വന്ദേഭാരതിന് പോകാൻ വേണ്ടത് അര മണിക്കൂർ: എറണാകുളം-ആലപ്പുഴ യാത്രക്കാർ സർക്കസ് പഠിക്കേണ്ട അവസ്ഥയിൽ

കൊച്ചി: തീരദേശപാതയിൽ ആലപ്പുഴ- എറണാകുളം ട്രെയിൻ യാത്രക്കാർ സർക്കസ് കൂടി പഠിക്കണം. കാലുകുത്താൻ പോലും ഇടമില്ലാതെ നിന്നാണ് യാത്ര. രാവിലെയും വൈകിട്ടും ജോലിക്കും പഠനത്തിനുമായി തീരദേശപാതിയിലൂടെയുള്ള ട്രെയിനുകളെ ആശ്രയിക്കുന്നവരേറെയാണ്. അരൂർ-തുറവൂർ ദേശീയപാതാ നി‌ർമ്മാണം നടക്കുന്നതിനാൽ ട്രെയിനുകളിൽ അപൂർവമായ തിരക്കാണ്.

തീരദേശപാതയിൽ ആറുമണിക്ക് പുറപ്പെടുന്ന ധൻബാദ് എക്സ്‌പ്രസാണ് യാത്രക്കാർ ആദ്യം ആശ്രയിക്കുന്ന ട്രെയിൻ. ഇതിൽ ആകെ രണ്ടു മുതൽ മൂന്ന് ജനറൽ കോച്ചുകളാണുള്ളത്. ആലപ്പുഴയിൽ നിന്ന് തന്നെ ഇത് നിറഞ്ഞിരിക്കും, പിന്നീടുള്ളത് 6.18ന് ആലപ്പുഴയിൽ എത്തുന്ന എറനാട് എക്സ‌പ്രസാണ്.

തിരുവനന്തപുരത്ത് നിന്ന് 3.45ന് പുറപ്പെടുന്ന ട്രെയിൻ 5.30ന് ഹരിപ്പാട് എത്തുമ്പോൾ നിറയും. 7.40ന് ഇത് എറണാകുളം സൗത്തിലെത്തും. പിന്നീടുള്ളത് 7.25ന് പുറപ്പെട്ട് 9ന് ആലപ്പുഴ- എറണാകുളം സൗത്തിലെത്തുന്ന മെമുവാണ്. ഇതിന്റെ അവസ്ഥയും ഏറെ ഭീകരമാണ്.

മടക്കയാത്രയും ദുരിതം തന്നെ

ആലപ്പുഴയ്ക്ക് വൈകിട്ടുള്ള ട്രെയിൻ നാലു മണിക്കുള്ള എറണാകുളം- ആലപ്പുഴ പാസഞ്ചറാണ്. എന്നാൽ നാലുമണിക്ക് പുറപ്പെടുന്നതിനാൽ ഇതിൽ വലിയ തിരക്കുണ്ടാവില്ല. പിന്നീട് എറണാകുളം – കായംകുളം പാസഞ്ചറാണ്. മുമ്പ് വൈകിട്ട് ആറുമണിക്ക് പുറപ്പെട്ടിരുന്ന ട്രെയിൻ 30 മിനിറ്റിലധികമാണ് വന്ദേഭാരത് കടന്നുപോകുന്നതിന് കുമ്പളത്ത് പിടിച്ചിട്ടിരുന്നത്. പിന്നീട് യാത്രക്കാർക്ക് സഹായകമാകുമെന്ന വാഗ്ദാനത്തോടെ ട്രെയിനിന്റെ സമയം 6.25ന് ആക്കി.

വിദ്യാർത്ഥികളും ഉദ്യോഗസ്ഥരുമടക്കം രണ്ടായിരത്തോളം പേരാണ് ഇതിൽ യാത്ര ചെയ്യുന്നത്. വന്ദേഭാരത് കടന്നുപോകുന്നതിനാൽ അഞ്ചുമുതൽ 10 മിനിറ്റുവരെ കുമ്പളം, തുറവൂർ എന്നിവിടങ്ങളിൽ ഇപ്പോഴും പിടിച്ചിടുകയാണ്. അതിനാൽ സമയമാറ്റംകൊണ്ട് യാതൊരു ഗുണവും യാത്രക്കാർക്ക് കിട്ടിയതുമില്ല. മുമ്പ് 8.20ന് കായംകുളത്ത് എത്തിയിരുന്ന ട്രെയിൻ ഇപ്പോൾ രാത്രി 9.30നാണെത്തുന്നത്.

ശ്വാസം കിട്ടാതെയുള്ള യാത്ര

എറണാകുളത്ത് പഠനം, ജോലി എന്നിവയ്ക്കായി പോകുന്നവരെ കൂടാതെ ക്യാൻസർ ചികിത്സയ്ക്കായി അമൃത ആശുപത്രിയിൽ പോകുന്നവരടക്കം ട്രെയിനുകളെയാണ് ആശ്രയിക്കുന്നത്. മെമുവിൽ ആകെ എട്ട് കോച്ചുകൾ മാത്രമാണുള്ളത്. മൂന്ന് മെമുവിൽ യാത്ര ചെയ്യാനുള്ള ആളുകൾ തിക്കിതിരക്കി ഇതിലുണ്ടാകും. വാതിലിലെ കമ്പിയിൽ തൂങ്ങിപ്പിടിച്ചാണ് സ്ത്രീകൾ അടക്കമുള്ളവരുടെ യാത്ര.


യാത്രക്കാരുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി റെയിൽവേ മന്ത്രി, റെയിൽവേ ചെയർമാൻ എന്നിവരെ കണ്ട് സംസാരിച്ചിട്ടുണ്ട്. പുതിയ പാസഞ്ചർ, കോച്ചുകളുടെ എണ്ണം കൂട്ടൽ എന്നിവ സംസാരിച്ചിട്ടുണ്ട്. നടപടികൾ പുരോഗമിക്കുകയാണ്

കെ.സി. വേണുഗോപാൽ എം.പി



നിലവിലുള്ള യാത്രാക്ലേശം പരിഹരിക്കാൻ പാസഞ്ചർ വൈകിട്ട് ആറിന് എറണാകുളം സൗത്തിൽനിന്ന് പുറപ്പെട്ട് വന്ദേഭാരതിന്റെ ക്രോസിംഗ് തുറവൂരാക്കി മാറ്റണം. അരൂർ – തുറവൂർ ദേശീയപാതയിൽ എലവേറ്റഡ് ഹൈവേ നിർമ്മാണപ്രവർത്തനങ്ങൾ കാരണം ഗതാഗതക്കുരുക്ക് പതിവായതിനാൽ ഇതുവഴിയുള്ള ബസ് യാത്രയും ദുരിതമാണ്

അരുൺകുമാർ

യാത്രക്കാരൻ


Source link
Exit mobile version