KERALAM

ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റി; പകരം ചുമതല എസ് ശ്രീജിത്തിന്

തിരുവനന്തപുരം: ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ സ്ഥാനത്ത് നിന്ന് എഡിജിപി എംആർ അജിത് കുമാറിനെ മാറ്റി. ഹെഡ്ക്വാർട്ടേഴ്സ് എഡിജിപി എസ് ശ്രീജിത്താണ് പുതിയ കോർഡിനേറ്റർ. ശബരിമലയിലെയും പരിസരങ്ങളിലെയും സുരക്ഷാക്രമീകരണങ്ങളുടെ ചുമതലയാണ് ചീഫ് പൊലീസ് കോർഡിനേറ്റർക്കുള്ളത്.

നേരത്തെ നടന്ന ശബരിമല അവലോകന യോഗത്തിൽ നിന്നും അജിത് കുമാറിനെ മാറ്റിനിർത്തിയിരുന്നു. ശ്രീജിത്ത്‌ മുമ്പും ശബരിമല ചീഫ് പൊലീസ് കോർഡിനേറ്റർ പദവി വഹിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇദ്ദേഹത്തെ വീണ്ടും കോർഡിനേറ്റർ സ്ഥാനത്തേക്ക് നിയമിച്ചത്. അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നേരത്തെ നീക്കിയിരുന്നു. ഡിജിപി ഷെയ്ഖ് ദർവേശ് സാഹിബിന്റെ റിപ്പോർട്ടിന് പിന്നാലെയായിരുന്നു ഇത്.

ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച, തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട ഇടപെടല്‍ തുടങ്ങി ഗുരുതരമായ ആരോപണങ്ങളാണ് അജിത് കുമാറിനെതിരെ ഉയര്‍ന്നിരുന്നത്. ഇടതുപക്ഷ എംഎല്‍എയായിരുന്ന പിവി അന്‍വറിന് പുറമെ പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കടുത്ത ആരോപണങ്ങളുമായി ആദ്യമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെ പ്രതിപക്ഷത്തിനു പുറമെ സിപിഐ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് ഘടകകക്ഷികളും അജിതിനെ മാറ്റണമെന്ന ഉറച്ച നിലപാട് സ്വീകരിച്ചിരുന്നു.


Source link

Related Articles

Back to top button