KERALAMLATEST NEWS

‘മകന് നീതി ലഭിച്ചു, ഒന്നാം പ്രതിയെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം’; പ്രതികരിച്ച് ഷിബിന്റെ മാതാവ്

കോഴിക്കോട്: തൂണേരി ഷിബിൻ വധക്കേസിൽ ഹൈക്കോടതിയുടെ വിധി ആശ്വാസം നൽകുന്നതാണെന്ന് പ്രതികരിച്ച് ഷിബിന്റെ അമ്മ അനിത. മകന് നീതി ലഭിച്ചെന്നും ഒന്നാം പ്രതിയെക്കൂടി നിയമത്തിന്റെ മുൻപിൽ കൊണ്ടുവരണമെന്നും അമ്മ പറഞ്ഞു. ഹൈക്കോടതിയുടെ വിധി കുടുംബത്തിനും നാടിനും ആശ്വാസം നൽകുന്നതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ പ്രതികരിച്ചു.

ഒരു സംഘർഷവും ഇല്ലാത്തപ്പോഴാണ് ഷിബിൻ കൊല്ലപ്പെട്ടത്. വർഗീയ തീവ്രവാദ പശ്ചാത്തലമുള്ള ലീഗുകാരാണ് ഷിബിനെ കൊന്നത്. ലക്ഷണമൊത്ത ഗൂഢാലോചനയാണ് നടന്നത്. വിചാരണക്കോടതിയിൽ കേസ് മെറിറ്റ് അടിസ്ഥാനത്തിൽ പരിഗണിക്കപ്പെട്ടില്ല. കീഴ്ക്കോടതി കേസ് ഗൗരവകരമായി എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കെല്ലാം ഇന്നാണ് ഹൈക്കോടതി ജീവപര്യന്തം കഠിനതടവ് വിധിച്ചത്. മുനീർ, സിദ്ദിഖ്, മുഹമ്മദ് അനീസ്, ഷുഹൈബ്, ജാസിം, സമദ് അബ്ദുൾ സമദ് എന്നിവർക്കാണ് ശിക്ഷ വിധിച്ചത്.

ഓരോ ലക്ഷം വീതം പ്രതികൾ പിഴ നൽകണം. ഈ തുക ഷിബിന്റെ പിതാവിന് നഷ്‌ടപരിഹാരമായി നൽകണം. പ്രതികളുടേത് നിഷ്‌ഠൂരമായ പ്രവൃത്തിയാണെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. വിദേശത്തായിരുന്ന ആറ് പ്രതികൾ കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ നാദാപുരം പൊലീസ് ആറുപേരെയും ഹൈക്കോടതിയിൽ ഹാജരാക്കുകയായിരുന്നു. വിചാരണക്കോടതി വെറുതേവിട്ട പ്രതികൾക്കാണ് ഇപ്പോൾ ഹൈക്കോടതി ജീവപര്യന്തം വിധിച്ചിരിക്കുന്നത്.

പാസ്‌പോർട്ട് തിരികെ കിട്ടാത്തതിനാലാണ് ഒന്നാം പ്രതി വിദേശത്ത് തുടരുന്നതെന്നും തിരിച്ചുവരാൻ തയ്യാറാണെന്നും പ്രതിഭാഗം അറിയിച്ചു. ഒന്നാം പ്രതിയുടെ അസാന്നിദ്ധ്യത്തിൽ മറ്റ് പ്രതികൾക്കുള്ള ശിക്ഷ നിയമ തടസങ്ങളില്ലെന്ന് സ്‌പെഷ്യൽ പ്രോസിക്യൂട്ടർ കോടതിയെ ബോധിപ്പിച്ചു.


Source link

Related Articles

Back to top button