ഇത് ആൾക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രൂപം, ദിവ്യയെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കി അറസ്‌റ്റ് ചെയ്യണമെന്ന് ചെന്നിത്തല
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണം ആത്മഹത്യയല്ല മറിച്ച് സിപിഎം നേതൃത്വത്തിൽ പരസ്യവിചാരണയിലൂടെ നടത്തിയ കൊലപാതകമാണെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒരു മനുഷ്യനെ സഹപ്രവർത്തകർക്കിടയിൽ ക്രൂരമായി അപമാനിച്ച് ആത്മഹത്യയിലേക്ക് തള്ളിവിടുകയെന്നത് കൊലപാതമാണ്. വിരമിക്കാൻ വെറും ഏഴു മാസം ബാക്കിയുണ്ടായിരുന്ന ഒരു മനുഷ്യനെയാണ് വ്യക്തിവിരോധത്തിന്റെ പേരിൽ ഇത്തരത്തിൽ അപമാനിച്ച് മരണത്തിലേക്ക് തള്ളിയിട്ടത്. ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാരെ കടുത്ത സമ്മർദ്ദത്തിലാക്കി ഏതു അഴിമതിയും നടത്തിയെടുക്കുന്ന പരിപാടിയാണ് കേരളത്തിലാകെ സിപിഎം നടപ്പാക്കുന്നത്. അതിനു വഴങ്ങാത്ത ഉദ്യോഗസ്ഥരെ കടുത്ത പീഢനങ്ങൾക്കു വിധേയരാക്കി പലരെയും മരണത്തിലേക്കു തള്ളിവിടുന്ന പ്രവണത ഇവർ പിന്തുടരുന്നു. ഇത് അംഗീകരിക്കാനാവില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എഡിഎമ്മിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് വളരെ ഗൗരവമുള്ള കാര്യമാണ്.
എഡിഎമ്മിന്റെ യാത്രയയപ്പു യോഗത്തിലേക്കു കടന്നു വന്നാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതി ആരോപണങ്ങൾ പരസ്യമായി ഉന്നയിച്ചത്. അതും താൻ ശുപാർശ ചെയ്ത ഒരു കാര്യം അന്നു സമയത്തിനു ചെയ്തില്ല എന്ന ആരോപണം കൂടി ഉന്നയിച്ച്.
ഏതെങ്കിലും വിഷയത്തിൽ അഴിമതി ഉണ്ടെങ്കിൽ അതിനെ കൈകാര്യം ചെയ്യാൻ എത്രയേ നിയമപരമായ വഴികളുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് പരാതിയുണ്ടെങ്കിൽ വിജിലൻസിന് പരാതി കൊടുക്കാം. വ്യക്തമായ തെളിവുണ്ടെങ്കിൽ സർക്കാരിന് പരാതി നൽകി കർശന നടപടി എടുപ്പിക്കാം തുടങ്ങി നിരവധി വഴികൾ മുന്നിലുള്ളപ്പോഴാണ് വിരമിക്കാറായ ഒരു മനുഷ്യനെ പരസ്യമായി അപമാനിച്ച് അയാളെ മരണത്തിലേക്കു തള്ളിവിടുന്ന നടപടി ഉന്നതമായ ഭരണഘടനാചുമതല വഹിക്കുന്ന ഒരാൾ സ്വീകരിച്ചിരിക്കുന്നത്. ഇത് ആൾക്കൂട്ട കൊലപാതകത്തിന്റെ മറ്റൊരു രൂപമാണ്. ഇത് സൂയിസൈഡ് അല്ല ഹോമിസൈഡ് ആണ്.
സിപിഎമ്മിൽ അൽപമെങ്കിലും മനുഷ്യത്വം ബാക്കിയുണ്ടെങ്കിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ തൽസ്ഥാനത്തു നിന്നു പുറത്താക്കി പ്രേരണാകുറ്റത്തിന് അറസ്റ്റ് ചെയ്യണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Source link