KERALAM

ശ്രീനാഥിനും പ്രയാഗയ്‌ക്കും ഓം പ്രകാശുമായി നേരിട്ട് ബന്ധമില്ല; പാർട്ടിക്ക് താരങ്ങളെ എത്തിച്ചത് മറ്റൊരാൾ, നിർണായക വിവരം

കൊച്ചി: സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിക്കും പ്രയാഗാ മാർട്ടിനും ഓം പ്രകാശുമായി നേരിട്ട് പരിചയമില്ലെന്ന നിഗമനത്തിൽ പൊലീസ്. ബിനു ജോസഫുമായാണ് ഇവർക്ക് ബന്ധമെന്നും അയാൾ വഴിയാണ് ഇവർ ഹോട്ടൽ മുറിയിൽ എത്തിയതെന്നുമാണ് പൊലീസ് കരുതുന്നത്. ഓം പ്രകാശിന്റെ മുറിയിൽ തന്നെയാണ് പാർട്ടി സംഘടിപ്പിച്ചത്. ഇതിൽ പങ്കെടുക്കാനാണ് താരങ്ങൾ ഹോട്ടൽ മുറിയിലെത്തിയതെന്നാണ് പൊലീസ് കരുതുന്നത്. ഇരുവരെയും എത്തിച്ച ബിനു ജോസഫിൽ നിന്നുമാണ് അന്വേഷണ സംഘത്തിന് നിർണായക വിവരം ലഭിച്ചത്.

താരങ്ങളുടെ മൊഴിയെടുക്കാനുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കും. ഇവരെ കൂടാതെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുള്ള മറ്റുള്ളവരുടെ മൊഴിയും എടുക്കും. കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഓം പ്രകാശിനെയും അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഇന്നലെ കസ്റ്റഡിയിലെടുത്ത ബിനു ജോസഫിനെ രാത്രി വൈകി ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾക്ക് സാദ്ധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

ഓം പ്രകാശിന്റെ മൊബൈൽ ഫോൺ ഫോറൻസിക് പരിശോധനയ്‌ക്ക് വിധേയമാക്കും. ഓം പ്രകാശിന്റെ മുറിയിൽ ഇരുപതോളം പേർ എത്തിയിരുന്നതായാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്‌തത്.


Source link

Related Articles

Back to top button