പറവൂർ: സ്വകാര്യ ധനകാര്യ സ്ഥാപനം വീട് ജപ്തി ചെയ്തതോടെ പെരുവഴിയിലായ വീട്ടമ്മയുടെയും കുടുംബത്തിന്റെയും കടബാദ്ധ്യത ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി ഏറ്റെടുത്തു. പറവൂർ വടക്കേക്കര കണ്ണെഴത്ത് വീട്ടിൽ സന്ധ്യയും രണ്ട് മക്കളുമാണ് ജപ്തിനടപടി നേരിട്ടത്.
സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ അടയ്‌ക്കേണ്ട 8.25 ലക്ഷം രൂപ ഇന്ന് ലുലു ഗ്രൂപ്പ് ചെക്കായി നൽകും. ലുലു അധികൃതർ സന്ധ്യയുടെ വീട്ടിലെത്തി കുടുംബത്തിന് സഹായമായി പത്ത് ലക്ഷം രൂപയും നൽകി. ജപ്തി ചെയ്ത വീടിന് മുന്നിൽ എന്ത് ചെയ്യണമെന്നറിയാതെ കഴിയുമ്പോഴായിരുന്നു ആശ്വാസ വാർത്ത എത്തിയത്.
ലൈഫ് പദ്ധതിയിൽ അനുവദിച്ച വീടിന്റെ നിർമ്മാണത്തിനായി മൂന്നംഗ കുടുംബം 2019ലാണ് നാല് ലക്ഷം രൂപ വായ്പയെടുത്തത്.
രണ്ടു വർഷം മുൻപ് ഭർത്താവ് ഉപേക്ഷിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇവർ വീട്ടിൽ ഇല്ലാത്തിരുന്നപ്പോഴാണ് ജപ്തി നടന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. വീട്ടിലെസാധനങ്ങൾ പോലും എടുക്കാൻ കഴിഞ്ഞില്ല. വാർത്ത പുറത്ത് വന്നതിന് പിന്നാലെ വീട്ടിലെ സാധനങ്ങൾ എടുക്കാൻ അനുവദിക്കാമെന്ന് ധനകാര്യ സ്ഥാപനം അറിയിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കുടുംബത്തെ ഫോണിൽ വിളിച്ച് എല്ലാ സഹായവും ഉറപ്പ് നൽകി.
Source link