതൃത്വത്തിനും അപ്പുറം ഗുരുഭാവവും ചില ഘട്ടങ്ങളില്‍ പ്രണയാതുരത പോലുമുണ്ട്. (അവന്റെ മാത്രം കാഴ്ചപ്പാടില്‍ മാത്രം) അവന്റെ കുസൃതികളെല്ലാം തികഞ്ഞ സ്‌നേഹവാത്സല്യത്തോടെ ആസ്വദിക്കുക മാത്രമാണ് ടീച്ചര്‍ ചെയ്യുന്നത്. 
മോഷ്ടിക്കപ്പെട്ട തൂവാല ടീച്ചര്‍ അവന് മടക്കി കൊടുക്കുന്ന സീനില്‍ അവന്‍ അവരുടെ ഇഷ്ടം തിരിച്ചറിയുന്നുണ്ടെങ്കിലും അവന്‍ കാണുന്ന അര്‍ഥമല്ല അവര്‍ കാണുന്നത്. ഈ വിധത്തില്‍ ഒരു രംഗത്തിന് തന്നെ രണ്ട് തരം വായനകള്‍ സാധ്യമാക്കാന്‍ മാരി സെല്‍വരാജിന് സാധിക്കുന്നു. എന്നാല്‍ അവന്‍ ടീച്ചറെ പ്രണയിക്കുന്നതായി അദ്ദേഹം ഒരിടത്തും സ്പഷ്ടമാക്കുന്നതുമില്ല. പ്രണയം എന്ന് പൂര്‍ണമായി വിളിക്കാനാവാത്ത വിധമുളള ഒരു ഇഷ്ടം ഒരു കൗമാരക്കാരന്റെ ഉളളില്‍ പതിയെ ചിറവ് വിടര്‍ത്തുന്നതിന്റെ സൂക്ഷ്മ ഭാവങ്ങള്‍ ധ്വനിപ്പിക്കുകയാണ് സംവിധായകന്‍. അതേ സമയം പൂങ്കൊടി ടീച്ചര്‍ അവനെ സംബന്ധിച്ച് അമ്മയും ചേച്ചിയും ഗുരുവും കാമുകിയും സുഹൃത്തും എല്ലാമാണ്. ഒരു സ്ത്രീയില്‍ ഒരേ സമയം പല തലങ്ങള്‍ തിരയാന്‍ കഴിയുമെന്ന ധ്വനിയും സിനിമ മുന്നോട്ട് വയ്ക്കുന്നു. ജീവിതത്തെയും മനുഷ്യാവസ്ഥയെയും മനുഷ്യപ്രകൃതത്തെയും മനോഭാവങ്ങളെയും ആഴത്തില്‍ വിശകലനം ചെയ്യാനും കണ്ടെടുക്കാനും സിനിമയ്ക്ക് കഴിയുന്നു.
പൂങ്കൊടി ആ കൗമാരക്കാരനെ സംബന്ധിച്ച് പരുക്കന്‍ പ്രതലത്തിലുടെ മാത്രം സഞ്ചരിക്കുന്ന അവന്റെ ജീവിതത്തിലെ വിളക്കും വെളിച്ചവുമാണ്. ജീവിത ദുരിതങ്ങളില്‍ അവന്‍ സാന്ത്വനം കണ്ടെത്തുന്നത് അവളുടെ സാമീപ്യത്തിലാണ്. തൂവാലയിലെ അവളുടെ ഗന്ധം പോലും അവന് പ്രിയങ്കരമാണ്. തൂവാല മടക്കികൊടുക്കുമ്പോള്‍ ശിവന്‍ പറയുന്ന ഒരു വാചകമുണ്ട്.
‘സോപ്പിട്ട് ഞാന്‍ നന്നായി വാഷ് ചെയ്തതാണ് ടീച്ചര്‍. എന്നിട്ടും ടീച്ചറുടെ മണം പോയിട്ടില്ല’
പ്രണയം എങ്ങനെയാണ് ഒരു സിനിമയില്‍ ആവിഷ്‌കരിക്കപ്പെടുക? ഇന്നും ഐ ലവ് യു എന്ന് ആര്‍ത്ത് വിളിച്ച് ഡ്യൂയറ്റും പാടി നടക്കുന്ന തരം സിനിമകള്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ മാരി സെല്‍വന്‍ ചില രൂപകങ്ങളിലുടെ അമര്‍ത്തിയ നോട്ടങ്ങളിലുടെ നിശ്ശബ്ദ ഭാവങ്ങളിലുടെ ഒരു ഫ്‌ളാഷ് ലൈറ്റ് പോലെ മിന്നിമായുന്ന ദൃശ്യശകലങ്ങളിലൂടെ ഇത് അഭിവ്യഞ്ജിപ്പിക്കുന്നു. ശിവന്റെ അക്ക കനിയും തൊഴിലാളി നേതാവും തമ്മിലുളള ഇഷ്ടം നേരിയ സൂചനകളിലുടെ മാത്രമാണ് സിനിമയില്‍ വെളിപ്പെടുന്നത്. ഒരിക്കല്‍ അവള്‍ കുറച്ച് മൈലാഞ്ചി ആങ്ങള വഴി അയാളുടെ വീട്ടിലെത്തിക്കുന്നുണ്ട്. ആണുങ്ങള്‍ക്കെന്തിനാണ് മൈലാഞ്ചി എന്ന് ശിവന്‍ ചോദിക്കുമ്പോള്‍ കനി പറയുന്നു.
‘ഞാന്‍ കൊടുത്താല്‍ അയാള്‍ അതിടും’
പിറ്റേന്ന് ലോറിയില്‍ വാഴ പറിക്കുന്നിടത്തേക്കുളള യാത്രയില്‍ ഒരാള്‍ക്കൂട്ടത്തിന് നടുവില്‍ നിന്നുകൊണ്ട് മറ്റാരും കാണാതെ അവന്‍ മൈലാഞ്ചിയിട്ട കൈകള്‍ നിവര്‍ത്തി കാണിക്കുന്നു. തിരിച്ച് കനിയും തന്റെ മൈലാഞ്ചി കൈകള്‍ കാണിക്കുന്നു. തുടര്‍ന്നുളള ഏതാനും സെക്കന്‍ഡുകള്‍ മാത്രം നീണ്ടു നില്‍ക്കുന്ന അവരുടെ നോട്ടവും ഭാവവും കൊണ്ട് തന്നെ ആ പ്രണയം പ്രേക്ഷകന്റെ ഹൃദയത്തില്‍ പതിയുന്നു. മനുഷ്യബന്ധങ്ങളുടെ ഒരുപാട് വേറിട്ട തലങ്ങള്‍ ഈ സിനിമ സൂക്ഷ്മമായി അടയാളപ്പെടുത്തുന്നുണ്ട്. പുറമെ പരുക്കനും ക്രൂരനുമായി തോന്നിക്കുന്ന ഇടനിലക്കാരന്‍ തൊഴിലാളികള്‍ക്ക് മുന്നില്‍ മുതലാളിക്ക് വേണ്ടി വാദിക്കുന്നു. മുതലാളിയെ കാണുമ്പോള്‍ തൊഴിലാളികളുടെ ദൈന്യം പറയുന്നു. അയാളുടെ പോലും ഉളളിന്റെയുളളിലെ മാനുഷികത ചലച്ചിത്രകാരന്‍ പറയാതെ പറയുന്നുണ്ട്. 
പൂങ്കൊടിയായി അതിമനോഹരമായ അഭിനയമാണ് നിഖില കാഴ്ച വയ്ക്കുന്നത്. ഇവിടെ അവരുടെ അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് നിഖിലയെ ട്രോളുന്നവരും പരിഹസിക്കുന്നവരും ഈ സിനിമ ഒന്നു കണ്ടുനോക്കുന്നത് നല്ലതാകും. നിഖിലയുടെ തിരക്കഥ തിരഞ്ഞെടുപ്പു കൂടി പരിശോധിച്ചു നോക്കൂ. കഥയിൽ അവരെ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമകൾ മാത്രമേ ഇന്നുവരെയും ചെയ്തിട്ടുള്ളൂ. ഒരു മലയാള സിനിമയുടെ തിരക്കഥയിൽ തനിക്കൊരു തേങ്ങയും ചെയ്യാനില്ലായിരുന്നതുകൊണ്ട് ആ വേഷം ഒഴിവാക്കിയെന്ന് തുറന്നു പറഞ്ഞ താരമാണവർ.

സംവിധായകൻ മാരി സെൽവരാജിനൊപ്പം നിഖില വിമൽ

പൂര്‍ണതയുടെ ഫലപ്രാപ്തി
അനുഭവ തലസ്പര്‍ശിയാണ് വാഴൈ. ഒരു സിനിമ നമ്മെ പൊട്ടിക്കരയിക്കുമ്പോഴല്ല അത് മികവുറ്റതാകുന്നത്. മനസില്‍ കനത്ത വിങ്ങല്‍ സൃഷ്ടിക്കുകയും നീറിനീറിപ്പിടിക്കും വിധം സമാനതകളില്ലാത്ത അനുഭവം സമ്മാനിക്കാന്‍ കഴിയുമ്പോഴാണ്. ‘വാഴൈ’ നമ്മുടെ നെഞ്ചില്‍ ആഴത്തില്‍ പതിയുന്ന കനത്ത ആഘാതം ഏല്‍പ്പിക്കുന്ന ചിത്രമാണ്. മെലോഡ്രാമ പോലുളള പഴഞ്ചന്‍ സങ്കേതങ്ങളെ പടിക്ക് പുറത്തു നിര്‍ത്തി സ്വാഭാവികവും ജൈവികവും മിതത്വം പുലര്‍ത്തുന്നതുമായ ഒരു ആഖ്യാനരീതിയിലുടെ കാണികളെ കയ്യിലെടുക്കുന്നു മാരി സെല്‍വരാജ്. എക്കാലത്തെയും മനുഷ്യാവസ്ഥയുടെ പരിചേ്ഛദമായി ഈ ചിത്രം മാറുന്നു.
സിനിമയുടെ ദൃശ്യപരിചരണത്തില്‍ സംവിധായകന്‍ പുലര്‍ത്തുന്ന അവധാനത എടുത്തു പറയേണ്ടതാണ്. ഫലപ്രദമായ ആഖ്യാനത്തിന് ഉപയുക്തമായ ഷോട്ടുകള്‍ മാത്രം ഉപയോഗിച്ച് ഗിമ്മിക്കുകളെ പാടെ പുറത്ത് നിര്‍ത്തിയിരിക്കുന്നു. പശ്ചാത്തലസംഗീതവും ഗാനങ്ങളും എല്ലാം സിനിമയുടെ ഇമോഷനല്‍ ഗ്രാഫ് എന്‍ഹാന്‍സ് ചെയ്യുന്നതിനും കഥ നടക്കുന്ന അന്തരീക്ഷവും മൂഡും അഭിവ്യഞ്ജിപ്പിക്കുന്നതിനുമായി കൃത്യതയോടെ ഉപയോഗിച്ചിരുന്നു. 
അഭിനേതാക്കളെ പ്രയോജനപ്പെടുത്തിയ രീതിയും ശ്രദ്ധേയമാണ്. മിതത്വമാര്‍ന്ന ഭാവഹാവാദികള്‍ സഹജമായുളള നിഖില വിമലിനെ തന്നെയാണ് ടീച്ചറുടെ കഥാപാത്രത്തിനായി സംവിധായകന്‍ തെരഞ്ഞെടുത്തിട്ടുളളത്. ഇതര കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ പോലും തമിഴിലെ തിളക്കമുളള താരങ്ങളല്ല. പക്ഷേ അവര്‍ കഥാപാത്രവുമായി രൂപപ്പൊരുത്തമുളളവരും ആ കഥാപാത്രങ്ങളിലുടെ സംവിധായകന്‍ വിനിമയം ചെയ്യാനുദ്ദേശിച്ച ഭാവപ്രസരണം കൃത്യമായി സാധ്യമാക്കാന്‍ കഴിവുളളവരുമാണ്. ശിവന്റെ കൂട്ടുകാരനായി വരുന്ന കറുത്ത് വിരുപനായ കുട്ടി പോലും യഥാര്‍ഥ ജീവിതത്തില്‍ നിന്നെന്ന പോലെയാണ് പെരുമാറുന്നത്.
തമിഴ് സിനിമ എക്കാലവും ‘മരണ’ ആക്ടിങിന് മുന്‍തൂക്കം നല്‍കുന്ന ഒരു ശൈലിയാണ് സ്വീകരിച്ചു കണ്ടിട്ടുളളത്. അതില്‍ നിന്ന് വിഭിന്നമായി ബിഹേവിങിന് മുന്‍തൂക്കമുളള വിധത്തില്‍ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ സംവിധായകന്‍ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. മനുഷ്യബന്ധങ്ങളിലെ സൂക്ഷ്മവ്യതിയാനങ്ങള്‍ കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമയാണ് വാഴൈ. പല ലയറുകള്‍ ഉളള സിനിമയില്‍ ഒന്നും പരസ്പരം വേറിട്ട് നില്‍ക്കാത്ത വിധം സമര്‍ത്ഥമായി ബ്ലന്‍ഡ് ചെയ്യാന്‍ ചലച്ചിത്രകാരന് കഴിഞ്ഞിട്ടുണ്ട്. 
ഒരു കാലഘട്ടത്തില്‍ (ഒരു പരിധി വരെ ഇന്നും) തമിഴ് ഗ്രാമീണ ജനത അനുഭവിച്ച ചൂഷണത്തിന്റെയും മനുഷ്യത്വരാഹിത്യത്തിന്റെയും അടിമ സംസ്‌കാരത്തിന്റെയും അനുരണങ്ങള്‍ വരഞ്ഞിടുന്ന ചിത്രം അതിനിടയില്‍ ജീവിതം മൂന്നോട്ട് കൊണ്ടു പോകാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ നിസഹായതയുടെയുംഅതിജീവനത്തിന്റെയുമെല്ലാം മുഖങ്ങള്‍ എടുത്തു കാട്ടുന്നു. 

സിനിമ ജീവിതത്തിന്റെ പരുഷയാഥാര്‍ത്ഥ്യങ്ങള്‍ ആലേഖനം ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഡോക്യുമെന്റേഷനായി പരിമിതപ്പെടുന്ന അവസ്ഥയ്ക്കും നമ്മള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാല്‍ മാരി സെല്‍വന്‍ എന്ന മൗലിക പ്രതിഭയ്ക്ക് ഈ ദുരന്തം സംഭവിക്കുന്നില്ല. വസ്തുതകളെയും യാഥാര്‍ത്ഥ്യങ്ങളെയും ഭാവനാത്മകവും വൈകാരികവും അനുഭൂതിദായകവുമായി പരിവര്‍ത്തിപ്പിക്കാനും മികച്ച തിരക്കഥയുടെ രൂപശില്‍പ്പത്തില്‍ സമന്വയിപ്പിക്കാനും അദ്ദേഹത്തിന് സാധിക്കുന്നു. ആഖ്യാനത്തിലെ അനായാസതയാണ് (ഈസിനെസ്) സിനിമയുടെ മറ്റൊരു മേന്മ. കഥാപാത്രങ്ങളുടെ രുപഭാവങ്ങളും ചലനങ്ങളും കഥാ സന്ദര്‍ഭങ്ങളുമെല്ലാം ചലച്ചിത്രത്തിന്റെ ഘടനയില്‍ പ്ലേസ് ചെയ്ത രീതിയും അതിന്റെ സ്വാഭാവികമായ ഒഴുക്കുമെല്ലാം വളരെ ജൈവികമെന്ന് തോന്നുന്ന വിധത്തില്‍ ആവിഷ്‌കരിക്കാന്‍ ചലച്ചിത്രകാരന് കഴിഞ്ഞിരിക്കുന്നു.
പ്രമേയത്തിലോ പ്രതിപാദനത്തിലോ യാതൊരു വിധ സാധര്‍മ്യങ്ങളുമില്ലെങ്കിലും പാഥേര്‍ പാഞ്ചലി അടക്കമുളള ക്ലാസിക്കുകളെ ഓര്‍മ്മിപ്പിക്കുന്ന തലത്തിലേക്ക് വാഴൈ എന്ന സുന്ദരമായ ചലച്ചിത്രാനുഭവം ഉയരുന്നു. ആകത്തുക കണക്കിലെടുത്താല്‍ കാവ്യാത്മകമായ അനുഭവം തന്നെയാണ് ചിത്രം. എന്നാല്‍ പോയറ്റിക് എന്നടാഗ് ലൈനുമായി വന്ന പല പടങ്ങളും പൈങ്കിളിവത്കരണത്തിലേക്ക് തരം താഴുന്നതായാണ് പൊതുവെ കണ്ടു വരാറുളളത്. എന്നാല്‍ വാഴ സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും പരുക്കന്‍ ജീവിതാവസ്ഥകളെയും ആഴത്തില്‍ അനുഭവിപ്പിച്ചുകൊണ്ട് തന്നെ ജീവിതത്തിന്റെ സ്‌നിഗ്ധവും സുന്ദരവും സുരഭിലവുമായ മുഖങ്ങള്‍ അനാവരണം ചെയ്യുന്ന ഒരു അസാധാരണ കലാസൃഷ്ടിയാണ്. 
വിശപ്പ് എന്ന ഭയാനക സത്യം
സിനിമയില്‍ ഒരിടത്തും കഥാപാത്രങ്ങളോ സംവിധായകനോ രംഗത്ത് വന്ന് വിശപ്പിന്റെ വിലയെക്കുറിച്ച് ഉത്‌ഘോഷിക്കുന്നില്ല. പക്ഷെ അത് ആദിമധ്യാന്തം നമ്മെ അനുഭവിപ്പിക്കുകയാണ്. ഗൃഹനാഥന്‍ നഷ്ടപ്പെട്ട ഒരു കുടുംബത്തിലെ മൂന്ന് വയറുകള്‍ ( അമ്മ, മകള്‍, മകന്‍) നിറയുന്നതിനായാണ് മൂന്നു പേരും വാഴക്കുല ചുമക്കുന്ന പണിയെടുക്കാനായി പോകുന്നത്. ഒരു കൊച്ചുകുട്ടിയെ സംബന്ധിച്ച് ഏറെ ശ്രമകരവും ആയാസപൂര്‍ണ്ണവുമാണ് ആ ജോലി. അവനാകട്ടെ അത് ചെയ്യാന്‍ തീരെ താത്പര്യവുമില്ല.എന്നിട്ടും വീട്ടിലെ സാഹചര്യങ്ങള്‍ മൂലം അവന്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതനാവുകയാണ്. 
തൊഴില്‍ ചെയ്യാന്‍ ഇറങ്ങി പുറപ്പെടുന്ന അവന്‍ ഉള്‍പ്പെടെയുളളവര്‍ അനുഭവിക്കുന്ന നീതിനിഷേധത്തെയും സിനിമ ആനുഷംഗികമായി അഭിവ്യഞ്ജിപ്പിക്കുന്നു. ഒരു രുപയില്‍ നിന്ന് രണ്ട് രൂപ കൂലിക്കൂടുതല്‍ ചോദിച്ചത് മുതലാളിക്ക് ഇഷ്ടമാകുന്നില്ല. അയാള്‍ അതിന് പകരം വീട്ടുന്നത് മറ്റൊരു വിധത്തിലാണ്. വാഴത്തോട്ടത്തില്‍ നിന്നും നാട്ടിലേക്കുളള മടക്കയാത്രയില്‍ അയാള്‍ അവര്‍ക്ക് മറ്റൊരു വാഹനസൗകര്യം ഒരുക്കുന്നില്ല. പകരം വാഴക്കുല അട്ടിയടുക്കിയ ലോറിക്ക് മുകളില്‍ കിടന്ന് യാത്ര ചെയ്തുകൊളളാന്‍ പറയുന്നു. അതിന്റെ പ്രയാസങ്ങള്‍ ഇടനിലക്കാരന്‍ വിശദീകരിച്ചിട്ട് ചെവിക്കൊളളാന്‍ അയാള്‍ തയ്യാറാകുന്നില്ല. കൂലി ചോദിച്ചതാണ് അയാളെ പ്രകോപിപ്പിക്കുന്നത്. കഥാന്ത്യത്തില്‍ ഓവര്‍ലോഡ് കയറ്റിയ ലോറി ബാലന്‍സ് നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ് നിരവധി പേരുടെ ജീവന്‍ അപഹരിക്കുന്നു. അക്കൂട്ടത്തില്‍ ശിവന്റെ സഹോദരിയും അവളുടെ കാമുകനുമുണ്ട്. 
ആ മരണത്തിന് തൊട്ടുമുന്‍പ് സ്‌കൂളില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്ന ശിവന്‍ വിശപ്പ് സഹിക്ക വയ്യാതെ അടുത്തുകണ്ട വാഴത്തോപ്പില്‍ നിന്നും കുല ചായ്ച്ച് ഒരു പഴം കഴിക്കുന്നു. അതിന്റെ ഉടമ അവനെ ക്രൂരമായി ഉപദ്രവിക്കുന്നു. വിശന്നിട്ടാണെന്ന അവന്റെ പരിദേവനം ചെവിക്കൊളളാന്‍ അയാള്‍ തയ്യാറാകുന്നില്ല. ഭാരമേറിയ കുല ചുമന്നു കൊണ്ട് അവിടെ നില്‍ക്കാന്‍ അയാള്‍ ആവശ്യപ്പെടുന്നു. അയാളൂടെ കണ്ണുവെട്ടിച്ച് കടന്നു കളഞ്ഞ അവന്‍ വീട്ടിലെത്തി കഞ്ഞിക്കലത്തില്‍ നിന്നും ചോറ് വാരിക്കഴിക്കുമ്പോള്‍ അവന്‍ കുല ചുമക്കാന്‍ പോയില്ലെന്ന് മനസിലാക്കിയ അമ്മ അവനെ ഭക്ഷണം കഴിക്കാന്‍ അനുവദിക്കാതെ പൊതിരെ തല്ലുന്നു. വിശപ്പിന്റെ സമ്മാനം അവന് എക്കാലവും അടിയായിരുന്നു. ഇതേ ദിവസം തന്നെയാണ് നാട്ടില്‍ കൂട്ടമരണം സംഭവിക്കുന്നത്. അപ്പോഴേക്കും വിശപ്പ് കൊണ്ട് വീണുപോകുമെന്ന അവസ്ഥയിലാണ് അവന്‍. മറ്റ് പോം വഴിയില്ലാതെ വീട്ടില്‍ കയറി ചോറ് വിളമ്പി ഒരുപിടി വാരുന്നതിനിടയിലാണ് അവിചാരിതമായി അമ്മ അവിടേക്ക് വരുന്നത്. മകള്‍ നഷ്‌പ്പെട്ട അവര്‍ വികാരവായ്‌പോടെ മകന്റെ അടുത്തേക്ക് വരുന്നു. എന്നാല്‍ തല്ലാനാണ് വരുന്നതെന്ന് ഭയന്ന അവന്‍ ദൂരേയ്ക്ക് ഓടി പോകുന്നു. ഏറെ ദൂരം ഓടിത്തളര്‍ന്ന അവന്‍ തലചുറ്റി വാഴത്തോട്ടത്തിന് നടുവിലെ അഴുക്കു ചാലിലേക്ക് വീഴുന്നിടത്ത് സിനിമ അവസാനിക്കുന്നു.
വിശപ്പ്, തൊഴിലിടത്തിലെ ചൂഷണം, പീഢിത വര്‍ഗം അനുഭവിക്കുന്ന പ്രയാസങ്ങള്‍, പരുക്കന്‍ അനുഭവങ്ങള്‍ക്കിടയിലും അവര്‍ക്കിടയില്‍ തളിരിടുന്ന മൃദുഭാവങ്ങള്‍, ജീവിതോത്സുകത…അങ്ങനെ നിരവധി അടരുകള്‍ ഒളിപ്പിച്ചു വച്ച ഒരു കൊച്ചു സിനിമ. പ്രാതികൂല്യങ്ങളോട് ധീരമായി പടവെട്ടി മുന്നേറുന്ന അടിയാള വര്‍ഗത്തിന്റെ മനസ് വെളിപ്പെടുത്തുന്ന ഒരു സീനുണ്ട് സിനിമയില്‍. ഇത്ര ചെറുപ്രായത്തിലേ ശിവനെ പണിക്ക് വിടണോ എന്ന് സഹോദരി ചോദിക്കുമ്പോള്‍ അമ്മ നല്‍കുന്ന ഒരു മറുപടിയുണ്ട്. 
‘അവന്റെ അച്ഛന്‍ മരിച്ചപ്പോള്‍ ഞാന്‍ തളര്‍ന്നിരുന്നെങ്കില്‍ നിങ്ങള്‍ ഉണ്ടാകുമായിരുന്നോ…നാളെ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അവന്‍ എങ്ങനെ ജീവിക്കും?’
ഈ വിധത്തില്‍ ജീവിതത്തിന്റെ വിപരീതാവസ്ഥകളും മനുഷ്യന്റെ പ്രതിരോധങ്ങളും അതിനിടയിലെ ബന്ധങ്ങളുടെ മനോഹാരിതയും കാവ്യഭംഗിയോടെ വരച്ചുകാട്ടുന്നു വാഴൈ.  യഥാര്‍ഥ സംഭവങ്ങളെ ആധാരമാക്കിയാണ് സിനിമ നിര്‍മ്മിച്ചിട്ടുളളതെന്ന് ടൈറ്റിലില്‍ തന്നെ അവകാശപ്പെടുന്നുണ്ട്. ചലച്ചിത്രകാരന്റെ ആത്മകഥാസ്പര്‍ശമുളളതാണ് സിനിമയുടെ പ്രമേയമെന്ന് അഭിമുഖങ്ങളില്‍ അദ്ദേഹം തുറന്ന് സമ്മതിച്ചിട്ടുമുണ്ട്. സിനിമയുടെ മേക്കിങ് വിഡിയോകളില്‍ ഓരോ സീനും സംവിധായകന്‍ തന്നെ താരങ്ങള്‍ക്ക് മുന്നില്‍ വിശദമായി അഭിനയിച്ച് കാണിക്കുകയാണ്. സിനിമ താന്‍ വിഭാവനം ചെയ്ത തലത്തില്‍ നിന്നും കടുകിട വ്യത്യാസമില്ലാതെ സ്‌ക്രീനില്‍ എത്തണമെന്ന് ഒരുപക്ഷേ സംവിധായകന്‍ കര്‍ശനമായി നിഷ്‌കര്‍ഷിക്കുന്നുണ്ടാവാം. പണം മുടക്കാന്‍ ആളുണ്ടെങ്കില്‍ ഏത് പൊലീസുകാരനും സിനിമയെടുക്കാന്‍ കഴിയുന്ന ഇക്കാലത്ത് ഒരു യഥാർഥ ചലച്ചിത്രകാരന്‍ തന്റെ സൃഷ്ടിയില്‍ നടത്തേണ്ട ശരിയായ ഇടപെടലുകള്‍ എന്തൊക്കെയാണെന്ന് നമ്മെ ആഴത്തില്‍ ബോധ്യപ്പെടുത്തുന്ന ചിത്രമാണ് വാഴൈ.


Source link
Exit mobile version