വാഷിംഗ്ടൺ ഡിസി: ഇറാനു നല്കാൻ പോകുന്ന തിരിച്ചടിയിൽ സൈനികകേന്ദ്രങ്ങളെ മാത്രമേ ലക്ഷ്യമിടുകയുള്ളൂവെന്ന് ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുഎസ് പ്രസിഡന്റ് ജോ ബൈഡനെ അറിയിച്ചു. ഒന്പതിന് ഇരുവരും തമ്മിൽ നടത്തിയ ഫോൺചർച്ചയിലാണ് ഇക്കാര്യം പറഞ്ഞതെന്ന് അമേരിക്കയിലെ വാഷിംഗ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിനു പകരമായി ഇറാന്റെ ആണവ, എണ്ണയുത്പാദന കേന്ദ്രങ്ങൾ ആക്രമിക്കാനാണ് ഇസ്രയേൽ ആദ്യം പദ്ധതിയിട്ടത്. എന്നാൽ ഇതിനെതിരേ ബൈഡൻ പരസ്യമായി മുന്നറിയിപ്പു നല്കുകയുണ്ടായി. ബൈഡനുമായുള്ള ഫോൺ ചർച്ചയിൽ നെതന്യാഹു പ്രായോഗികഭാഷയിലാണു സംസാരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതേത്തുടർന്നാണ് അമേരിക്കയുടെ അത്യാധുനിക ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനമായ ‘ഥാട്’ ഇസ്രയേലിലേക്ക് അയയ്ക്കാൻ ബൈഡൻ തീരുമാനിച്ചത്. ഥാട് പ്രവർത്തിപ്പിക്കാനായി നൂറോളം അമേരിക്കൻ സൈനികരും ഇസ്രയേലിലെത്തും.
ഇറാനു പല ഘട്ടങ്ങളായി തിരിച്ചടി നല്കാനാണ് ഇസ്രയേൽ പദ്ധതിയിടുന്നത്. അമേരിക്കയിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പു നടക്കുന്ന നവംബർ അഞ്ചിനു മുന്പ് ആദ്യ ആക്രമണമുണ്ടായേക്കും. പ്രത്യാഘാതങ്ങൾ അമേരിക്കൻ തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത തരത്തിലായിരിക്കും ആക്രമണം ആസൂത്രണം ചെയ്യുക. ബൈഡന്റെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ കമല ഹാരിസ് തെരഞ്ഞെടുപ്പിൽ ജയിക്കുന്നതിനോട് ഇസ്രയേലിനു താത്പര്യമില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. കമല പ്രസിഡന്റായാൽ ഇറാനിലെ മിതവാദിയായ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാനുമായി ബന്ധം മെച്ചപ്പെടുത്തിയേക്കാം. ഇറാനെ നിശിതമായി എതിർക്കുന്ന ട്രംപ് ജയിക്കുന്നതിനോടാണ് ഇസ്രയേലിനു താത്പര്യം.
Source link