KERALAM

എറണാകുളത്തേക്ക് പുതിയ ട്രെയിന്‍, ഉറപ്പ് നല്‍കി റെയില്‍വേ ഡിവിഷണല്‍ മാനേജര്‍

കൊച്ചി: കോട്ടയത്ത് നിന്ന് എറണാകുളം റൂട്ടിലേക്ക് ഒരു പുതിയ ട്രെയിന്‍ എന്ന് റെയില്‍വേയുടെ ഉറപ്പ്. രാവിലെയുള്ള പാലരുവി, വേണാട് എക്‌സ്പ്രസ് ട്രെയിനുകളില്‍ യാത്രക്കാര്‍ തിക്കിതിരക്കിയും അപകടസാദ്ധ്യത വിളിച്ചുവരുത്തുകയും ചെയ്യുന്നത് സ്ഥിരം കാഴ്ചയാണ്. യാത്രാക്ലേശം പരിഹരിക്കാന്‍ രണ്ട് എക്‌സ്പ്രസ് ട്രെയിനുകള്‍ക്കും ഇടയില്‍ ഒരു മെമു ട്രെയിനോ അല്ലെങ്കില്‍ ഒരു പാസഞ്ചര്‍ ട്രെയിനോ അനുവദിക്കാമെന്നാണ് ഉറപ്പ് ലഭിച്ചിരിക്കുന്നതെന്ന് കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ് അറിയിച്ചു.

പാലരുവി, വേണാട് എന്നീ രണ്ട് ട്രെയിനുകള്‍ക്ക് ഇടയില്‍ ഒന്നര മണിക്കൂര്‍ ഇടവേളയാണ് ഇപ്പോള്‍ ഉള്ളത്. ഇത്രയും ദീര്‍ഘമായ സമയ വ്യത്യാസമാണ് ഇത്ര വലിയ തോതിലുള്ള യാത്രാത്തിരക്ക് ഉണ്ടാക്കുന്നത്. ഈ രണ്ട് ട്രെയിനുകള്‍ക്ക് ഇടയില്‍ പുനലൂര്‍-എറണാകുളം മെമു സര്‍വീസ് ആരംഭിക്കണമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടിരുന്നു. ഇത് ആരംഭിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് റെയില്‍വേ ഡിവിഷണല്‍ മാനേജരുമായുള്ള ചര്‍ച്ചയില്‍ അദ്ദേഹം ഉറപ്പുനല്‍കിയതായി എം.പി. പറഞ്ഞു.

പാലരുവിയില്‍ കൂടുതല്‍ കോച്ചുകള്‍ ചേര്‍ത്തിട്ടുണ്ട്. വേണാട് എക്സ്പ്രസില്‍ കൂടുതല്‍ യാത്രക്കാരെ ഉള്‍പ്പെടുത്താന്‍ പാന്‍ട്രികാര്‍ കോച്ച് മാറ്റി ഒരു കോച്ചുകൂടി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡി.ആര്‍.എം. പറഞ്ഞു. അതിന്റെ മുഴുവന്‍ശേഷി 22 കോച്ചുകളാണ്. അതിലേക്ക് ഒരു കോച്ചുകൂടി ഉള്‍പ്പെടുത്തിയാല്‍ അത് പ്ലാറ്റ്ഫോമിന് പുറത്തായിപ്പോകും. അതിനുള്ള പരിഹാരമാര്‍ഗങ്ങള്‍ കാണുവാന്‍ ശ്രമിച്ചുവരുകയാണെന്നും ഡി.ആര്‍.എം. പറഞ്ഞു.


Source link

Related Articles

Back to top button