ന്യൂയോർക്ക്: ലബനനിലെ യുഎൻ സമാധാനസേനയെ പിൻവലിക്കണമെന്ന ഇസ്രയേലിന്റെ ആവശ്യം തള്ളി ഐക്യരാഷ്ട്രസഭ. സമാധാനസേന ലബനനിൽ തുടരുമെന്ന് യുഎൻ സമാധാനദൗത്യങ്ങളുടെ മേധാവി ഷോൺ പിയേർ ലാക്വ ഇന്നലെ അറിയിച്ചു. ഈ തീരുമാനത്തിനു യുഎൻ രക്ഷാസമിതിയുടെ പിന്തുണയുണ്ട്. ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവാണ് സമാധാനസേനയെ പിൻവലിക്കണമെന്നാശ്യപ്പെട്ടത്. തെക്കൻ ലബനനിൽ ഹിസ്ബുള്ളകൾക്കെതിരേ ഓപ്പറേഷൻ നടത്തുന്ന ഇസ്രേലി സേന സമാധാന സേനയെ മനഃപൂർവം ആക്രമിക്കുന്നതായി ആരോപണമുണ്ട്. വ്യത്യസ്ത സംഭവങ്ങളിലായി അഞ്ചു സമാധാന സേനാംഗങ്ങൾക്കു പരിക്കേറ്റു.
സമാധാനസേനയ്ക്കു നേർക്കുള്ള ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നതായി യുഎൻ രക്ഷാസമിതി കഴിഞ്ഞദിവസം വ്യക്തമാക്കി. സമാധാനസേനയ്ക്കെതിരായ ആക്രമണങ്ങൾ യുദ്ധക്കുറ്റങ്ങളാകാമെന്ന് യുഎൻ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് മുന്നറിയിപ്പു നല്കി. സമാധാനസേനാംഗങ്ങളെ അപകടത്തിലാക്കുന്ന നടപടികളിൽനിന്ന് ഇസ്രേലിസേന വിട്ടുനിൽക്കണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ആവശ്യപ്പെട്ടു. അരനൂറ്റാണ്ടായി ലബനനിൽ പ്രവർത്തിക്കുന്ന സമാധാന സേനയിൽ പതിനായിരത്തോളം അംഗങ്ങളാണുള്ളത്.
Source link