ശക്തമായ തിരമാലയ്ക്ക് സാദ്ധ്യത, ഇന്ന് റെഡ് അലർട്ട്
തിരുവനന്തപുരം: ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാദ്ധ്യതയുള്ളതിനാൽ ഇന്ന് കേരള തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. നാളെവരെ 0.6 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാദ്ധ്യത. പൊഴിയൂർ മുതൽ അഞ്ചുതെങ്ങുവരെയും ഇരവിപുരം മുതൽ ആലപ്പാട് വരെയുമുള്ള തീരങ്ങളിൽ പ്രത്യേക ജാഗ്രത പാലിക്കണം.
തമിഴ്‌നാട്ടിൽ കന്യാകുമാരി, തിരുനെൽവേലി തീരത്തും 1.2 മുതൽ 1.5 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്. കടലാക്രമണ സാദ്ധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് അധികൃതർ അറിയിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് നാല് ദിവസത്തേക്ക് മത്സ്യബന്ധനം പാടില്ല.
സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ അതിശക്തമായ മഴയ്ക്കും സാദ്ധ്യത. മദ്ധ്യ, വടക്കൻ ജില്ലകളിലാകും കൂടുതൽ. ഇന്ന് മലപ്പുറം, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്. ശക്തമായ ഇടിമിന്നലും കാറ്റുമുണ്ടായേക്കാം.
നാല് ദിവസത്തിനുള്ളിൽ
കാലവർഷം വിടവാങ്ങും
നാലു ദിവസത്തിനുള്ളിൽ രാജ്യത്ത് കാലവർഷം പൂർണമായും വിടവാങ്ങിയേക്കും. ഇന്നോ നാളെയോ തെക്കു കിഴക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
Source link