KERALAM

എ.ഡി.എമ്മിന്റെ ആത്മഹത്യ: സഭയിൽ ബഹളം, ബഹിഷ്കരണം

തിരുവനന്തപുരം: അടിയന്തരപ്രമേയ ചർച്ചയിൽ മന്ത്രിയുടെ മറുപടിക്ക് കാത്തുനിൽക്കാതെ കണ്ണൂർ എ.ഡി.എമ്മിന്റെ ആത്മഹത്യയിൽ പ്രതിപക്ഷം സഭയിൽ ബഹളമുണ്ടാക്കി. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് വൈകിട്ടത്തെ നടപടികൾ ബഹിഷ്കരിച്ചു. ട്രഷറി സ്തംഭനവും പദ്ധതി വെട്ടിച്ചുരുക്കുന്നതും ഉന്നയിച്ച് പ്രതിപക്ഷമാണ് അടിയന്തരപ്രമേയം കൊണ്ടുവന്നത്. ഉച്ചയ്ക്ക് 12 മുതൽ 180 മിനിറ്റ് ചർച്ചയ്ക്ക് അനുമതി നൽകി.

എന്നാൽ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.‌ഡി.സതീശൻ കണ്ണൂർ പ്രശ്നം ഉന്നയിച്ചു. സി.പി.എം കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ പ്രവൃത്തിയാണ് ഒരു ഉദ്യോഗസ്ഥന്റെ ജീവനെടുത്തത്. നേതാവിനെതിരെ പാർട്ടി നടപടിയെടുക്കണമെന്ന് പറയുന്നില്ല. കാരണം അതുപോലെ നിരവധി നേതാക്കൾ പാർട്ടിയിലുണ്ട്. എന്നാൽ ആത്മഹത്യാപ്രേരണക്കുറ്റത്തിന് അവരെ അറസ്റ്റുചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

തുടർന്ന് ചർച്ചയ്ക്ക് ധനമന്ത്രി മറുപടി പറയുന്നതിനിടെ സണ്ണി ജോസഫ് എം.എൽ.എ പ്രശ്നം ഉന്നയിക്കാൻ ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. ഇതോടെ പ്രതിപക്ഷാംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. മന്ത്രി മറുപടി പ്രസംഗത്തിൽ വിഷയത്തിലെ സർക്കാർ നിലപാട് വിശദീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. റവന്യു മന്ത്രിയും മറുപടി നൽകാമെന്ന് അറിയിച്ചെങ്കിലും പ്രതിപക്ഷം ബഹളവുമായി വെല്ലിലേക്ക് നീങ്ങി. വിഷയത്തിൽ പ്രതിപക്ഷ നേതാവിന് സംസാരിക്കാമെന്ന് സ്പീക്കർ പറഞ്ഞെങ്കിലും സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സമ്മേളനം ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. തുടർന്ന് പ്രതിപക്ഷ അഭാവത്തിൽ മൂന്ന് ബില്ലുകളുടെ നടപടികൾ പൂർത്തിയാക്കി സഭ പാസാക്കി.


Source link

Related Articles

Back to top button