മിസ് കുമാരിയുടെ കല്ലറ പൊളിച്ചവര്‍ ആ കാഴ്ചകണ്ട് നടുങ്ങിത്തെറിച്ചു
‘‘കുയിലിനെ തേടി കുയിലിനെ തേടി കുതിച്ചുപായുംമാരാ…
പട്ടുകുപ്പായക്കാരാ…നിന്നോട് ഞാനൊരു കിന്നാരം ചോദിക്കാം..
ഞാനൊരു കിന്നാരം ചോദിക്കാം…’’
ഇന്നും ടെലിവിഷന്‍ സ്‌ക്രീനിലും യൂട്യൂബിലും ഈ ഗാനരംഗം പ്രത്യക്ഷപ്പെടുമ്പോള്‍ നാം അറിയാതെ ഒന്ന് ശ്രദ്ധിച്ചു പോകും. ആ പാട്ട് പാടി അഭിനയിക്കുന്ന സുന്ദരി ഏതാണ്..? അതാണ് മിസ്.കുമാരി..!
‘‘എല്ലാരും ചൊല്ലണ്…എല്ലാരും ചൊല്ലണ്..കല്ലാണീ നെഞ്ചിലെന്ന്…കരിങ്കല്ലാണീ നെഞ്ചിലെന്ന്.’’ (ചിത്രം : നീലക്കുയില്‍) മലയാളികള്‍ ഒരിക്കലും മറക്കാത്ത ഈ ഗാനരംഗം പാടി അഭിനയിച്ച മിസ്.കുമാരി പ്രസിഡന്റിന്റെ സ്വര്‍ണ മെഡല്‍ നേടിയ ആദ്യമലയാള ചിത്രം നീലക്കുയിലിലെ നായികയായിരുന്നു. 1950കളില്‍ സത്യന്റെയും പ്രേംനസീറിന്റെയും സിനിമകളിലൂടെ തിളങ്ങി നിന്ന മലയാളത്തിലെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍. എന്തുകൊണ്ട് ഈ വിശേഷണം എന്നതിനും ഉത്തരമുണ്ട്. മിസ്. കുമാരിക്ക് മുന്‍പ് വരെ ഒരു സിനിമയില്‍ ഇന്ന നായിക വേണം എന്ന നിര്‍ബന്ധം പ്രേക്ഷകര്‍ക്കുണ്ടായിരുന്നില്ല. എന്നാല്‍ മിസ്.കുമാരിയുടെ വരവോടെ അവര്‍ നായികയാകുന്ന പടത്തിന് തിയറ്ററില്‍ ആളുകള്‍ കൂടും എന്ന സ്ഥിതിയായി. ഇനീഷ്യന്‍ കലക്‌ഷന്‍ സാധിക്കുന്ന ആദ്യനായിക എന്ന അപൂര്‍വവിശേഷണത്തിന് അങ്ങനെ അവര്‍ അര്‍ഹയായി.
ചിത്രങ്ങൾക്കു കടപ്പാട്: മിസ് കുമാരി ഡോട്ട് കോം
പാലാ ഭരണങ്ങാനത്ത് കൊല്ലംപറമ്പില്‍ തോമസ്-ഏലിക്കുട്ടി ദമ്പതികളുടെ മകളായി ജനിച്ച ത്രേസ്യാമ്മ തോമസാണ് മിസ്.കുമാരി എന്ന് പേര് മാറ്റി വെളളിത്തിരയില്‍ എത്തിയത്. അക്കാലത്ത് ഒരു യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തില്‍ നിന്നും ഒരു പെണ്‍കുട്ടി സിനിമയില്‍ അഭിനയിക്കാന്‍ ഇറങ്ങിത്തിരിക്കുക എന്നത് അത്യപൂര്‍വമായിരുന്നു.
1949 ല്‍ പുറത്തിറങ്ങിയ വെളളിനക്ഷത്രമായിരുന്നു കുമാരിയുടെ ആദ്യചിത്രം. നീലക്കുയില്‍, സ്‌നാപകയോഹന്നാന്‍, മറിയക്കുട്ടി, ഭക്തകുചേല, ഹരിശ്ചന്ദ്ര, ക്രിസ്മസ് രാത്രി, അനിയത്തി തുടങ്ങി 55 സിനിമകളില്‍ അവര്‍ അഭിനയിച്ചിട്ടുണ്ട്. നീലക്കുയിലിലെ മികവാര്‍ന്ന അഭിനയത്തിന് അവര്‍ മദ്രാസ് ഫിലിം ഫെയര്‍ അസോസിയേഷന്റെ മികച്ച നടിക്കുളള പുരസ്‌കാരത്തിനും അര്‍ഹയായി. ഹോര്‍മിസ് തളിയത്തായിരുന്നു കുമാരിയുടെ ഭര്‍ത്താവ്. മൂന്ന് ആണ്‍മക്കളുമുണ്ട്.
അവിചാരിതമായി ആത്മഹത്യ
1969ല്‍ കേരളക്കരയെ ഒന്നാകെ നടുക്കി കൊണ്ട് അവര്‍ ആത്മഹത്യ ചെയ്തു. ജീവിതം അവസാനിപ്പിക്കാന്‍ തക്ക എന്തെങ്കിലും പ്രശ്‌നം അവര്‍ക്കുണ്ടായിരുന്നതായി അടുത്ത ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അറിയില്ല. വയറ്റുവേദനയെത്തുടര്‍ന്നുളള സ്വാഭാവിക മരണമെന്നാണ് തുടക്കത്തില്‍ പറയപ്പെട്ടിരുന്നത്. എന്നാല്‍ പിന്നീട് അവര്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന വാര്‍ത്തകള്‍ പ്രചരിച്ചു. കുമാരിയുടെ മരണത്തില്‍ സംശയം തോന്നിയ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിന് ശേഷം കല്ലറ തുറന്ന് പോസ്റ്റുമോര്‍ട്ടം ചെയ്യാനൊരുങ്ങി.
ചിത്രങ്ങൾക്കു കടപ്പാട്: മിസ് കുമാരി ഡോട്ട് കോം
കല്ലറ പൊളിച്ചവര്‍ ഒന്നടങ്കം ആ കാഴ്ചകണ്ട് നടുങ്ങിത്തെറിച്ചു. മരണം സംഭവിച്ച് ഒരു വര്‍ഷം പിന്നിട്ടിട്ടും അവരുടെ ശരീരം അഴുകിയിട്ടില്ല. വളരെ ഈര്‍പ്പം കുറഞ്ഞ സ്ഥലത്ത് അടക്കം ചെയ്തതു കൊണ്ടായിരിക്കാം ശരീരം അഴുകാത്തത് എന്ന മട്ടിലുളള വ്യാഖ്യാനം വന്നു. രണ്ടാമത് നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ കുമാരിയുടെ ശരീരത്തില്‍ നിന്നും വിഷാംശം കണ്ടെത്താന്‍ കഴിഞ്ഞെങ്കിലും അതൊരു കൊലപാതകമാണെന്ന് തെളിയിക്കാന്‍ സാധിച്ചില്ല. ആത്മഹത്യയാണെങ്കില്‍ തന്നെ എന്തിന് ആത്മഹത്യ ചെയ്തു എന്ന് വ്യക്തമല്ല. 37 -ാം വയസ്സില്‍ ജീവിതത്തിന്റെ സകലസൗഭാഗ്യങ്ങളും സിനിമയുടെ മായികാ ലോകവും ഉപേക്ഷിച്ച് ജീവിതം വെടിയാന്‍ തക്ക എന്താവും അവര്‍ക്ക് സംഭവിച്ചിട്ടുണ്ടാവുക എന്ന ചോദ്യത്തിന് ഇന്നും ഉത്തരമില്ല.
ലളിതം സുന്ദരം ഈ കുമാരി
അസാധാരണമായ ആകര്‍ഷകത്വമുളള കണ്ണുകളും മുത്തുമണികള്‍ പോലുളള ദന്തനിരകള്‍ പുറത്തു കാട്ടിയുളള വശ്യസുന്ദരമായ ചിരിയുമായിരുന്നു കുമാരിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇതര നടികളില്‍ നിന്ന് വിഭിന്നമായി അവര്‍ ചമയങ്ങളും ആഢംബരങ്ങളും ഇഷ്ടപ്പെട്ടിരുന്നില്ല. താരമായി ജ്വലിച്ചു നില്‍ക്കുന്ന കാലത്ത് പോലും ആഭരണങ്ങളോ ലക്ഷ്വറി വസ്ത്രങ്ങളോ വിലകൂടിയ കാറുകളോ ഒന്നും അവരെ പ്രലോഭിപ്പിച്ചിരുന്നില്ല. വിവാഹശേഷം അവര്‍ കുറെക്കൂടി ഒതുങ്ങിക്കൂടി തനി വീട്ടമ്മയായി മാറി.അക്കാലത്ത് എറണാകുളം എം.ജി.റോഡിലൂടെ കാറില്‍ വരികയായിരുന്ന പ്രേംനസീര്‍ ഒരു നടുക്കുന്ന കാഴ്ച കണ്ട് വണ്ടി നിര്‍ത്തി. നിറംമങ്ങിയ വോയില്‍ സാരി ചുറ്റി രണ്ട് കുഞ്ഞുങ്ങളുടെ കയ്യില്‍ പിടിച്ച് റോഡ് മുറിച്ചു കടക്കുകയാണ് ജനലക്ഷങ്ങളെ ഒരു കാലത്ത് മോഹിപ്പിച്ച മിസ്.കുമാരി.
കാര്‍ കുറച്ചു ദൂരം മുന്നോട്ട് പോയ ശേഷം സംശയം തോന്നിയ നസീര്‍ റിവേഴ്‌സ് എടുത്ത് അവരുടെ അടുത്ത് കൊണ്ടു വന്ന് നിര്‍ത്തിയിട്ട് ചോദിച്ചു.
‘ത്രേസ്യാമ്മയല്ലേ?’
‘അതെ’ കുമാരി പറഞ്ഞു.?
‘എന്താ ഇങ്ങനെ?’ അദ്ദേഹം ചോദിച്ചു.
‘ഞാന്‍ കുട്ടികളെ സ്‌കൂളില്‍ കൊണ്ടു വിടാന്‍ പോവുകയാണ്’, പിന്നീട് ഒന്നും പറയാതെ അവര്‍ തിരിഞ്ഞു നടന്നു. നസീര്‍ അമ്പരപ്പോടെ ആ പോക്ക് നോക്കി നിന്നു. അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തില്‍ അത് ആദ്യത്തെ അനുഭവമായിരുന്നു. അവസാനത്തെയും…കുമാരി എന്നും അങ്ങനെയായിരുന്നു. ആര്‍ഭാടങ്ങളോ താരപ്പകിട്ടോ ഒന്നും അവരെ ഭ്രമിപ്പിച്ചില്ല.
നല്ല ഭര്‍ത്താവ്, നല്ല കുഞ്ഞുങ്ങള്‍, നല്ല കുടുംബം, സമാധാനപൂര്‍ണമായ ജീവിതം…ഇതായിരുന്നു എക്കാലവും അവരുടെ സ്വപ്നം. എന്നിട്ടും എന്തുകൊണ്ട് കുമാരി ആത്മഹത്യ ചെയ്തു എന്ന ചോദ്യം പിടിതരാത്ത ഒരു പ്രഹേളികയായി അവശേഷിക്കുകയാണ്.
കന്യാസ്ത്രീയാകാന്‍ മോഹിച്ചു; ഒടുവില്‍ നടിയായി
ത്രേസ്യാമ്മയെ ഒരു അധ്യാപികയായി കാണാനാണ് അപ്പന്‍ ആഗ്രഹിച്ചത്. ഏഴംഗ കുടുംബം മകളിലൂടെ കരകയറുമെന്ന് അദ്ദേഹം സ്വപ്നം കണ്ടു. ഭരണങ്ങാനം സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ത്രേസ്യ അതേ സ്‌കൂളില്‍ കുറെക്കാലം അധ്യാപികയായി ജോലി ചെയ്തു. കലാപരമായ കാര്യങ്ങളില്‍ താത്പര്യമുണ്ടായിരുന്ന ത്രേസ്യ ഇതിനിടെ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. യഥാർഥത്തില്‍ മഠത്തില്‍ ചേര്‍ന്ന് ഒരു കന്യാസ്ത്രീയായി തീരുക എന്നതായിരുന്നു ത്രേസ്യയുടെ ആഗ്രഹം. പക്ഷേ നിയതി അവര്‍ക്കായി കാത്തു വച്ചിരുന്നത് മറ്റൊന്നായിരുന്നു. അവിചാരിതമായി കൈ വന്ന ഒരു അവസരം ത്രേസ്യാമ്മയുടെ ജീവിതം മാറ്റി മറിച്ചു. അന്ന് ഉദയാ സ്റ്റുഡിയോയിലെ ഓര്‍ക്കസ്ട്രാ ട്രൂപ്പ് അംഗമായിരുന്നു തോമസ്.
അദ്ദേഹത്തിന്റെ പരിചയവും ബന്ധങ്ങളും വഴി വെളളിനക്ഷത്രം എന്ന സിനിമയിലെ ഒരു നൃത്തരംഗത്തില്‍ പ്രത്യക്ഷപ്പെടാനുളള അവസരം ലഭിച്ചു. സിനിമയുടെ പോസ്റ്ററുകളിലൊന്നും തന്നെ ത്രേസ്യാമ്മയുടെ മുഖം വന്നില്ല. എന്നാല്‍ അതിസുന്ദരിയായ ത്രേസ്യ നായികയായി വന്നാല്‍ ശോഭിക്കുമെന്ന് നിര്‍മാതാക്കള്‍ക്ക് തോന്നി. നല്ലതങ്ക എന്ന ചിത്രത്തിലൂടെ അവര്‍ നായികയായി. പഴയ മട്ടിലുളള പേര് മാറി മിസ്.കുമാരിയായതും ഈ ചിത്രത്തിലുടെയാണ്. നല്ല തങ്കയുടെ നിര്‍മാതാക്കളിലൊരാളായ കെ.വി.കോശിയാണ് ത്രേസ്യയെ കുമാരിയാക്കി മാറ്റിയത്.
ആറന്മുള പൊന്നമ്മയെ അഭിനയരംഗത്ത് കൊണ്ടുവന്ന ശശിധരന്‍ എന്ന സിനിമയില്‍ അവരുടെ മകളായി അഭിനയിച്ചു കൊണ്ട് കുമാരി സിനിമയില്‍ തന്റെ സ്ഥാനം ഒന്നുകൂടി ഉറപ്പിച്ചു. പിന്നാലെ ചേച്ചി എന്ന സൂപ്പര്‍ഹിറ്റ് സിനിമയിലെ നായികാപദവിയും കുമാരിയെ തേടിയെത്തി. ജീവിക്കാനായി നാടകനടിയുടെ വേഷം കെട്ടിയതിന്റെ പേരില്‍ അഭിസാരികയായി മുദ്രകുത്തപ്പെട്ട ഒരു പെണ്‍കുട്ടിയുടെ ധര്‍മ്മസങ്കടങ്ങള്‍ അസാധാരണ ചാരുതയോടെ അവര്‍ അഭിനയിച്ച് ഫലിപ്പിച്ചു. ഈ ചിത്രം നടിക എന്ന പേരില്‍ തമിഴിലേക്ക് മൊഴിമാറ്റിയപ്പോഴും വന്‍വിജയമായി.
തമിഴിലേക്ക് ഡബ്ബ് ചെയ്യപ്പെട്ട ആദ്യ മലയാള സിനിമയാണിതെന്ന് കരുതപ്പെടുന്നു. 1952 ല്‍ സത്യന്‍ ആദ്യമായി അഭിനയിച്ച ആത്മസഖി എന്ന പടത്തിലും അവര്‍ നായികയായി. ഈ വിധത്തില്‍ ചരിത്രത്തിനൊപ്പം സഞ്ചരിക്കാന്‍ ഭാഗ്യം ലഭിച്ച അഭിനേത്രി കൂടിയായിരുന്നു അവര്‍.
ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍
1954 ല്‍ പുറത്തിറങ്ങി പി.ഭാസ്‌കരന്‍-രാമു കാര്യാട്ട് ടീം സംവിധാനം ചെയ്ത നീലക്കുയില്‍ മികച്ച മലയാള സിനിമയ്ക്കുളള ദേശീയ പുരസ്‌കാരത്തിന് അര്‍ഹമായി. ഈ സിനിമയിലും കുമാരിയായിരുന്നു നായിക. ഈ ചിത്രത്തിലെ അവരുടെ പ്രകടനം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. സത്യനായിരുന്നു നായകന്‍. ഈ വര്‍ഷം തന്നെ പ്രേംനസീറിനൊപ്പം ജോടി ചേര്‍ന്ന അവകാശികളും പുറത്തിറങ്ങി. 1955 ല്‍ അഞ്ച് സിനിമകളില്‍ നായികയായി. ഹരിശ്ചന്ദ്ര എന്ന പുരാണചിത്രത്തിലും ഈ കാലയളവില്‍ തിളങ്ങി. ഇതോടെ അവരുടെ താരമൂല്യം കുതിച്ചുയര്‍ന്നു. സമകാലികരായ നായികമാര്‍ക്ക് സ്വപ്നം കാണാനാവാത്ത ഉയരങ്ങളിലെത്തിയ കുമാരിയെ കാണാനായി മാത്രം നായകന്‍ ആരെന്നത് പരിഗണിക്കാതെ സിനിമാ പ്രേമികള്‍ തീയറ്ററുകളിലേക്ക് ഇരച്ചെത്തി.
മുട്ടത്തു വര്‍ക്കിയുടെ പ്രസിദ്ധമായ പാടാത്ത പൈങ്കിളിയില്‍ സമ്പന്നനായ തങ്കച്ചനെ സ്‌നേഹിക്കുന്ന ലൂസി എന്ന നിര്‍ദ്ധന യുവതിയെയും അവര്‍ അനശ്വരമാക്കി. 1958ല്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന മറിയക്കുട്ടി എന്ന ടൈറ്റില്‍ റോളിലും സമാനതകളില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്. തകഴിയുടെ പ്രസിദ്ധമായ രണ്ടിടങ്ങഴിയില്‍ അവര്‍ അനശ്വര നടന്‍ പി.ജെ. ആന്റണിയുടെ നായികയായി. 1961 ല്‍ മുടിയനായ പുത്രന്‍ എന്ന പടത്തില്‍ സത്യനൊപ്പം ചെല്ലമ്മ എന്ന കരുത്തുറ്റ കഥാപാത്രത്തെ ഉജ്ജ്വലമായി അവതരിപ്പിച്ചു.
62ല്‍ ശ്രീരാമപട്ടാഭിഷേകത്തില്‍ കൈകേയിയുടെ വേഷവും മികവുറ്റതാക്കി. സ്‌നാപകയോഹന്നാന്‍ എന്ന സിനിമ പൂര്‍ത്തിയാക്കിയ ശേഷം 1963 ഫെബ്രുവരി 7ന് അവര്‍ വിവാഹിതയായി. എഫ്എസിടിയില്‍ എന്‍ജിനീയറായ ഹോര്‍മിസ് തളിയത്തായിരുന്നു വരന്‍. മിസ്. കുമാരി അങ്ങനെ മിസിസ്. കുമാരിയായെന്ന് മാത്രമല്ല ത്രേസ്യാമ്മ തോമസ് എന്ന പഴയ പേരിലേക്ക് മടങ്ങി പോവുകയും ചെയ്തു.
വിവാഹത്തിന് മുന്‍പ് അഭിനയിച്ച് പൂര്‍ത്തിയാക്കിയ സുശീല എന്ന പടം റിലീസ് ചെയ്തത് വിവാഹിതയായ ശേഷമാണ്. വിവാഹസമയത്ത് താന്‍ അഭിനയം അവസാനിപ്പിക്കുന്നുവെന്നോ തുടരുമെന്നോ ഒന്നും അവര്‍ പറഞ്ഞിരുന്നില്ല. ഹോര്‍മിസിന്റെ ഭാര്യാപദത്തിലെത്തിയ അവര്‍ ഇനി അഭിനയിക്കില്ലെന്ന് തന്നെ മാധ്യമങ്ങളും സിനിമാ പ്രവര്‍ത്തകരും കരുതി. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് 4 വര്‍ഷങ്ങള്‍ക്ക് ശേഷം അരക്കില്ലം എന്ന സിനിമയിലൂടെ അവര്‍ തിരിച്ചെത്തി. ആ പടം വന്‍പരാജയം ഏറ്റുവാങ്ങി. ഇത് കുമാരിയെ മാനസികമായി മുറിവേല്‍പ്പിച്ചു. വിവാഹിതയായ കുമാരിയെ പഴയ മിസ്.കുമാരിയായി കാണാന്‍ ആളുകള്‍ക്ക് കഴിയുന്നില്ല എന്ന തോന്നല്‍ അവരെ അലട്ടി. പിന്നീടും പല അവസരങ്ങള്‍ വന്നെങ്കിലും ഒന്നും ഏറ്റെടുക്കാന്‍ അവര്‍ തയാറായില്ല. 1969 ജുണ്‍ 9ന് അവര്‍ സ്വന്തം ജീവിതത്തിന് സ്വയം തിരശ്ശീലയിട്ടു.
എന്തിന് ജീവിതം അവസാനിപ്പിച്ചു?
ആത്മഹത്യയെങ്കില്‍ അതിന് രണ്ട് കാരണങ്ങളാണ് പൊതുവെ പറഞ്ഞു കേള്‍ക്കുന്നത്. ഒന്ന് കഠിനമായ ഉദരരോഗം മൂലം വേദന സഹിക്കാന്‍ കെല്‍പ്പില്ലാതെ അവര്‍ സ്വയം അവസാനിപ്പിച്ചു പോലും. ഇത് വളരെ ബാലിശമായ വാദമായി കാണുന്നവരുമുണ്ട്. ആധുനിക വൈദ്യശാസ്ത്രം ഇത്രയും വികസിച്ചു കഴിഞ്ഞ കാലത്ത് ഏത് തരം വേദനയ്ക്കും- അര്‍ബുദ ബാധയടക്കം- ചികിത്സകള്‍ ഉണ്ടെന്നിരിക്കെ ലോകം കണ്ട ഇത്രയേറെ അനുഭവസമ്പത്തുളള അവര്‍ ജീവിതം വേണ്ടെന്നു വയ്ക്കുമോ?
മറ്റൊന്ന് വൈകാരികമായ അസന്തുലിതാവസ്ഥയുളള ഒരു സ്ത്രീയായി അവരെ ഒരു ഘട്ടത്തിലും ആരും കണ്ടിട്ടില്ല. സാമ്പത്തിക പ്രശ്‌നങ്ങളോ കുടുംബവഴക്കുകള്‍ പോലുളള പ്രശ്‌നങ്ങളോ അലട്ടിയിരുന്നതായും അറിവില്ല. പിന്നെ എന്തിന് അവര്‍ ജീവിതം അവസാനിപ്പിച്ചു എന്ന ചോദ്യത്തിന് മുന്നില്‍ എല്ലാവരും നിശ്ശബ്ദരാവുന്നു.എന്നാല്‍ തന്റെ മകള്‍ക്ക് അങ്ങനെ ഒടുങ്ങേണ്ട ഒരു കാരണവും ഇല്ലായെന്ന് കുമാരിയൂടെ പിതാവ് തോമസ് ഏറെക്കാലം വാദിച്ചിരുന്നു. അവളുടെ മരണത്തിന് പിന്നില്‍ ആരുടെയോ കറുത്ത കരങ്ങളുണ്ടെന്നും അദ്ദേഹം തുറന്നടിച്ചു. പക്ഷേ ആരുടെ? അല്ലെങ്കില്‍ എന്തിന്? എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ അദ്ദേഹത്തിനും സാധിച്ചില്ല. കേവല സംശയത്തിന്റെയും ഊഹാപോഹങ്ങളുടെയും അടിസ്ഥാനത്തില്‍ ചില പേരുകള്‍ ഉയര്‍ന്നു വന്നെങ്കിലും അതിനൊന്നും സ്ഥിരീകരണമുണ്ടായില്ല.
ഒരു വര്‍ഷത്തിന് ശേഷം റീ പോസ്റ്റുമോര്‍ട്ടത്തിനായി പുറത്തെടുത്ത മൃതദേഹം അഴുകിയിരുന്നില്ല എന്നതിന് പിന്നിലെ കാരണങ്ങള്‍ സവിസ്തരം പ്രതിപാദിക്കുന്ന ഒരു ലേഖനം ഫോറന്‍സിക് സര്‍ജനായിരുന്ന ഡോ.ഉമാദത്തന്റെ ഒരു പൊലീസ് സര്‍ജന്റെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തിലുണ്ട്. അതുകൊണ്ടൊന്നും കേസ് തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞില്ല. മതിയായ തെളിവുകളുടെ അഭാവം തന്നെ കാരണം. കുമാരി മരിക്കുമ്പോള്‍ അവരുടെ മൂത്ത മകന് പ്രായം 5 വയസ്സ്, ഇളയ മക്കള്‍ക്ക് യഥാക്രമം 4 വയസ്സും 3 വയസ്സും മാത്രം..കുമാരിയുടെ മരണശേഷം മക്കളെ വളര്‍ത്തിയത് വല്യമ്മച്ചി ഏലിക്കുട്ടിയാണ്.
ഓര്‍മകളിലെ മിസ്.കുമാരി
നല്ലതങ്ക എന്ന സിനിമയില്‍ യേശുദാസിന്റെ പിതാവ് അഗസ്റ്റിന്‍ ജോസഫായിരുന്നു കുമാരിയുടെ നായകന്‍. ആ ചിത്രത്തില്‍ ജീവിതപ്രാരാബ്ധങ്ങള്‍ മൂലം സ്വന്തം കുട്ടികളെ കിണറ്റിലെറിഞ്ഞ് കളയാന്‍ നിര്‍ബന്ധിതയായ ഒരു അമ്മയുടെ വേഷമായിരുന്നു അവര്‍ക്ക്. വര്‍ഷങ്ങള്‍ക്ക് ശേഷം കുമാരി വലിയ നടിയായി തിളങ്ങി നില്‍ക്കുന്ന കാലത്ത് ഒരു പൊതുചടങ്ങില്‍ വച്ച് പരിചയപ്പെടാനായി അടുത്തു വന്ന എന്‍ജിനീയറായ ഒരു ചെറുപ്പക്കാരന്‍ അമ്മേ…എന്ന് വിളിച്ചതു കേട്ട് അവര്‍ നടുങ്ങി. കുമാരിയുടെ മുഖത്തെ വിസ്മയം വായിച്ചെടുത്ത അയാള്‍ തന്നെ അതിന്റെ കാരണവും വെളിപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മൂന്‍പ് നല്ലതങ്കയില്‍ ബാലതാരമായി അഭിനയിച്ച നടനായിരുന്നു അത്. അന്ന് അമ്മ തന്നെ കിണറ്റിലെറിഞ്ഞ കഥയും കൗതുകത്തോടെ ആ യുവാവ് ഓര്‍മിച്ചു. കുമാരിക്ക് നാണവും ഒപ്പം അഭിമാനവും തോന്നിയ ആ നിമിഷത്തെക്കുറിച്ച് പഴയ ഒരു സിനിമാ വാരികയില്‍ പ്രസിദ്ധീകരിച്ച അവരുടെ ആത്മകഥയില്‍ പറയുന്നു.
മിസ്.കുമാരിയുടെ ജീവിതം കേന്ദ്രീകരിച്ച് പില്‍ക്കാലത്ത് ചെമ്പില്‍ ജോണ്‍ എഴുതിയ നോവലും അക്കാലത്ത് ഒരു വാരികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുകയുണ്ടായി. നീലക്കുയില്‍ എന്ന പേരില്‍ നടി സജിതാ മഠത്തില്‍ അവരുടെ ജീവചരിത്രവും വാക്കുകളില്‍ അടയാളപ്പെടുത്തി. മിസ്.കുമാരിയുടെ ഓര്‍മ നിലനിര്‍ത്തുന്നതിനായി അവരുടെ തറവാട് വീടിനോട് ചേര്‍ന്ന് സ്ഥാപിച്ച മിസ്.കുമാരി മിനി സ്‌റ്റേഡിയം പില്‍ക്കാലത്ത് പ്രേംനസീര്‍ ഉദ്ഘാടനം ചെയ്തു. 2019ല്‍ ഭരണങ്ങാനത്ത് അല്‍ഫോന്‍സാമ്മയുടെ പളളിക്ക് മുന്നിലെ റോഡിന് മിസ്.കുമാരി റോഡ് എന്നും നാമകരണം ചെയ്തു.
കുമാരിയുടെ ഓര്‍മ നിലനിര്‍ത്തുന്ന രണ്ടേ രണ്ട് ഘടകങ്ങള്‍ ഇത് മാത്രമാണ്. പിന്നെ അവര്‍ അഭിനയിച്ച ഏതാനും സിനിമകളും…പ്രിയപ്പെട്ടവരുടെ ഓര്‍മകളിലെ കുമാരി കറതീര്‍ന്ന ഭക്തയായിരുന്നു. എല്ലാ ദിവസവും മുടങ്ങാതെ പളളിയില്‍ പോകും.സാരി കൊണ്ട് പാതിമുഖം മറച്ച് ആരെയും ശ്രദ്ധിക്കാതെ ഒറ്റ നടപ്പാണ്. വോയില്‍ സാരിയായിരുന്നു ഉപയോഗിച്ചിരുന്നത്. വളരെ ലളിതമായ ജീവിതം നയിക്കാനും ശ്രദ്ധിച്ചിരുന്നു. ചെരിപ്പ് പോലും ഉപയോഗിച്ചിരുന്നില്ല പലപ്പോഴും. ഒരു സാധാരണക്കാരിയായ സ്ത്രീയെ പോലെ ജീവിക്കാന്‍ അവര്‍ എന്നും ശ്രദ്ധിച്ചിരുന്നു. അതായിരുന്നു അവരുടെ പ്രകൃതം. ലാളിത്യം കുമാരിയുടെ ബാഹ്യാവരണങ്ങളില്‍ മാത്രമായിരുന്നില്ല. സിനിമയില്‍ കത്തിനില്‍ക്കുന്ന കാലത്തും അവരിലെ യഥാർഥ കലാകാരി നാടകങ്ങളില്‍ അഭിനയിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. വന്‍പ്രതിഫലം ലഭിക്കാവുന്ന സമയം മാറ്റിവച്ചാണ് ഈ നാടകപ്രേമം എന്നോര്‍ക്കണം.
നീലക്കുയിലിലെ കഥാപാത്രത്തിനായി സംവിധായകര്‍ അക്കാലത്തെ പല പ്രമുഖ നായികമാരെ സമീപിച്ചെങ്കിലും നീലി എന്ന ദലിത് യുവതിയായി അഭിനയിക്കാന്‍ ആരൂം തയ്യാറായില്ല. കാഴ്ചയില്‍ തീരെ ദളിത് ലുക്കില്ലാത്ത മിസ്.കുമാരിയെ ഒടുവിലാണ് സമീപിക്കുന്നത്. കഥാപാത്രത്തെക്കുറിച്ച് കേട്ട മാത്രയില്‍ തന്നെ അവര്‍ സമ്മതം മൂളി. സിനിമ ചരിത്രവിജയമാകുകയും ചെയ്തു. നടീനടന്‍മാര്‍ അമിതാഭിനയവും അതിഭാവുകത്വവും മുറുകെ പിടിച്ചിരുന്ന ഒരു കാലത്ത് സ്വാഭാവിക അഭിനയം മലയാളിയെ കാണിച്ചുകൊടുത്ത ആദ്യത്തെ നടി എന്ന നിലയില്‍ ചരിത്രം അവരെ ഇന്നും ആദരപൂര്‍വം ഓര്‍മിക്കുന്നു.
Source link