തിരുവനന്തപുരം: ഏജന്റുമാർ മോട്ടോർ വാഹന ഓഫീസുകളിൽ കയറേണ്ടെന്ന് ആവർത്തിച്ച് മന്ത്രി കെ.ബി. ഗണേശ് കുമാർ. ചില ഉദ്യോഗസ്ഥർക്ക് ഏജന്റുമാരുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ട്. സ്ഥലംമാറ്റപ്പെട്ട ഒരു ആർ.ടി.ഒ വേണ്ടപ്പെട്ട ഏജന്റിനെ പുതിയ സ്ഥലത്തേക്ക് കൊണ്ടുപോയതായി കണ്ടെത്തിയിരുന്നു. ഏജന്റുമാരെ ഉദ്യോഗസ്ഥർ ദുരുപയോഗം ചെയ്യാറുണ്ട്. വകുപ്പിന്റെ കമ്പ്യൂട്ടർ സംവിധാനത്തിന്റെ പാസ്വേഡ് വരെ ഏജന്റുമാർക്ക് കൈമാറാറുണ്ടായിരുന്നു. എന്നാൽ ഏജന്റുമാരെ ഉപദ്രവിക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. വാഹനരജിസ്ട്രേഷൻ നടത്തുമ്പോൾ ഏജന്റുമാരുടെ നമ്പർ നൽകുന്നതിനാൽ ഉടമയ്ക്ക് പിഴയടയ്ക്കാൻ കഴിയുന്നില്ല. ഉടമയ്ക്ക് സ്വന്തം നമ്പർ നൽകാനാവും വിധം സോഫ്റ്റ്വെയറിൽ മാറ്റംവരുത്തും.
600 ക്ലാസ് മുറികൾ ക്രിയേറ്റീവ് കോർണറുകൾ
തിരുവനന്തപുരം : സ്കൂളിലെ 600 ക്ലാസ് മുറികൾ പ്രായോഗിക പഠനത്തിന്റെ ക്രിയേറ്റീവ് കോർണറുകളാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം കാലടി ഗവ.എച്ച് എസിൽ മേയർ ആര്യ രാജേന്ദ്രൻ നിർവഹിച്ചു. വയറിംഗ്, പ്ലംബിംഗ്, വുഡ് ഡിസൈനിംഗ്, പാചകം, കൃഷി, ഫാഷൻ ടെക്നോളജി, ഇലക്ട്രോണിക്സ്, കോമൺ ടൂൾസ് എന്നിവയിലാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നത്. കൊച്ചിൻ ശാസ്ത്രസാങ്കേതിക സർവകലാശാലയുടെ സെന്റർ ഫോർ സയൻസ് ഇൻ സൊസൈറ്റിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. നഗരസഭാ വിദ്യാഭ്യാസ കായികകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരണ്യ അദ്ധ്യക്ഷയായിരുന്നു.
ചക്കാല നായർ
സമുദായം ഒ.ബി.സി പട്ടികയിൽ
തിരുവനന്തപുരം: ഒ.ബി.സി പട്ടികയിലുൾപ്പെട്ട ചക്കാല എന്ന സമുദായപ്പേര് ’ചക്കാല, ചക്കാല നായർ” എന്നാക്കി ഉത്തരവിറങ്ങി. ചക്കാല വിഭാഗവും, ചക്കാല നായർ വിഭാഗവും സാമൂഹ്യപരമായും വിദ്യാഭ്യാസത്തിലും സാമ്പത്തികമായും ഒരു പോലെയാണെന്ന സംസ്ഥാന പിന്നാക്ക വിഭാഗ കമ്മിഷന്റെ റിപ്പോർട്ടിനെ തുടർന്നാണ് സർക്കാർ തീരുമാനം. തുടർന്നാണ് സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങളുടെ പട്ടികയിൽ 10-ാമത്തെ ഇനത്തിലുള്ള ചക്കാല എന്നത് ’ചക്കാല, ചക്കാല നായർ” എന്നാക്കിയത്. പി.എസ്.സിയിലെ സംവരണ ആനുകൂല്യവും ലഭിക്കും. ഇക്കാര്യമാവശ്യപ്പെട്ട് ആൾ കേരള ചക്കാല നായർ സമുദായ ട്രസ്റ്റ് സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ നായരുടെ നേതൃത്വത്തിൽ നിരന്തര ശ്രമങ്ങൾ നടത്തിയിരുന്നു.
Source link